പ്രതിരോധ സംവിധാനത്തെ നശിപ്പിക്കുന്ന ഈ ഭക്ഷണങ്ങൾ ഇനി ഉപേക്ഷിച്ചോളൂ

പ്രതിരോധ ശേഷിയെ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചാണ് കോവിഡ് കാലത്തെ ചര്‍ച്ചകളൊക്കെയും. നെല്ലിക്കയും നാരങ്ങയും അടക്കം അതിനു സഹായിക്കുന്ന ഭക്ഷണവിഭവങ്ങള്‍ക്ക് പിന്നാലെയാണ് ലോകം. എന്നാല്‍ നമ്മുടെ പ്രതിരോധ സംവിധാനത്തിന് കോട്ടം തട്ടിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഉയര്‍ന്ന ഫ്രക്‌റ്റോസ് ഷുഗര്‍ അടങ്ങിയ ഭക്ഷണം സ്ഥിരമാക്കുന്നത് നമ്മുടെ പ്രതിരോധ സംവിധാനത്തിന്റെ ശേഷി നശിപ്പിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. 

മധുര പാനീയങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം, മധുര പലഹാരം എന്നിവയെല്ലാം ഉയര്‍ന്ന ഫ്രക്‌റ്റോസ്ഉള്ള ഭക്ഷണ വിഭവങ്ങളാണ്. ഭക്ഷ്യ ഉത്പാദനത്തിനും ഫ്രക്‌റ്റോസ് വ്യാപകമായി ഉപയോഗിക്കാറുണ്ട്. ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നിവയുമായും ഉയര്‍ന്ന ഫ്രക്‌റ്റോസ് ഷുഗര്‍ ബന്ധപ്പെട്ടിരിക്കുന്നു. 

പ്രതിരോധ സംവിധാനത്തിന് തകരാറുണ്ടാക്കാന്‍ ഫ്രക്‌റ്റോസിന് സാധിക്കുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. യുകെയിലെ സ്വാന്‍സിയ യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. 

ഭക്ഷണക്രമത്തിന്റെ വിവിധ ഘടകങ്ങളെ സംബന്ധിച്ച ഗവേഷണം പ്രതിരോധ സംവിധാനത്തിന്റെ താളംതെറ്റലിലേക്കും വിവിധ രോഗങ്ങളിലേക്കും നയിക്കുന്ന ഭക്ഷണവിഭവങ്ങള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിയാന്‍ സഹായിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സ്വാന്‍സിയ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളിലെ ഡോ. നിക് ജോണ്‍സ് പറയുന്നു. കോവിഡ് കാലത്ത് നമ്മുടെ ഭക്ഷണശീലത്തെ കുറിച്ചുള്ള പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നതാണ് പഠനം.

error: Content is protected !!