എറണാകുളം-അങ്കമാലി അതിരൂപത വിവാദഭൂമി ഇടപാടിൽ ആദായനികുതി വകുപ്പ് 5.89 കോടി രൂപ പിഴ ചുമത്തി. കണക്കിൽപ്പെടാത്ത പണവുമുണ്ടെന്ന് ആദായനികുതി വകുപ്പ്

വിവാദ ഭൂമിയിടപാടിൽ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ആദായനികുതി വകുപ്പ് 5.89 കോടി രൂപ പിഴ ചുമത്തി. ഇടപാടിൽ കണക്കിൽപ്പെടാത്ത പണം ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി. പിഴയിട്ടതിൽ കുറച്ചുഭാഗം അതിരൂപത കെട്ടിവെച്ചിരുന്നു. ഇതിനുപുറമേയാണ് 3.42 കോടി കൂടി പിഴയിട്ടിരിക്കുന്നത്.

രജിസ്റ്റർചെയ്തതിന്റെ ഇരട്ടിവിലയ്ക്കാണ് ഭൂമി വിറ്റതെന്നും കണ്ടെത്തി. കണക്കുകളിൽ അവ്യക്തതയാണെന്നും ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടിലുണ്ട്. ആലുവ മറ്റൂരിലെ 23 ഏക്കറിൽ ആശുപത്രി നിർമിക്കുന്നതിനാണ് 2016-ൽ അതിരൂപത 58 കോടി ബാങ്ക് വായ്പയെടുത്തത്. പദ്ധതി നടന്നില്ല. വായ്പ തിരിച്ചടയ്ക്കുന്നതിനായി കാക്കനാട്, മരട് എന്നിവിടങ്ങളിലെ സഭാഭൂമിയാണ് ആദ്യംവിറ്റത്. എന്നാൽ, കടം തിരിച്ചടയ്ക്കാതെ കോട്ടപ്പടി, മൂന്നാർ എന്നിവിടങ്ങളിൽ ഭൂമി വാങ്ങുകയാണ് സഭചെയ്തത്. കൂടിയവിലയ്ക്ക് വിൽക്കുകയെന്ന ഉദ്ദേശ്യത്തിലാണ് വാങ്ങിയതെന്നാണ് കണ്ടെത്തൽ.

ഇതിൽ മൂന്നാർ ദേവികുളത്തെ ഭൂമിയിടപാടിൽ കണക്കിൽപ്പെടാത്ത പണം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. 17 ഏക്കറിന് യഥാർഥമൂല്യം 1.60 കോടിയായിരുന്നു. ഇതിന് രജിസ്‌ട്രേഷൻ തുകയായ 25 ലക്ഷം രൂപമാത്രമാണ് സഭ നൽകിയിരിക്കുന്നത്. ഈ ഇടപാട് മൂന്നുകോടി രൂപയുടേതായിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്.

അതിരൂപതയുടെ അക്കൗണ്ടിൽനിന്നുളള പണം വകമാറ്റിയാണ് ഈ ഇടപാടുകൾ നടത്തിയത്. യഥാർഥവില മറച്ചുവെച്ച് വൻനികുതിവെട്ടിപ്പാണ് നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്.

വസ്തു വാങ്ങിയവരുമായി അതിരൂപതയ്ക്ക് നേരിട്ട് പരിചയമുണ്ടായിട്ടില്ല. ഇടനിലക്കാരനായ സാജുവർഗീസ് മുഖേനയായിരുന്നു ഇടപാടുകൾ. ഇടനിലക്കാരനായ സാജുവർഗീസിനെ കർദിനാൾ ജോർജ് ആലഞ്ചേരി പരിചയപ്പെടുത്തിയതായാണ് ഫിനാൻസ് ഓഫീസറായിരുന്ന ഫാ. ജോഷി പുതുവ മൊഴി നൽകിയിരിക്കുന്നത്‌..

കോട്ടപ്പടി ഭൂമി മറിച്ചുവിൽക്കാൻ ചെന്നൈയിൽ നിന്നുള്ള ഇടപാടുകാരെ കർദിനാൾ നേരിട്ട് കണ്ടെന്നും ഫാ. ജോഷി മൊഴിനൽകിയിട്ടുണ്ട്. ഭൂമിവിൽപ്പന സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് നടന്നതെന്നും റിപ്പോർട്ട് പറയുന്നു.

പിഴയടയ്ക്കാനില്ല, അപ്പീലുമായി അതിരൂപത
: 3.42 കോടി രൂപ പിഴയൊടുക്കണമെന്ന നോട്ടീസിനെതിരേ അപ്പീൽ നൽകി എറണാകുളം അങ്കമാലി അതിരൂപത. സഭയുടെ വിയോജിപ്പ് രേഖപ്പെടുത്തുന്ന വിധത്തിൽ പിഴത്തുക അടയ്ക്കാതെ അപ്പീലിന് പോകാനായി ചട്ടപ്രകാരം പിഴത്തുകയുടെ 25 ശതമാനമായ 75 ലക്ഷം രൂപ അടച്ചിട്ടുണ്ട്. കഴിഞ്ഞവർഷം 2.47 കോടി അടച്ചിരുന്നു, അതോടെ എല്ലാം അവസാനിച്ചുവെന്നാണ് കരുതിയതെന്നും അതിരൂപത പി.ആർ.ഒ. ഫാ. മാത്യു കിലുക്കൻ പറഞ്ഞു. അതിരൂപത നേരിട്ട് ഇത്തരം കുറ്റകൃത്യത്തിൽ പങ്കാളിയല്ലായെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള അപ്പീലാണ് നൽകിയിരിക്കുന്നത്. സാജുവർഗീസ് ഇടനിലക്കാരനായി ചതിച്ചതാണ്. ഭീമമായ തുക അടയ്‌ക്കേണ്ട അവസ്ഥയിലേക്ക് അതിരൂപതയെ എത്തിച്ചവരെ ശിക്ഷിക്കമെന്നാണ് ആവശ്യം.

തുകയെക്കാളേറെ ആദായനികുതിവകുപ്പിന്റെ നോട്ടീസിലെ പരാമർശങ്ങളാണ് അതിരൂപതയെ വലയ്ക്കുന്നത്. ഭൂമിയിടപാടിൽ അടിമുടി പിഴവുകളും തിരിമറികളുമുണ്ടെന്ന് നോട്ടീസിൽ വ്യക്തമാക്കിയിരിക്കെ, പണമടയ്ക്കുന്നതോടെ ഇതൊക്കെ ശരിവെക്കുന്നതുപോലെയാവില്ലേയെന്ന സംശയം വൈദികർ ഉയർത്തുന്നുണ്ട്. തുക തീർത്തടച്ചാലും കോടതിയിൽപ്പോയി പരാമർശങ്ങൾ നീക്കണമെന്നാണ് ഇവരുടെ ആവശ്യം. അപ്പോഴും കുറ്റക്കാർക്കെതിരേ എന്തു നടപടിയെടുത്തുവെന്ന ചോദ്യം നേരിടേണ്ടിവരും.

അതേസമയം, ഭൂമിയിടപാട് നടത്തിയവരും ഗുണഭോക്താക്കളും പിഴയടയ്ക്കട്ടെ അല്ലെങ്കിൽ നിയമനടപടി നേരിടട്ടെ എന്ന നിലപാടിലാണ് അതിരൂപതയിലെ ഭൂരിപക്ഷം വൈദികരും അൽമായ സംഘടനകളും.

ഇടപാടുകൾക്ക് നേതൃത്വംനൽകിയ കർദിനാൾ ആലഞ്ചേരിയെ മുഴുവൻ ചുമതലകളിൽനിന്ന്‌ പുറത്താക്കാൻ സിറോ മലബാർസഭ സിനഡ് വത്തിക്കാനോട് ആവശ്യപ്പെടണമെന്ന് വിശ്വാസികളുടെ കൂട്ടായ്മയായ അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.

error: Content is protected !!