റോഡ് വികസനത്തിനായി ആരാധനാലയങ്ങൾ മാറ്റി സ്ഥാപിക്കാൻ സഹകരിക്കണമെന്ന് കെസിബിസി

ദേശീയപാതാ 66 വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുകൊടുത്ത കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രഭാരവാഹികളെ അനുമോദിച്ച് കർദിനാൾ മാർജോർജ് ആലഞ്ചേരി. സമാനമായ സാഹചര്യങ്ങളിൽ പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ എല്ലാവരും പ്രതിബദ്ധത കാണിക്കണമെന്നും കർദിനാൾ. 

കൊച്ചി: ദേശീയപാത വികസനത്തിനായി ആരാധനാലയങ്ങൾ പൊളിക്കുന്നത് തടയേണ്ട ആവശ്യമില്ലെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ വിശ്വാസികൾക്കും പള്ളിഭാരവാഹികൾക്കും മാർഗനിർദേശവുമായി കെസിബിസി. ദേശീയപാതാ വികസനത്തിനും മറ്റു ഗതാഗത ആവശ്യങ്ങൾക്കുമായി ആരാധാനാലയങ്ങളോ മറ്റോ മാറ്റി സ്ഥാപിക്കേണ്ടി വന്നാൽ എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളും അവരുമായി സഹകരിക്കാൻ തയ്യാറാവണമെന്ന് കെസിബിസി പ്രസിഡൻ്റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു. 

റോഡ് വികസനത്തിനായി കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടിവന്നാല്‍ എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളും അതിനു തയാറാകണം. ചരിത്രപ്രധാന്യമുള്ള ആരാധനാലയങ്ങളെ ബാധിക്കാതെ വികസനം ആസൂത്രണം ചെയ്യാൻ സർക്കാരും ശ്രദ്ധിക്കണമെന്നും ഇന്നു പുറത്തു വന്ന കെസിബിസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. 

ദേശീയപാതാ 66 വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുകൊടുത്ത കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രഭാരവാഹികളെ അനുമോദിച്ച കർദിനാൾ സമാനമായ സാഹചര്യങ്ങളിൽ പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ എല്ലാവരും പ്രതിബദ്ധത കാണിക്കണമെന്നും ആവശ്യപ്പെട്ടു. ആരാധനാലയങ്ങൾ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യങ്ങളിൽ 2013-ലെ ഭൂമിയേറ്റെടുക്കൽ നഷ്ടപരിഹാര പുനരധിവാസ നിയമം കൃത്യമായും സമയബന്ധിതമായും നടപ്പിലാക്കാൻ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു 

error: Content is protected !!