ബി.ജെ.പി. തൊട്ടുകൂടാത്ത പാർട്ടിയല്ലെന്ന് കർദിനാൾമാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാർദപരമായിരുന്നെന്നും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തോലിക്കാ സഭാധ്യക്ഷന്മാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി. തൊട്ടുകൂടാത്ത പാർട്ടിയല്ലെന്നും ഏതെങ്കിലും പാർട്ടിയെ തൊട്ടുകൂടാത്തതായി കണക്കാക്കിയാൽ ക്രൈസ്തവ സഭകളുടെ അടിസ്ഥാന പ്രമാണത്തിൽനിന്നുള്ള മാറ്റമായിരിക്കും അതെന്നും അവർ പറഞ്ഞു.
സൗഹാർദപരമായി മുന്നോട്ടുപോകാൻ സഹായിക്കുന്ന ക്രിയാത്മക ചർച്ചകളാണ് നടന്നതെന്നും സഭാധ്യക്ഷൻമാർ വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 152 കോടി രൂപയുടെ പ്രവർത്തനങ്ങൾ സഭ നടത്തിയതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചതായി ഇവർ അറിയിച്ചു. കർദിനാൾമാരായ ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ജോർജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.
മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുൻകൈയെടുത്താണ് സഭാധ്യക്ഷന്മാരും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്.