5 കുട്ടികളില്‍ കൂടുതലുള്ളവര്‍ക്കായി പാലാ രൂപതയുടെ പ്രത്യേക പദ്ധതി
പ്രസവചെലവ് വഹിക്കും, മാസം 1500 രൂപ നല്‍കും: 5 കുട്ടികളില്‍ കൂടുതലുള്ളവര്‍ക്കായി പാലാ രൂപതയുടെ പദ്ധതി
കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനെ പ്രോത്സാഹിപ്പിച്ചും അത്തരം കുടുംബങ്ങള്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചും സീറോ മലബാര്‍ സഭയുടെ സഭയുടെ കീഴിലുള്ള പാലാ രൂപത. കുടുംബവര്‍ഷം 2021 ആചരണത്തോട് അനുബന്ധിച്ച് ഇന്നലെ നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഇക്കാര്യം പ്രഖ്യാപിച്ചത്.
രണ്ടായിരത്തിനു ശേഷം വിവാഹിതരായ, അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് പാലാ രൂപത ഫാമിലി അപോസ്തലേറ്റ് വഴി പ്രതിമാസം 1,500 രൂപ സാമ്പത്തിക സഹായം, ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം, ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലായിലെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കും എന്നിങ്ങനെയാണ് കുടുംബവര്‍ഷം 2021-ന്റെ ലഘുലേഖയില്‍ പറഞ്ഞിരിക്കുന്നത്.
തീരുമാനം ക്രൈസ്തവ തത്വങ്ങള്‍ അനുസരിച്ച് എടുത്തതാണെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചു. ‘നൂറുശതമാനവും ഞാന്‍ പറഞ്ഞ കാര്യമാണത്. ക്രിസ്ത്യന്‍ തത്വത്തിന്റെ പേരില്‍ പറയുന്ന കാര്യമാണിത്. അതേ ഉദ്ദേശിച്ചിട്ടുള്ളൂ. അതില്‍ ഞാന്‍ സര്‍ക്കുലര്‍ ഇറക്കും. ഞാന്‍ പറഞ്ഞത് തന്നെയാണ്. അണുവിട അതില്‍നിന്ന് ഞാന്‍ പിറകോട്ട് പോവില്ല. എന്റെ സ്റ്റാന്‍ഡ് ആണിത്’- ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു
