റംബുട്ടാൻ കാനിംഗ് ചെയ്താൽ വില മൂന്നിരട്ടി .. എങ്ങനെയാണ് ചെയ്‌യേണ്ടത് ?

റംബുട്ടാന് വില താഴുമോ? വൈകി പൂവിട്ടാൽ വാങ്ങാൻ ആളില്ലാതെ വരുമോ? തിരിവ് കായ്‌കൾ എന്തു ചെയ്യും? റംബുട്ടാൻകൃഷിയിൽ മുതൽ മുടക്കിയവർക്കും മുടക്കാൻ ആഗ്രഹിക്കുന്നവർക്കും ആശങ്കകൾ തീരുന്നില്ല. ഇന്ത്യ മുഴുവൻ ഈ പഴം നൽകാൻ മലയാളി മാത്രമേയുള്ളു. എങ്കിലും വിദൂര നഗരങ്ങളിലും മറ്റും വിപണനം ചെയ്യാൻ എല്ലാവർക്കും ആത്മവിശ്വാസമുണ്ടാവണമെന്നില്ല. ഈ സാഹചര്യത്തിൽ ചക്കയും വാഴപ്പഴവുമൊക്കെ മൂല്യവർധന നടത്തുന്നതുപോലെ റംബുട്ടാനും സംസ്‌കരിച്ച് സൂക്ഷിപ്പുകാലം കൂട്ടാൻ കഴിഞ്ഞിരുന്നെങ്കിൽ വലിയ ആശ്വാസമായേനെ. എങ്കിൽ കയറ്റുമതിയും ഓഫ് സീസൺ വിൽപന യുമൊക്കെയായി വലിയ നേട്ടമുണ്ടാക്കാമായിരുന്നു. നിർഭാഗ്യവശാൽ ഇതുവരെ റംബുട്ടാന്റെ മൂല്യവർധന കേരളത്തിൽ സാധ്യമായിരുന്നില്ല. എന്നാൽ, ഈ ആശങ്കകൾക്കു പരിഹാരം ഒരു കർഷകൻതന്നെ കണ്ടെത്തിയിരിക്കുന്നു. റംബുട്ടാൻ പഴങ്ങൾക്ക് ഒന്നര വർഷത്തിലേറെ സൂക്ഷിപ്പുകാലം നൽകാമെന്നു കാണിച്ചുതരുന്നു. ചാലക്കുടി മോതിരക്കണ്ണിയിലെ ഫ്രൂട്ട് ഫുഡ് ഫാം ഉടമ അഡ്വ. ബാബു ജോസഫ് പൈനാടത്ത് ആണ് മറ്റു ഫലവർഗങ്ങളിലെന്നപോലെ കാനിങ്ങിലൂടെ റംബുട്ടാന്റെയും സൂക്ഷിപ്പുകാലം കൂട്ടാമെന്നു തെളിയിച്ചത്.

“ഇക്കഴിഞ്ഞ സീസണിൽ ഞാൻ വാഴക്കുളത്തെ ഒരു സംസ്കരണശാലയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി 200 കിലോ റംബുട്ടാൻ സംസ്‌കരിച്ചു. സംസ്ക്‌കരിച്ച റംബുട്ടാൻ പഴങ്ങൾ 6 മാസത്തിനു ശേഷവും നിലവാരം ചോരാതെയിരിക്കുന്നു.” ബാബു ജോസഫ് പറയുന്നു. ഇവ മുഴുവൻ സുഹൃത്തുക്കൾക്കും കയറ്റുമതിക്കാർക്കും സാംപിളായി നൽകി. ഇറക്കുമതി ചെയ്ത കാൻഡ് റംബുട്ടാനോടു കിടപിടിക്കുന്നതാണ് തൻ്റെ ഉൽപന്നമെന്നു ബാബു പറയുന്നു. അതുകൊണ്ടുതന്നെ വിപണിയിൽ അവയോട് മത്സരിക്കാനാവും.

നേരിയ തോതിൽ പഞ്ചസാരലായനിയല്ലാതെ മറ്റു സംരക്ഷകങ്ങളൊന്നും കാനിങ്ങിൽ ഉപയോഗിക്കുന്നില്ലെന്ന് ബാബു പറയുന്നു. മറ്റു പഴങ്ങളുടെ കാനിങ്ങിൽനിന്ന് അൽപം വ്യത്യാസമുള്ളതാണ് റംബുട്ടാൻ്റെ സംസ്‌കരണം. സംസ്കരണപ്രക്രിയ പൂർത്തിയാക്കിയ പഴങ്ങൾ കുറച്ചുകൂടി മൃദുവാകുന്നുണ്ട്. ഏകദേശം 90 ഡിഗ്രി സെൽഷ്യസിൽ ആവിയിലൂടെ കടത്തി അണുവിമുക്‌തമാക്കുന്നതു കൊണ്ടാണിത്. സാധാരണ റംബുട്ടാൻ തോടു പൊളിച്ചു കഴിക്കുന്നതിലും വേഗം കാനിങ് നടത്തിയ റംബുട്ടാൻ നാവിൽ അലിയും. നല്ല മധുരവുമുണ്ട്. പുറംതോട് നീക്കി, കുരു കളയാതെയാണ് കാനിങ് നടത്തിയത്. കുരുനീക്കിയും കാനിങ് നടത്താനാകുമെന്ന് ബാബു പറഞ്ഞു. കാനിങ് നടത്തിയ പഴങ്ങൾ ഒരു ലീറ്റർ ടിന്നുകളിലാണ് പായ്ക്ക് ചെയ്ത‌് സൂക്ഷിച്ചിരിക്കുന്നത്. ടിന്നിലടച്ചു സൂക്ഷിക്കുന്നതിനാൽ ഇവ ചെറുവാഹനങ്ങളിൽപോലും കയറ്റി അയയ്ക്കാം.

ഒരു ടിന്നിൽ 900 ഗ്രാം പഴങ്ങളാണുള്ളത്. 2 കിലോ റംബുട്ടാൻ പഴങ്ങളിൽ നിന്നാണ് ഒരു ടിന്നിലേക്കു വേണ്ട കാമ്പ് ലഭിക്കുക. ഒരു ടിൻ റംബുട്ടാന്റെ സംസ്‌കരണപ്രക്രിയയ്ക്കു മാത്രം 160 രൂപ ചെലവ് വന്നു. വാണിജ്യാടിസ്‌ഥാനത്തിൽ സംസ്ക്‌കരണം നടത്തുമ്പോൾ ചെലവ് 150 രൂപ ആയേക്കും. കിലോയ്ക്ക് 175 രൂപ നിരക്കിൽ 2 കിലോ പഴങ്ങളുടെ വില കൂടി കണക്കിലെടുത്താൽ ഒരു ടിന്നിന്റെ ആകെ ഉൽപാദനച്ചെലവ് 500 രൂപയാണ്. ഇത്രയധികം ചെലവുണ്ടെങ്കിലും കാനിങ് ആദായകരമാകുമെന്നതിൽ ബാബുവിന് ആശങ്കയില്ല. ഇറക്കുമതി ചെയ്‌ത കാൻഡ് റംബുട്ടാൻ കിലോയ്ക്ക് 3000 രൂപ നിരക്കിൽ ഇവിടെ വിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത വർഷം 1000 രൂപ നിരക്കിൽ കാൻഡ് റംബുട്ടാൻ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഒരു ലക്ഷം കാനുകളാണ് ലക്ഷ്യം. ബാബു ചെയർമാനായ കേരള റംബുട്ടാൻ ആൻഡ് മാങ്കോസ്റ്റ‌ിൻ ഫാർമേഴ്സ‌് അസോസിയേഷന്റെ അംഗങ്ങളിൽനിന്ന് ഇതിനാവശ്യമായ 2 ലക്ഷം കിലോ റംബുട്ടാൻ സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഉയർന്ന വില നേടാൻ മാത്രമല്ല, വലുപ്പം കുറഞ്ഞ കായ്കൾക്കു വിപണി കണ്ടെത്താനും ഈ രീതി ഉപകരിക്കുമെന്ന് ഹൈക്കോടതി അഭിഭാഷകനായ ബാബു ചൂണ്ടിക്കാട്ടുന്നു. ടൂറിസം കേന്ദ്രങ്ങളിലും മറ്റും വർഷം മുഴുവൻ ഞം റംബുട്ടാൻ ലഭ്യമാക്കാനും കഴിയും. സ്വന്തം -വഷകരെയോ ഉദ്യോഗസ്‌ഥരെയോ കാത്തിരിക്കാതെ മുന്നിട്ടിറങ്ങണമെന്നു തിരിച്ചറിയുന്ന ഇത്തരം കർഷകരാണ് കാലഘട്ടത്തിന്റെ ആവശ്യം. ഫോൺ: 9947364727

റബുട്ടാന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലർക്കും വലിയ ധാരണയില്ലെന്നാണ് സത്യം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാനും രക്തയോട്ടം വർധിപ്പിക്കാനും വളരെ നല്ലതാണ്. വിറ്റാമിൻ സിയുടെ കലവറയാണിത്. ബാക്ടീരിയകളെ അകറ്റാനും ഇവയ്ക്ക് കഴിവുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ ബി9, ഫോളേറ്റ്, കാത്സ്യം, അയേൺ, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, കോപ്പർ, മറ്റ് ആന്റി ഓക്സിഡൻ്റുകൾ തുടങ്ങിയവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും റംബുട്ടാൻ കഴിക്കുന്നത് നല്ലതാണ്.ചർമ്മസംരക്ഷണത്തിലും ഇതിന് പങ്കുണ്ട്. നിർജലീകരണം തടയാനും ശരീരത്തിൽനിന്നു വിഷാംശങ്ങൾ നീക്കം ചെയ്യാനും ഇതു സഹായിക്കും. ആൻ്റി ഓക്‌സിഡൻ്റുകൾ ധാരാളം ഇവയിലുള്ളതിനാൽ ചർമ്മത്തിലെ ചുളിവുകളെ ഇല്ലാതാക്കി തിളക്കം പ്രദാനം ചെയ്യും.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഡയറ്റിൽ ഉൾപ്പെടുത്താൻ കഴിയുന്ന പഴമാണ്. ശരീരത്തിലടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ ഇവ പ്രയോജനപ്പെടും. പൊട്ടാസ്യം ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുമ്പോൾ വേഗം വയറ് നിറഞ്ഞതായി തോന്നിക്കും. തന്മൂലം വിശപ്പ് കുറയുകയും അധികം ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.

എപ്പോളും ക്ഷീണവും തളർച്ചയും അനുഭവിക്കുന്നവർ റബുട്ടാൻ കഴിക്കുന്നത് ഊർജം പകരും. അനീമിയ വരാതിരിക്കാനും റബൂട്ടാൻ കഴിക്കുന്നത് ഗുണം ചെയ്യും.

ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനപ്രശ്‌നങ്ങൾക്കും പരിഹാരമാണ്.

error: Content is protected !!