അവന്റെ വീട് പോലും പണയത്തിലാണ്, നഷ്‌വയെ സംരക്ഷിക്കണം: നൗഷാദിനെ അനുസ്മരിച്ച് ബ്ലെസി

ഒരുമിച്ചൊരു ‘കാഴ്ച’യിലൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ചവരാണ് സംവിധായകൻ ബ്ലെസ്സിയും നിർമാതാവും പാചകവിദഗ്ധനുമായിരുന്ന നൗഷാദും.  പക്ഷേ കാഴ്ചയ്ക്കും വളരെ മുൻപുതന്നെ ഒരുമിച്ച് കളിച്ച്, സ്വപ്‌നങ്ങൾ പങ്കുവച്ച് തോളോട് തോളുരുമ്മി വളർന്നവരാണവർ.  അപ്പന്റെ ബിരിയാണി മണം നുകർന്ന്  ലയണൽ റിച്ചിയുടെ ഹലോയ്ക്ക് താളംപിടിച്ച് രാത്രി വൈകിയാലും തീരാത്ത ചർച്ചകൾ ചെയ്തിരുന്ന അവരുടെ യൗവ്വനകാലം.  ഒടുവിൽ ഒരു യാത്രാമൊഴി ചൊല്ലി ആ അതികായൻ വിട ചൊല്ലുമ്പോൾ പറയാൻ കഥകളിനിയും ബ്ലെസ്സിക്ക് ബാക്കിയാണ്.  പ്രിയ കൂട്ടുകാരന്റെ വിയോഗത്തെപ്പറ്റി സംവിധായകൻ മനസ്സ് തുറക്കുന്നു….      

‘എഴുപതുകളിൽ തിരുവല്ലയിൽ വളരെ പ്രശസ്തമായിരുന്ന നൗഷാദ് ഹോട്ടലിന്റെ ഉടമയായിരുന്നു നൗഷാദിന്റെ  ബാപ്പ.  പൊറോട്ടയും മട്ടൻ ചാപ്സും ഒക്കെ മധ്യതിരുവിതാംകൂറിൽ പ്രചാരത്തിലായത് അദ്ദേഹത്തിന്റെ ഹോട്ടലിലൂടെയാണ്. കല്യാണങ്ങൾക്ക് ബിരിയാണി വിളമ്പുന്ന സംസ്കാരമൊക്കെ വന്നതും അദ്ദേഹത്തിലൂടെയാണ്.  മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് ബിരിയാണി മണം എത്തിയതും അപ്പോഴായിരുന്നു.’  

‘നൗഷാദിന്റെ ബാപ്പയും ഉമ്മയുമൊക്കെ നല്ല തടിയുള്ളവരായിരുന്നു.  അഞ്ചാം ക്ലാസ്സിൽ ഞാൻ കണ്ടുമുട്ടുമ്പോഴേ നൗഷാദ് തടിച്ച ഒരു കുട്ടിയായിരുന്നു.  അവൻ ഒരു മന്തനായ കുട്ടിയാണ് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്.  പലരും അവനെ കളിയാക്കുമായിരുന്നു.  പക്ഷേ എട്ടാംക്ലാസ്സ് എത്തിയപ്പോൾ എനിക്ക് അവനെ നന്നായി മനസ്സിലായി തുടങ്ങി.  വൈകുന്നേരങ്ങളിൽ ഹോട്ടലിൽ കറിക്കരിയാനും മറ്റും നൗഷാദും കൂടും.  അതിനു ശേഷം അവൻ എന്റെ അടുത്ത് വന്നിരിക്കും. ജോലി ചെയ്യാനുള്ള ഉത്സാഹം അന്നുതൊട്ടേ ഉണ്ടായിരുന്നു.  കണക്കിനും നല്ല മിടുക്കനായിരുന്നു.  ഒരുപാടു വായിക്കും, പൊതുകാര്യങ്ങളെപ്പറ്റി സാധാരണ കുട്ടികളെക്കാൾ അറിവുണ്ടായിരുന്നു.’

naushad-file-pic

‘കോളജിൽ എത്തിയപ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി.  അവനെ കളിയാക്കുന്നവരുടെ മുന്നിൽ ഞാൻ ഒരു ഗാർഡിയനായി നിന്നു.  ആ സമയത്ത് അവൻ ഫുഡ് ഫെസ്റ്റിവൽ നടത്തുമായിരുന്നു അപ്പോൾ ഞാനും അതിൽ കൂടും.  ഞങ്ങൾ ഒരുമിച്ച് ഒരുപാടു യാത്ര ചെയ്തു.  ആ കാലത്തെ  ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടായിരുന്നു ലയണൽ റിച്ചിയുടെ “ഹലോ”.  ഹലോയ്ക്ക് ഗ്രാമി അവാർഡ് ലഭിച്ചപ്പോൾ ഞങ്ങൾ അത് ആഘോഷിച്ചു.  പങ്കജ്‌ ഉദാസിന്റെ ഗസലുകൾ, എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകളുമൊക്കെ അവന് വളരെ ഇഷ്ടമായിരുന്നു.’ 

‘വളരെ ചെറിയപ്രായത്തിൽ തന്നെ ഒരുപാടുകാര്യങ്ങളെക്കുറിച്ച് അറിവുള്ള ആളായിരുന്നു നൗഷാദ്.  രാത്രികാല ചർച്ചകളിൽ എന്റെ കഥകളും സിനിമാ സ്വപ്നങ്ങളുമൊക്കെ ഞങ്ങൾ പങ്കുവച്ചിരുന്നു.  ഹലോ എന്ന പാട്ടിന്റെ തീം ഉൾപ്പെടുത്തി ഒരു സിനിമ ചെയ്യുന്നതിനെപ്പറ്റി ഞങ്ങൾ ചർച്ച ചെയ്തു.  ആ സമയത്ത് ഞങ്ങൾ ഒരുമിച്ച് മദ്രാസിലേക്ക് പോയി.  നൗഷാദിന്റെ മാതാപിതാക്കൾ എല്ലാത്തിനും പിന്തുണ കൊടുത്തിരുന്നു. അങ്ങനെ ഞങ്ങളിലിരുവരിലും സിനിമ സ്വപ്നം വളർന്നു. സിനിമ ചെയ്യുന്നത് എളുപ്പപണി അല്ല എന്ന് പറഞ്ഞു ഒരുപാടുപേർ ഞങ്ങളെ നിരുത്സാഹപ്പെടുത്തി.’

‘നൗഷാദ് സിനിമ നിർമിക്കുന്ന കാര്യം പറയുമ്പോൾ ഞാൻ നിരുത്സാഹപ്പെടുത്തും. കാരണം അവന് അബദ്ധം പറ്റാൻ പാടില്ല എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അത്രയധികം ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു.  അതിനിടയിൽ സേവിയും നൗഷാദും ചേർന്ന് തിരുവനന്തപുരത്ത് ഒരു ഹോട്ടൽ തുടങ്ങി.  അതിന്റെ ഡിസൈനും ഇന്റീരിയറും ഒക്കെ ഞാനാണ് ചെയ്തത്.  ആ സമയത്താണ് ഞാൻ കാഴ്ചയുടെ കഥ പറഞ്ഞതും അവർക്ക് രണ്ടുപേർക്കും ഇഷ്ടമായി ചെയ്യാം എന്ന് തീരുമാനിച്ചതും. അവന്റെ ചെറുപ്പം മുതലുള്ള പല കാര്യങ്ങളിലും ഞാനും ഭാഗഭാക്കായിരുന്നു.  ഓർത്താൽ തീരാത്തത്രയും അനുഭവങ്ങളുണ്ട് ഞങ്ങൾക്കിടയിൽ.  നല്ല സിനിമകൾ കാണുകയും പാട്ട് ആസ്വദിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു നൗഷാദ്.  നല്ല സഹൃദയനും കാല്പനികനും ആയിരുന്നു.   കാഴ്ച റിലീസ് ചെയ്തിട്ട് പതിനേഴ് വർഷങ്ങൾ പൂർത്തിയായ ദിവസമാണ് നമുക്ക് അവനെ നഷ്ടമായത്’.

‘ഒന്നര വർഷത്തിന് മുൻപ് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നൗഷാദ് വിധേയനായിരുന്നു.  അത് വെല്ലൂർ ഹോസ്പിറ്റലിൽ ആയിരുന്നു ചെയ്തത്.  ആ ഓപ്പറേഷന്റെ ഭാഗമായി അവന്റെ കാലിൽ രക്തം കട്ടപിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായി.  അതേ രീതിയിലാണ് സംവിധായകൻ സച്ചിക്ക് ഇടുപ്പ് മാറ്റി വച്ചത്തിനു ശേഷം രക്തം കട്ടപിടിച്ചത്.  സച്ചിക്ക് തലയിൽ ആയിരുന്നു ക്ലോട്ട്.  നൗഷാദ് എന്നോട് പറഞ്ഞത് കാലിൽ ആയതുകൊണ്ട് ഞാൻ രക്ഷപെട്ടു എന്നാണ്. പക്ഷേ, പിന്നീട് കാലിലോട്ടുള്ള രക്തയോട്ടം കുറഞ്ഞ് കിടപ്പായി.’

‘രണ്ടുമാസം ചികിത്സയ്ക്ക് ശേഷം നടക്കാൻ കഴിഞ്ഞെങ്കിലും പൂർണ ആരോഗ്യം വീണ്ടെടുത്തില്ല.  അതിന്റെ തുടർ ചികിത്സക്ക് വീണ്ടും ആശുപത്രിയിലായി.  അതിനു ശേഷം പതിയെ സുഖപ്പെട്ട നൗഷാദ് ബിസിനസ്സ് പുനരാരംഭിക്കണം എന്നും മറ്റു പലതും ചെയ്യണം എന്നും പറഞ്ഞിരുന്നു.  അതിനെല്ലാം ഞാൻ പിന്തുണ കൊടുത്തു.  പക്ഷേ വളരെപ്പെട്ടെന്ന് തന്നെ കാലിലെ വേദന കൂടി വീണ്ടും ആശുപത്രിയിലായി.  ഇൻഫെക്‌ഷൻ കാലിൽ നിന്നും രക്തത്തിൽ കലർന്ന്  മറ്റു പല അവയവങ്ങളെയും ബാധിച്ചു.  പതിയെ അവന്റെ അവസ്ഥ മെച്ചപ്പെട്ടു വന്നപ്പോഴാണ് ഒരു വ്യാഴാഴ്ച നൗഷാദിന്റെ ഭാര്യ കുഴഞ്ഞു വീണത്.  ആശുപത്രിയിലെത്തിച്ചെങ്കിലും അവരുടെ ജീവൻ രക്ഷിക്കാനായില്ല.  അവരുടെ ഖബറടക്കാൻ പോകുന്ന വഴി ഐസിയുവിൽ ആയിരുന്ന നൗഷാദിനെ ബെഡോടെ ഹാളിൽ കൊണ്ടുവന്ന് ഭാര്യയുടെ ഭൗതിക ശരീരം കാണിച്ചിരുന്നു.  അവൻ പ്രാർത്ഥനയോടെ ഭാര്യ ഷീബയെ യാത്രയാക്കി.  ക്രമേണ അവസ്ഥ മോശമായി അവന്റെ ജീവനും നമുക്ക് നഷ്ടമായി.’

naushad-family

‘അനവധി വർഷങ്ങൾ കാത്തിരുന്ന് ഒരുപാട് ചികിത്സകൾക്കൊടുവിലാണ് നൗഷാദിനും ഭാര്യയ്ക്കും നഷ്‌വ എന്ന പെൺകുഞ്ഞ് ഉണ്ടായത്.  ഒരുവർഷത്തോളം ഷീബ ബെഡ്‌റെസ്റ്റിൽ ആയിരുന്നു. അങ്ങനെ ഉണ്ടായ കുഞ്ഞാണ് ഇപ്പോൾ അനാഥമായത്. വളരെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം അതിഭീകരമായ സാമ്പത്തിക ബാധ്യതയാണ് അവനുള്ളത്‌. താമസിക്കുന്ന വീട് പോലും മറ്റൊരാൾക്ക് പണയപ്പെടുത്തിയിരിക്കുകയാണ്. നൗഷാദിന്റെ ചികിത്സയ്ക്ക് വൻ തുകയാണ് ചെലവായി. കുട്ടിക്ക് താമസിക്കാൻ ഇടവും അവളുടെ സംരക്ഷണവുമാണ് ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കളുടെ ലക്ഷ്യം.’

error: Content is protected !!