‘ട്വന്റി20-കോണ്‍ഗ്രസ് തര്‍ക്കം എങ്ങനെ കിറ്റെക്‌സ്- സിപിഐഎം തര്‍ക്കമായി?’

കിറ്റെക്‌സ് ഗ്രൂപ്പിനും എംഡി സാബു ജേക്കബിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കിഴക്കമ്പലം സ്വദേശി പികെ സുരേഷ് കുമാര്‍ എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. കിറ്റെക്‌സ് ആരംഭിച്ച സാഹചര്യങ്ങളും തുടര്‍ന്നുണ്ടായ വളര്‍ച്ചയുമാണ് സുരേഷ് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. കിഴക്കമ്പലത്തെ 371 കുടുംബങ്ങളെ ഷെയര്‍ ഹോള്‍ഡേഴ്‌സ് ആക്കി കൂടെ കൂട്ടുകയും അവര്‍ അറിയാതെ അവരുടെ പേരില്‍ ബാങ്ക് വായ്പ എടുത്ത് കമ്പനി വളര്‍ത്തുകയും ഒടുവില്‍ അവരെ ചതിച്ച് കമ്പനി സ്വന്തമാക്കുകയും ചെയ്തതാണ് കിറ്റക്‌സിന്റെ ഭൂതകാലമെന്നും സുരേഷ് കുമാര്‍ ആരോപിച്ചു. ഇന്ന് സാബു തന്റെ പിതാവിന്റെ തട്ടിപ്പിന്റെ ന്യൂജന്‍ വേര്‍ഷന്‍ തട്ടിപ്പുമായി വന്നിരിക്കുകയാണെന്നും അതിനായി കണ്ടെത്തിയ ബിസിനസ് തന്ത്രമാണ് സര്‍ക്കാരിനെ വെല്ലുവിളിക്കല്ലെന്നും സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ആരംഭത്തിലെ ട്വന്റി-20 കോണ്‍ഗ്രസ് തര്‍ക്കം പിന്നീട് എങ്ങനെയാണ് കിറ്റെക്‌സ് -സിപിഐഎം തര്‍ക്കമായതെന്നും സുരേഷ് കുമാര്‍ കുറിപ്പില്‍ വിശദമാക്കുന്നുണ്ട്.

സുരേഷ് കുമാര്‍ പറഞ്ഞത്: കിറ്റക്‌സ് സാബുവിന്റെ പിതാവ് MC ജേക്കബ് കിഴക്കമ്പലംകാരെ പറ്റിച്ച് ഒരു ബിസിനസ്സ് സാമ്രാജ്യം ഉണ്ടാക്കിയപ്പോള്‍ മകന്‍ സാബു മലയാളികളെ ആകെ ചതിച്ച് ബിനാമി നിക്ഷേപകരുമായി ചേര്‍ന്ന് തെലങ്കാനയില്‍ പുതിയ ബിസിനസ്സ് സാമ്രാജ്യം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നു.. ട്വന്റി- 20 എന്ന സാബുവിന്റെ രാഷ്ട്രീയ സ്വപ്നത്തെ ജനം നിരാകരിച്ചു.. മറ്റൊരു കെജരിവാള്‍ ആകാന്‍ കച്ചകെട്ടി ഇറങ്ങിയ മൊയലാളീടെ രാഷ്ട്രീയ മോഹങ്ങള്‍ ജനം ചവിട്ടി അരച്ചു കളഞ്ഞു. അതോടെ സാബുവിന് മലയാളികളോടും കേരളത്തോടും ഒടുങ്ങാത്ത പകയായി.. ആന്റണി ഈസ്റ്റ്മാന്‍ കഥയും ഡെന്നിസ് ജോസഫ് തിരക്കഥയും എഴുതി പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത 2005 ല്‍ റിലീസ് ചെയ്ത മമ്മൂട്ടിയുടെ തസ്‌ക്കര വീരന്‍ സിനിമ കിറ്റക്‌സിന്റെ സ്ഥാപകന്‍ MC ജേക്കബിന്റെ ചതിയുടെ ചരിത്രം തുറന്ന് കാണിക്കുന്നതാണ് … സിനിമയില്‍ മലയില്‍ ഈപ്പനും മലയില്‍ സ്പിന്നിങ്ങ് മില്ലും ആണെങ്കില്‍ യഥാര്‍ത്ഥ്യം കിറ്റക്‌സും MC ജേക്കബും ആണ്.

ആലുവയ്ക്ക് അടുത്ത് കിഴക്കമ്പലം എന്ന കാര്‍ഷിക ഗ്രാമത്തില്‍ ആലുവയിലെ കാത്തായി, അശോക , GTN പോലെ ഒരു ടെക്‌സ്റ്റെല്‍ മില്‍ ആരംഭിക്കാമെന്നും ഗ്രാമവാസികളായ പത്ത് അഞ്ഞൂറ് യുവതി യുവാക്കള്‍ക്ക് പുതിയ കമ്പനിയില്‍ ജോലി ലഭിക്കും എന്ന് പ്രലോഭിപ്പിച്ചാണ് കര്‍ഷക പ്രമാണിയായ MC ജേക്കബ് കാര്‍ഷിക മേഖല വിട്ട് അന്ന അലുമിനിയത്തിന് പിന്നാലെ പുതിയ ബിസിനസ് സംരംഭവുമായി കളത്തിലിറങ്ങുന്നത്.. ഇതിനായി 1978 – 80 കാലഘട്ടത്തില്‍ കിഴക്കമ്പലം ഗ്രാമത്തിലെ MC ജേക്കബിനെ കൂടാതെ 371 സാധാരണക്കാര്‍ അടക്കമുള്ള ഗ്രാമീണരില്‍ നിന്ന് 1,350 രൂപ വീതം ഷെയര്‍ സമാഹരിച്ച് ‘പവര്‍ ലൂം’ തുടങ്ങാന്‍ തീരുമാനിച്ചു. അതിന്റെ നടത്തിപ്പ് ചുമതല ( പവര്‍ ഓഫ് അറ്റോര്‍ണി ) 372 പേരില്‍ ഒരാളായ MC ജേക്കബിന് നല്‍കി. ചുമതലക്കാരന്‍ ഒരിക്കല്‍ പറഞ്ഞു ‘എല്ലാവരും എറണാകുളം വരെ വരേണ്ടി വരും ചില രേഖകളില്‍ ഒപ്പിടാനുണ്ട്’. തങ്ങളെല്ലാവരും ചേര്‍ന്ന് തുടങ്ങാന്‍ പോകുന്ന തങ്ങള്‍ക്ക് തൊഴിലും വരുമാനവും ലഭിക്കാന്‍ പോകുന്ന സ്ഥാപനത്തിന്റെ ആവശ്യത്തിനല്ലേ,
അവര് പോയി, ഒപ്പിട്ട് നല്‍കി. കുറേക്കാലം കഴിഞ്ഞപ്പോള്‍ ഒപ്പിട്ട് നല്‍കിയവര്‍ക്ക് ലക്ഷങ്ങളുടെ കടബാദ്ധ്യതയുണ്ടെന്ന് കാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്കില്‍ നിന്നും നോട്ടീസ് വന്നു. പാവങ്ങള്‍ പരക്കം പാഞ്ഞു. അന്വേഷണത്തിനോടുവില്‍ പവര്‍ലൂം സ്ഥാപനത്തിന് വേണ്ടി എറണാകുളത്ത് പോയി ഒപ്പിട്ട് നല്‍കിയതാണ് വിഷയമെന്നും തങ്ങളുടെ പേരില്‍ ബാങ്ക് വായ്പ എടുത്തിട്ടുണ്ടെന്നും അവര്‍ മനസ്സിലാക്കി.

പവര്‍ലൂം കൂട്ടായ്മയുടെ ചുമതലക്കാരനെ കണ്ട് അവര്‍ കാര്യം പറഞ്ഞു. തങ്ങളുടെ പേരില്‍ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ തിരിച്ചടക്കണം. തങ്ങളറിയാതെയാണിത് സംഭവിച്ചിട്ടുള്ളത്. പരിഹാരം ഉണ്ടാക്കണം. ചുമതലക്കാരനായ MC ജേക്കബ് കൈമലര്‍ത്തി. നിങ്ങളുടെ പേരില്‍ വായ്പ ഉണ്ടെങ്കില്‍ നിങ്ങള്‍ തിരിച്ചടക്കണം എന്നായി MC ജേക്കബ് പിന്നീടത് കേസായി, CBI വരെ അന്വേഷിച്ചു. പണി പാളും എന്ന് മനസ്സിലാക്കിയ MC ജേക്കബ് കാശ് തിരിച്ചടച്ച് കേസില്‍ നിന്നും തടിയൂരി… പണം തിരിച്ചടയ്ക്കുമ്പോഴേക്കും വായ്പയായി എടുത്ത് സ്വരൂപിച്ച മൂലധനം വഴി MC ജേക്കബ് വായ്പ തുകയുടെ പല മടങ്ങ് ലാഭം കൊയ്ത് കൂട്ടിയിരുന്നു.. പവര്‍ലൂം കടലാസ് കമ്പനി മാത്രമാക്കിയ MC ജേക്കബ് ഇപ്പുറത്ത് പാവങ്ങളെ പറ്റിച്ച കാശിന് കിറ്റക്സ് മുതലാളി ആയി മാറികഴിഞ്ഞിരുന്നു. പണിയില്ലാത്തവര്‍ക്ക് പണിയുണ്ടാക്കാനും നാടിന് വികസനം വരുത്താനും കെട്ട് താലി വിറ്റും നാളതുവരെയുള്ള സാമ്പാദ്യങ്ങളെടുത്തും 1,350 രൂപ ഷെയര്‍ നല്‍കിയ 372 ല്‍ ഒരാളിഴികെ
മറ്റെല്ലാവരും കുടുക്കഴിക്കാന്‍ ഏറെ പണിപ്പെട്ടു. അന്ന് 1,350 രൂപക്ക് കിഴക്കമ്പലം സെന്ററില്‍ 10 സെന്റ് ഭൂമി കിട്ടുമായിരുന്നു. 372 X 10 സെന്റ്. ആ വിലയാണ് 372 ല്‍ ഒരുവന്റെ പിന്നീടുള്ള വളര്‍ച്ചയിലേക്ക് ചവിട്ട് പടിയും അവന്റെ സന്തതി പരമ്പരകളുടെ ആസ്തിയുമായത്.

വ്യവസായ സ്ഥാപനം തുടങ്ങി വലിയ തോതില്‍ തൊഴിലാളികള്‍ ഒക്കെ ആയി കിറ്റക്‌സ് ഉടമയ്ക്ക് ലാഭം കുന്ന് കൂടിയെങ്കിലും മറ്റ് ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് ലാഭം നല്‍കിയില്ലന്നതോ പോട്ടെ ചില ഷെയര്‍ ഉടമകളും ബാക്കി ഷെയര്‍ ഉടമകളുടെ മക്കളും തൊഴിലാളികളായി കമ്പനിയില്‍ ജോലി നോക്കി കൊണ്ടിരുന്നവര്‍ക്കും ഷെയര്‍ ഹോള്‍ഡര്‍മാര്‍ അല്ലാത്ത തൊഴിലാളികള്‍ക്കും തുച്ഛമായ കൂലിയേ MC ജേക്കബ് നല്‍കിയിരുന്നുള്ളൂ.. ഇതിനെതിരെ തൊഴിലാളികള്‍ CITU എറണാകളംജില്ലാ നേതാക്കളുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ രൂപീകരിക്കാനും ന്യായമായ സേവന വേതന വ്യവസ്ഥകള്‍ ലഭിക്കാന്‍ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു. CITU നേതൃത്വം തൊഴിലാളി യൂണിയന്‍ രൂപീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ കമ്പനിയിലെ തൊഴിലാളികളെ കമ്പനിയ്ക്കുള്ളില്‍ പൂട്ടിയിട്ട് യൂണിയന്‍ നേതൃത്വവുമായി ഒരു തരത്തിലും ഉള്ള ബന്ധപ്പെടലുകള്‍ നടത്തിക്കാതിരിക്കുകയും സമാന്തരമായി കമ്പനിയില്‍ തൊഴിലാളികള്‍ ഇല്ലെന്നും ഷെയര്‍ ഹോള്‍ഡേഴ്‌സ് മാത്രമാണ് എന്നും അതു കൊണ്ട് ട്രേഡ് യൂണിയന്‍ രൂപീകരണം തടയണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ട്രേഡ് യൂണിയന്‍ രൂപീകരണത്തിന് എതിരെ ഉത്തരവ് വാങ്ങുകയും ചെയ്തു. അതോടെ കിറ്റക്‌സിലെ ട്രേഡ് യൂണിയന്‍ രൂപീകരണം അവസാനിച്ചു. പ്രാഥമിക ഷെയര്‍ ഹോള്‍ഡര്‍മാര്‍ അല്ലാത്ത തൊഴിലാളികളെയും രേഖകളില്‍ ഷെയര്‍ ഹോള്‍ഡര്‍മാര്‍ ആക്കിയുള്ള തട്ടിപ്പ് MC ജേക്കബ് നടത്തിയിരുന്നു. കമ്പനിയുടെ വാര്‍ഷിക റിട്ടേണ്‍ തയ്യാറാക്കുമ്പോള്‍ നഷ്ടക്കണക്ക് കൃത്രിമമായി കാണിച്ച് വാര്‍ഷിക ഡിവിഡന്റുകള്‍ പ്രാഥമിക ഷെയര്‍ ഉടമകള്‍ക്ക് ഒരിക്കലും നല്‍കിയതുമില്ല. പില്‍ക്കാലത്ത് നാമമാത്രമായ തുക നല്‍കി പ്രാഥമിക ഷെയര്‍ ഉടമകളുടെ ഓഹരികള്‍ എല്ലാം MC ജേക്കബ് പിടിച്ചെടുക്കുകയും ചെയ്തു. കിഴക്കമ്പലത്തെ 371 കുടുംബങ്ങളെ ഷെയര്‍ ഹോള്‍ഡേഴ്‌സ് ആക്കി കൂടെ കൂട്ടുകയും അവര്‍ അറിയാതെ അവരുടെ പേരില്‍ ബാങ്ക് വായ്പ എടുത്ത് കമ്പനി വളര്‍ത്തുകയും ഒടുവില്‍ അവരെ ചതിച്ച് കമ്പനി സ്വന്തമാക്കുകയും ചെയ്തതാണ് കിറ്റക്‌സിന്റെ ഭൂതകാലം…

ഇന്ന് സാബു തന്റെ പിതാവിന്റെ തട്ടിപ്പിന്റെ ന്യൂജന്‍ വേര്‍ഷന്‍ തട്ടിപ്പും ആയി വന്നിരിക്കുകയാണ്, crowd funding ലൂടെ കിറ്റക്‌സ് വിപുലീകരിക്കുക, മറ്റു സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വളര്‍ത്തുക. അതിനായി കണ്ടെത്തിയ ബിസിനെസ്സ് തന്ത്രമാണ് സര്‍ക്കാരിനെ വെല്ലുവിളിക്കലും ബിജെപിയുടെ കാലു നക്കലും. തെലങ്കാനയില്‍ പുതിയ ബിസിനസ് ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ ആയിരം കോടി രൂപ തന്നെ ഏല്‍പ്പിക്കാന്‍ തയ്യാറായി ചില മലയാളികള്‍ വന്നു എന്ന് സാബു ജേക്കബ് തന്നെ ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ( കഴിഞ്ഞ തിങ്കളാഴ്ച ഏഷ്യാനെറ്റില്‍ അവതാരകന്‍ വിനു നയിച്ച CITU ദേശീയ സെക്രട്ടറി കെ.ചന്ദ്രന്‍ പിള്ളയും പങ്കെടുത്ത ചര്‍ച്ചയിലാണ് സാബു ഇക്കാര്യം വെളിപ്പെടുത്തിയത്.. നാസ ജെട്ടി മണ്ടത്തരം വിളിച്ച് പറഞ്ഞു എങ്കിലും ചില സത്യങ്ങളും ആവേശം മൂത്ത് സാബുവിന്റെ വായില്‍ നിന്ന് അറിയാതെ പുറത്ത് വന്നു. ഈ പറഞ്ഞ ആയിരം കോടിയും ബിനാമി നിക്ഷേപങ്ങള്‍ ആണ്. സാബുവിന്റെ പുത്തന്‍ ചങ്ങാതിമാര്‍ ആയ കേരള ബിജെപിയിലെ ചില കുഴല്‍പ്പണ നേതാക്കളുടെ പണവും ഉണ്ട്. അടുത്ത കാലത്തായി കേന്ദ്ര മന്ത്രി വി. മുരളിധരന്‍ കിഴക്കമ്പലത്ത് സാബുവിന്റെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നു…
മികച്ച ശമ്പളം കൊടുക്കുന്നു എന്ന് തള്ളുന്ന മുതലാളി മിനിമം വേജസ് നടപ്പാക്കാതിരിക്കാന്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിയത് എന്തിന് ? 2009 ല്‍ നടപ്പാക്കിയ മിനിമം വേജസ് പ്രകാരം അന്ന് പ്രഖ്യാപിച്ചത് മിനിമം ശമ്പളം 9,000 രൂപയാണ്. 10 വര്‍ഷത്തിന് ശേഷം 2019 മുതല്‍ കൊടുക്കേണ്ടത് 18,000 രൂപയാണ് ..

അതിനെതിരെ തൊഴിലുടമകളില്‍ ചിലര്‍ ഹൈക്കോടതിയില്‍ പോയെങ്കിലും സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും സര്‍ക്കാര്‍ വേജ് ബോര്‍ഡ് തീരുമാനം ശരിവെച്ചു. ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചതിന് ശേഷവും മിനിമം വേതനം കൊടുക്കാത്തതിന് എതിരെ കിറ്റക്‌സിന് തൊഴില്‍ വകുപ്പ് നോട്ടീസ് നല്‍കിയപ്പോള്‍ സാബു ജേക്കബ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. ആ സ്റ്റേയുടെ പുറത്ത് മിനിമം വേതനമായ പ്രതിമാസ ശമ്പളം 18,000 രൂപ കൊടുക്കാത്ത സാബു ആണ് താന്‍ മികച്ച ശമ്പളം കൊടുക്കുന്നു എന്ന് തള്ളി മറിക്കുന്നത് .. കേരളത്തിലെ തൊഴില്‍ നിയമപ്രകാരം തൊഴില്‍ സ്ഥാപനങ്ങളിലെ തൊഴില്‍ സമയം 8 മണിക്കൂര്‍ ആണ്. പക്ഷേ കിറ്റക്‌സില്‍ അത് 10 മണിക്കൂര്‍ ആണ് .. കിറ്റക്‌സില്‍ നടക്കുന്ന തൊഴിലാളി ചൂഷണങ്ങള്‍ തൊഴില്‍ വകുപ്പിന്റെ പരിശോധനയില്‍ ഒന്നൊന്നായി പുറത്ത് വന്നു.
ഇപ്പോള്‍ തെലങ്കാനയില്‍ പത്ത് വര്‍ഷത്തേക്ക് ഒരു പരിശോധനകളും ഉണ്ടാകില്ല എന്ന ഭരണകൂട ഉറപ്പും സൗജന്യ ഭൂമിയും കുറഞ്ഞ നിരക്കില്‍ വൈദ്യുതിയും സൗജന്യ വെള്ളവും ലഭിക്കും എന്നാണ് സാബു പറയുന്നത്.. കേരളത്തില്‍ ഒരു സ്ഥാപനം പ്രവര്‍ത്തിക്കണമെങ്കില്‍ മിനിമം വേതനവും തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും കൊടുക്കണം.. ഇല്ലെങ്കില്‍ തൊഴില്‍ വകുപ്പ് ഇടപെടും. 2017 ല്‍ തന്നെ കര്‍ണ്ണാടകയിലോ ആന്ധ്രയിലോ പുതിയ ടെക്‌സ്റ്റെല്‍ സ്ഥാപനം തുടങ്ങാനുള്ള സാദ്ധ്യതാ പഠനം KPMG എന്ന കണ്‍സള്‍ട്ടിങ്ങ് സ്ഥാപനത്തെ കൊണ്ട് സാബു നടത്തിച്ചിരുന്നു. അക്കാര്യം 2017 ഡിസംബറില്‍ ഹിന്ദു പത്രം വാര്‍ത്തയാക്കിയിരുന്നു. 

ട്വന്റി- 20 v/s കോണ്‍ഗ്രസ് എന്ന തര്‍ക്കം കിറ്റക്‌സ് v/s എന്ന നിലയിലേക്ക് സാബു ജേക്കബ് എന്തുകൊണ്ട് ചടുല വേഗതയില്‍ മാറ്റി എടുത്തു ? രാഷ്ട്രീയമായും ഭരണപരമായും കിറ്റക്‌സ് ഗ്രൂപ്പും CPIM ഉം ആയി രണ്ട് മൂന്ന് പതിറ്റാണ്ടുകളായി ഒരു പ്രശ്‌നവും ഇല്ലായിരുന്നു. Twenty-20 എന്ന രാഷ്ട്രീയ സംവിധാനത്തിന് എതിരെയും CPM രംഗത്ത് വന്നിരുന്നില്ല. എന്നിട്ടും സാബു CPIM ന് എതിരെ എന്തിന് തിരിഞ്ഞു. ? അത് വിശദമായി തന്നെ പറഞ്ഞു പോകണം..

മുഖ്യമന്ത്രി പിണറായി വിജയയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കിറ്റക്‌സ് ഗ്രൂപ്പിന് മുഖ്യമന്ത്രിയുമായോ മറ്റു സഹമന്ത്രിമാരുമായോ CPIM ഉം ആയോ ഇതുവരെ ഒരു പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നിട്ടും കിറ്റക്സ് V/s CPIM എന്ന നിലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ കിറ്റക്‌സ് ഗാര്‍മെന്റ്‌സ് MD സാബു ജേക്കബ് നടത്തുന്ന നെറികെട്ട പ്രചരണം എന്തിന് ?
കിറ്റക്‌സ് ഗാര്‍മെന്റ്‌സ് MD സാബു ജേക്കബ് കുറച്ച് ദിവസമായി നടത്തി കൊണ്ടിരുന്ന വാചക കസര്‍ത്തുകള്‍ കണ്ടിട്ടും സാബുവിന് എതിരെ കാര്യമായി പ്രതികരിക്കാതിരുന്നത് ശ്രീ സാബുവും ഞാനും എല്ലാം കേരളത്തിലെ വ്യവസായ സംരംഭകരുടെ സംഘടനയായ കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ ( KCCI ) ഭാഗമായി പ്രവര്‍ത്തിച്ചിരുന്നതു കൊണ്ടാണ്… Federation of Indian Chambers of Commerce & Industry ( FICCI ) യില്‍ അഫിലിയേറ്റ് ചെയ്ത സംഘടനയാണ് KCCI.

2005 ലെ കര്‍ക്കിടക മാസത്തില്‍ ഏകദേശം രണ്ടാഴ്ചയോളം CPIM സംസ്ഥാന സെകട്ടറി ആയിരുന്ന പിണറായി വിജയന്‍ MC ജേക്കബിന്റെ പരിചരണത്തില്‍ ആയുര്‍വേദ ചികിത്സയ്ക്ക് കിഴക്കമ്പലത്ത് താമസിച്ച് വിധേയനായിരുന്നു. ഈ അടുത്ത കാലത്ത് സാബു ജേക്കബിന്റെ മാതാവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് സുഖ വിവരം തിരക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തിയിരുന്നു. അത്രമേല്‍ അടുത്ത സൗഹൃദമാണ് കിറ്റക്‌സ് ഗ്രൂപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുലര്‍ത്തുന്നത്… ആ പിണറായി മുഖ്യമന്ത്രി ആയിരിക്കുന്ന സര്‍ക്കാരില്‍ നിന്ന് കിറ്റക്‌സ് ഗ്രൂപ്പിന് പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും എന്ന് അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ല…
1991 ല്‍ ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങള്‍ ശക്തമാക്കപ്പെട്ടതോടെ തൊഴിലാളി – തൊഴില്‍ തര്‍ക്കങ്ങള്‍ മൂലം ഒരു വ്യവസായ സ്ഥാപനവും കേരളത്തില്‍ പൂട്ടപ്പെട്ടിട്ടില്ല… പിണറായി വിജയന്‍ CPIM സംസ്ഥാന സെക്രട്ടറി ആയതിന് ശേഷം സംസ്ഥാനത്തെ സ്വകാര്യ നിക്ഷേപ സമീപനങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്ക് CPM തയ്യാറായി.. പിണറായി വിരുദ്ധ അതി വിപ്ലവകാരികള്‍ അതിനെയടക്കം ചേര്‍ത്ത് വലതു പക്ഷ വ്യതിയാനം എന്നാക്ഷേപിച്ചു.. കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതില്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പിണറായി സ്വീകരിച്ച സമീപനങ്ങള്‍ കുറെക്കൂടി ഉദാരമായി മുഖ്യമന്ത്രി ആയതോടെ സ്വീകരിച്ചു. കേരളത്തിന്റെ ജനസാന്ദ്രതയും ഭൂമി ദൗര്‍ബല്യവും തണ്ണീര്‍ത്തട – നെല്‍പ്പാടങ്ങളും പുഴ – കായല്‍ തീരങ്ങളും എല്ലാം പുതുതായി വന്‍കിട മാനുഫാക്ചറിംഗ് വ്യവസായങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനും വായു – ജല- മണ്ണ് മലനീകരണങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ തുടങ്ങാന്‍ പ്രതിബന്ധങ്ങള്‍ ആണ്…

എന്താണ് Kitex ഗ്രൂപ്പിന്റെ ഇപ്പോഴത്തെ പ്രശ്‌നം എന്നത് വിശദമായി തന്നെ പറഞ്ഞ് പോകേണ്ടതുണ്ട്

കിറ്റക്‌സിന് എതിരെ PT തോമസ് അടക്കമുള്ള കോണ്‍ഗ്രസിന്റെ നാല് MLAമാരും ബെന്നി ബെഹ്നാന്‍ MP യും നല്‍കിയ പരാതികളും കിറ്റക്‌സിലെ മുന്‍ തൊഴിലാളി കേരള ഹൈക്കോടതിയില്‍ നല്‍കിയ പരാതികളെ തുടര്‍ന്നുള്ള പരിശോധനകളുടെ പേരില്‍ എങ്ങിനെയാണ് ട്വന്റി- 20 V/s കോണ്‍ഗ്രസ് എന്ന തര്‍ക്കം കിറ്റക്‌സ് V/s CPIM എന്ന നിലയിലേക്ക് സാബു ജേക്കബ് മാറ്റി മറിച്ചത്. ? അവിടെയാണ് സാബു ജേക്കബിന്റെ കൗശലം അനാവരണം ചെയ്യപ്പെടുന്നത്…

1. കിറ്റക്‌സ് കമ്പനിയുമായി ബന്ധപ്പെട്ട പരിസ്ഥിതി തകര്‍ച്ചയും തൊഴിലാളി ദ്രോഹ നടപടികളും പുറം ലോകം അറിഞ്ഞു.
2. കിഴക്കമ്പലം പഞ്ചായത്തില്‍ ആരംഭിച്ചതു പോലെയുള്ള ഭക്ഷ്യ സുരക്ഷ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ 2020 ല്‍ Twenty – 20 ഭരണം പിടിച്ച കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളില്‍ ഇതുവരെ ആരംഭിക്കാന്‍ സാബു ജേക്കബിന് കഴിഞ്ഞിട്ടില്ല…
3. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യം കിറ്റക്‌സ് – ട്വന്റിയുമായി നടന്നതിനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ ലഭിച്ച പരാതിയില്‍ നിന്ന് രക്ഷപെടണം…

എന്താണ് സാമ്പത്തിക കുറ്റകൃത്യം ?

1. ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദേശ ഫണ്ട് വാങ്ങാന്‍ നിയമം അനുവദിക്കുന്നില്ല.. ട്വന്റി- 20 നടത്തുന്നത് ചാരിറ്റി പ്രവര്‍ത്തനമാണ് എന്ന് പ്രചരിപ്പിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വന്‍ തോതില്‍ ട്വന്റി- 20യ്ക്ക് ഫണ്ട് ലഭിച്ചിട്ടുണ്ട്.
2. കോര്‍പ്പറേറ്റ് കമ്പനികളുടെ CSR ഫണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ കിറ്റക്‌സിന്റെ CSR ഫണ്ട് ട്വന്റി- 20യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്.

ഈ സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പരാതി ലഭിച്ചതോടെയാണ് കിറ്റക്‌സുമായി ഒരു തര്‍ക്കവും ഇല്ലാതിരുന്ന CPIM നെ പൊടുന്നനെ ഫോക്കസ് ചെയ്ത് സാബു വര്‍ഗീസ് കളി തുടങ്ങിയത്. BJP യുമായി സാബു ജേക്കബ് ത്വരിത ഗതിയില്‍ സന്ധിചെയ്തതോടെ ഇപ്പോള്‍ കിറ്റക്‌സിന് രാഷ്ട്രീയ സംരക്ഷണവുമായി BJP രംഗത്ത് എത്തിയിട്ടുണ്ട് … CPIM നെ ശത്രു പക്ഷത്ത് നിര്‍ത്തി ആര് കളി തുടങ്ങിയാലും മുന്‍പിന്‍ നോക്കാതെ അവര്‍ക്കൊപ്പം BJP പങ്കാളിയാകും.. ഏത് സാമ്പത്തിക കുറ്റകൃത്യങ്ങളെയും പൊതിഞ്ഞ് സംരക്ഷിക്കാന്‍ BJP ഏതറ്റം വരെയും പോകും… കലാ- സാംസ്‌ക്കാരിക- സാമൂഹ്യ-ശാസ്ത്ര – വാണിജ്യ മേഖലയിലെ പ്രമുഖരെ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്യുന്ന പഴുതുപയോഗപ്പെടുത്തി സാബു ജേക്കബിനെ രാജ്യ സഭാ അംഗമാക്കിയും BJP പ്രതിഷ്ഠിക്കും… അതിന് വേണ്ടി ഇരുപത്തി അഞ്ചോ അമ്പത് കോടിയോ മുടക്കാന്‍ സാബു മുതലാളിക്ക് ഒരു മടിയുമുണ്ടാകില്ല .. സാബു ജേക്കബ് MP എന്ന പദവി കിട്ടിയാല്‍ മുതലാളിക്ക് അതൊരു മുതല്‍ക്കൂട്ടാണ്..

BJP യുടെ ലക്ഷ്യം സാബുവിനെ ചാരി കേരളം ഒരു നിക്ഷേപ വിരുദ്ധ സംസ്ഥാനമാണ് എന്ന് വന്‍ പ്രചരണം നടത്തി കേരളത്തില്‍ നിക്ഷേപ സാദ്ധ്യതകളുമായി വരുന്ന വിദേശ- ഇതര സംസ്ഥാന സംരംഭകരെ അകറ്റി നിര്‍ത്തുക എന്നതാണ്… 2018 ല്‍ സമാനതകളില്ലാത്ത പ്രളയം കേരളത്തെ തകര്‍ത്തപ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുമായിരുന്ന സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി തടഞ്ഞവരാണ് കേരള BJP ക്കാര്‍…
കിറ്റക്‌സിന് എതിരെ പരാതിക്കാരായ 4 കോണ്‍ഗ്രസ് MLAമാര്‍…എറണാകുളം ജില്ലയില്‍ Kitex ഗ്രൂപ്പിന്റെ ട്വന്റി- 20 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിച്ച മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് MLA മാര്‍ ആണ് പരാതി നല്‍കിയത്.. പെരുമ്പാവൂര്‍ – എല്‍ദോസ് കുന്നപ്പിള്ളി, മൂവാറ്റുപുഴ – മാത്യു കുഴല്‍നാടന്‍, തൃക്കാക്കര – PT തോമസ്, എറണാകുളം – TJ വിനോദ് എന്നീ കോണ്‍ഗ്രസ് MLA മാര്‍ ആണ് കിറ്റക്‌സിന് എതിരെ പരാതി നല്‍കിയത്.

ആലുവ MLA അന്‍വര്‍ സാദത്ത്, പറവൂര്‍ MLA VD സതീശന്‍ ( പ്രതിപക്ഷ നേതാവ് ) , തൃപ്പൂണിത്തുറ MLA K ബാബു, അങ്കമാലി MLA റോജി എം ജോണ്‍ എന്നിവര്‍ കിറ്റക്‌സിന് എതിരായ നാല്‍വര്‍ സംഘത്തിന് ഒപ്പം ഉണ്ടായില്ല.. കാരണം അവര്‍ക്ക് എതിരെ Twenty- 20 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ല… തൃപ്പൂണിത്തുറയില്‍ ട്വന്റി- 20 സ്ഥാനാര്‍ത്ഥി വന്നാല്‍ K ബാബു എട്ടു നിലയില്‍ പൊട്ടുമെന്ന് മനസ്സിലാക്കിയ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി തന്നെ സാബു ജേക്കബുമായി നെഗോഷ്യേറ്റ് ചെയ്ത് തൃപ്പൂണിത്തുറയിലെ ട്വന്റി- 20 സ്ഥാനാര്‍ത്ഥിയെ ഇല്ലാതാക്കി… കുന്നത്തു നാട്ടിലെ സിറ്റിങ്ങ് MLA കൂടിയായിരുന്ന വി.പി. സജീന്ദ്രന്‍ A ഗ്രൂപ്പുകാരന്‍ ആണെങ്കിലും ട്വന്റി-20 യുടെ തട്ടകമായതിനാല്‍ ട്വന്റി- 20 സജീന്ദ്രന് എതിരെ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി വലിയ നിര്‍ബന്ധം പിടിച്ചില്ല… ട്വന്റി- 20 ജയിച്ചു വന്നാല്‍ UDF ന് നിരുപാധിക പിന്തുണ കൂടി ഉമ്മന്‍ ചാണ്ടി ഉറപ്പാക്കാനും മറന്നില്ല…എന്നാല്‍ LDF ന് തുടര്‍ ഭരണം കിട്ടിയതും കുന്നത്തു നാട്ടില്‍ ട്വന്റി- 20യെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി LDF ജയിക്കുക കൂടി ചെയ്തതോടെ സംസ്ഥാന സര്‍ക്കാരിനെ ചാരി കിറ്റക്‌സിനിട്ട് പണി കൊടുക്കുക എന്ന കുരുട്ടുബുദ്ധിയുമായി PT തോമസ് രംഗത്തു വന്നു. തോമസ് ഒരുക്കിയ കെണിയില്‍ ബാക്കി മൂന്ന് കോണ്‍ഗ്രസ് MLA മാര്‍ ചാടിക്കൊടുത്തു.

ട്വന്റി-20 സ്വാധീനം ഉറപ്പിച്ച കുന്നത്തു നാട് നിയോജകമണ്ഡലത്തിലെ CPIM ന്റെ കോലഞ്ചേരി ഏരിയാ കമ്മിറ്റിയോ , CPIM എറണാകുളം ജില്ലാ സെക്രട്ടറി CN മോഹനനോ മറ്റേതെങ്കിലും മുതിര്‍ന്ന CPIM നേതാക്കളോ നാളിതുവരെ Kitex ഗ്രൂപ്പിന് എതിരെയോ ട്വന്റി- 20യ്ക്ക് എതിരെയോ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.. എന്നിട്ടും പഴി മുഴുവന്‍ ഇപ്പോള്‍ CPIM ന് നേര്‍ക്കാണ്..
കിറ്റക്‌സിന് എതിരെ ആദ്യം പരാതി നല്‍കിയത് കിഴക്കമ്പലം ഉള്‍പ്പെടുന്ന മണ്ഡലത്തിലെ MP യായ കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്നാന്‍… പിന്നീട് പരാതി നല്‍കിയത് 4 കോണ്‍ഗ്രസ് MLA മാര്‍… പത്ര സമ്മേളനം നടത്തിയത് കോണ്‍ഗ്രസ് MLA PT തോമസ് … തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ 50 കോടി രൂപ നല്‍കാം എന്ന് വെല്ലുവിളിച്ചത് കിറ്റക്‌സ് MD സാബു ജേക്കബ് .. സാബുവിന്റെ വെല്ലുവിളി ഏറ്റെടുത്ത് രേഖകള്‍ സഹിതം മറുപടി നല്‍കി തിരിച്ചടിച്ചത് PT തോമസ് …കോണ്‍ഗ്രസ് MLA മാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയപ്പോള്‍ ചിത്രത്തില്‍ ഒരിടത്തും ഇല്ലാതിരുന്ന CPIM ന് നേരെ കിറ്റക്‌സ് ഉടമ തിരിഞ്ഞു…

1. ഊതി വീര്‍പ്പിച്ച ട്വന്റി – 20 മാഹാത്മ്യം വെറും കുമിളകള്‍ മാത്രമാണ് എന്ന് LDF MLA പി.വി. ശ്രീനിജന്‍ തെളിയിച്ചു.
2. കിഴക്കമ്പലം കൂടാതെ ട്വന്റി-20 ഭരണം പിടിച്ച മറ്റു പഞ്ചായത്തുകളില്‍ കിഴക്കമ്പലം മോഡല്‍ ഭക്ഷ്യ സുരക്ഷാ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ സാമ്പത്തിക പ്രതിസന്ധി മൂലം സാബു ജേക്കബിന് കഴിയുന്നില്ല..
3. വിജയം ഉറച്ച് പ്രതീക്ഷിച്ച കുന്നത്തു നാട്ടില്‍ ട്വന്റി- 20യെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി CPIM വിജയിച്ചു.
4. കിഴക്കമ്പലത്ത് ഭൂ സംരക്ഷണ നിയമം ലംഘിച്ച് സാബു ജേക്കബ് ഭൂമി വാങ്ങിക്കൂട്ടിയതിന്റെ രേഖകള്‍ പുറത്ത് വന്നു
5. സാബു ജേക്കബ് വാങ്ങിക്കൂട്ടിയ സ്വകര്യ ഭൂമിയിലേക്ക് പഞ്ചായത്ത് ഫണ്ട് ദുര്‍വിനിയോഗം ചെയ്ത് റോഡുകള്‍ നിര്‍മ്മിച്ചതിന്റെയും നവീകരിച്ചതിന്റെയും തെളിവുകള്‍ പുറത്ത് വന്നു..
6. അസന്റ് 2020യില്‍ വ്യവസായ നിക്ഷേപ സാദ്ധ്യതയായി അവതരിപ്പിച്ച കിറ്റക്‌സിന്റെ 3500 കോടിയുടെ പദ്ധതി വെറും കടലാസു പദ്ധതി മാത്രമാണ് .. 2003 ല്‍ ആന്റണി സര്‍ക്കാറിന്റെ കാലത്ത് ജിം ( ആഗോള നിക്ഷേപ പദ്ധതി ) 2012 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് എമര്‍ജിങ്ങ് കേരള എന്നിവയില്‍ വന്ന നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ ദശലക്ഷക്കണക്കിന് കോടികളുടെ ആയിരുന്നു. അതൊക്കെ വെറും തള്ളുകള്‍ മാത്രമായിരുന്നു എന്ന് പില്‍ക്കാല അനുഭവം തെളിയിച്ചു.. എയര്‍ കേരള അനുഭവം ഒരു ചെറിയ ഉദാഹരണം…
7. അസന്റ് 2020യിലും ഒരുപാട് പദ്ധതി നിര്‍ദ്ദേശങ്ങള്‍ വന്നു. 5000 കോടിയുടെ ട്രോളര്‍ – മദര്‍ ഷിപ്പു നിര്‍മ്മാണ പദ്ധതിയുമായി വന്ന EMCC ലക്ഷ്യമിട്ടത് കേരളത്തിന്റെ ആഴക്കടല്‍ പതിച്ചെടുക്കാനായിരുന്നു എന്നത് പിന്നീട് വെളിപ്പെട്ടു.
8. കിറ്റക്‌സ് പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിച്ചതിന് അപ്പുറത്ത് സര്‍ക്കാരുമായി MOU ഒപ്പിടുകയോ MOU വിന്റെ തുടര്‍ച്ചയായി കരാര്‍ രൂപപ്പെടുത്തുകയോ ചെയ്തിട്ടില്ല… എയറില്‍ കിടക്കുന്ന എയര്‍ കേരള പോലെ മറ്റൊരു കടലാസു പദ്ധതി മാത്രമാണ് സാബുവിന്റെ 3500 കോടി പ്രൊജക്ടും.
9. കിറ്റക്‌സ് ഗ്രൂപ്പിന്റെ പ്രധാന കമ്പനികള്‍ 1 കിറ്റക്‌സ് ടെക്‌സ്‌റ്റൈയില്‍സ് , 2 സാറാസ്‌കറി പൗഡര്‍, 3 അന്ന അലുമിനിയം, 4 സ്‌കൂബി ഡേ ബാഗുകള്‍ , 5 കിറ്റക്‌സ് ഗാര്‍മെന്റ്‌സ്.. ഇവ കോവിഡ് സൃഷ്ടിച്ച വിപണി തകര്‍ച്ച മൂലം വന്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ – കോളേജുകള്‍ തുറക്കാത്തതിനാല്‍ ഒറ്റ പീസ് സ്‌കൂബി ഡേ ബാഗുകള്‍ പോലും വിറ്റുപോയിട്ടില്ല… യാത്രകള്‍ പരിമിതമായതിനാല്‍ ട്രാവല്‍ ബാഗ് വിപണിയും പ്രതിസന്ധിയിലായി.. കിറ്റക്‌സിന്റെ ഉല്‍പ്പന്നമായ യൂണിഫോം തുണിത്തരങ്ങള്‍ക്കും വിപണിയില്ല. മറ്റ് ഉല്‍പ്പന്നങ്ങളുടെ വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട് .. കിറ്റക്‌സ് ഗാര്‍മെന്റ്‌സിന്റെ ഉല്‍പ്പന്നങ്ങളുടെ പ്രധാന വിപണി അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളാണ്.. കോവിഡ് സൃഷ്ടിച്ച ആഗോള സാമ്പത്തിക പ്രതിസന്ധി അവിടത്തെ വിപണിയെയും സാരമായി ബാധിച്ചു.
10. നിലവില്‍ കിറ്റക്‌സ് ഗ്രൂപ്പ് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണ് .. പ്രഖ്യാപിച്ച പുതിയ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന്റെ KSIDC യില്‍ നിന്നടക്കം വായ്പ വേണം.. മറ്റ് ഉദാരമായ സമീപനങ്ങളും വേണം. അത് സാദ്ധ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ ഒരു പൊതുബോധം സൃഷ്ടിച്ചെടുത്ത് കിറ്റക്‌സിന് അനുകൂലമായി നിലപാട് എടുപ്പിക്കാനാണ് സാബു ജേക്കബ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്…

സൂപ്പര്‍വൈസര്‍ കാറ്റഗറിയില്‍ കുറച്ച് മലയാളികള്‍ ഉണ്ടെന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ കിറ്റക്‌സ് ഗ്രൂപ്പിലെ തൊഴിലാളികള്‍ മഹാ ഭൂരിപക്ഷവും ഇതര സംസ്ഥാനക്കാര്‍ ആണ് .. കുറഞ്ഞ കൂലിയ്ക്ക് മലയാളികളെ ജോലിക്ക് കിട്ടില്ല എന്നതുകൊണ്ടാണ് ഇതര സംസ്ഥാന തൊഴിലാളികളെ ആവശ്യാനുസരണം കിറ്റക്‌സ് ഉപയോഗിക്കുന്നത്. ഇന്ന് കേരളത്തില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം 50 ലക്ഷമാണ് … അവര്‍ ചെയ്യുന്ന അസംഘടിത – ചെറുകിട- നിര്‍മ്മാണ വ്യവസായങ്ങളിലും കെട്ടിട നിര്‍മ്മാണ മേഖലകളിലും ജോലി ചെയ്യാന്‍ ഇന്ന് മലയാളികളെ കിട്ടാനില്ല.. കാരണം മലയാളികളുടെ തൊഴില്‍ സംസ്‌ക്കാരം മാറി മറിഞ്ഞു.. അതിന്റെ പ്രധാന കാരണം ഉന്നത വിദ്യാഭ്യാസവും അതിന്റെ ഭാഗമായി മാറിയ തൊഴില്‍ അഭിരുചിയുമാണ്. കിറ്റക്‌സ് ഗ്രൂപ്പിന് എതിരെ രാഷ്ട്രീയ കളി തുടങ്ങിയത് കോണ്‍ഗ്രസ് .. എന്നാല്‍ കോണ്‍ഗ്രസിനോട് മുട്ടിയാല്‍ പ്രയോജനം ഒന്നും ഇല്ലാത്തതു കൊണ്ട് കിറ്റക്‌സ് മുതലാളി നൈസായി CPIM നും സംസ്ഥാന സര്‍ക്കാരിനും എതിരെ തിരിഞ്ഞു… അതോടെ UDF ല്‍ ഒരു വിഭാഗവും ബിജെപ്പിയും കിറ്റക്‌സിന് ഒപ്പം കൂടി..

കിറ്റക്‌സിന്റെയും ട്വന്റി- 20 യുടെയും ചരിത്രം….

സാബു എം ജേക്കബിന്റെ പിതാവ് എം.സി.ജേക്കബ്ബാണ് അന്നാ അലൂമിനിയം കമ്പനി സ്ഥാപിച്ചത്. 1968ല്‍ കമ്പനി തുടങ്ങുമ്പോള്‍ ചാച്ചന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന ശ്രീ ജേക്കബിന്
എല്ലാ പിന്തുണയും നല്‍കിയത് ഇടതുപ്രസ്ഥാനങ്ങളായിരുന്നു. TV തോമസ്
ഉള്‍പ്പടെ CPI നേതാക്കളുടെ ഉറ്റ സുഹൃത്തായ ചാച്ചന്‍ കര്‍ഷകനില്‍ നിന്ന് വ്യവസായിലേക്കുള്ള MC ജേക്കബിന്റെ തുടക്കം തന്നെ തട്ടിപ്പിലൂടെ അടയ്ക്കാ കളം തീയിട്ട് നശിപ്പിച്ച് അതിന്റെ നഷ്ടപരിഹാരമായി ലഭിച്ച ഇന്‍ഷുറന്‍സ് തുക പ്രാഥമിക മൂലധനമായി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചാണ് MC ജേക്കബ് കളത്തിലിറങ്ങിയത്. പ്ലാന്റര്‍ എന്ന നിലയില്‍ അതിസമ്പന്നനായിരുന്ന ചാച്ചന് രാഷ്ട്രീയ കക്ഷികളുമായോക്കെ നല്ല ബന്ധമായിരുന്നു .അവരെയൊക്കെ സഹായിച്ചിട്ടുമുണ്ട്. എട്ടു പേരുമായി തുടങ്ങിയ കമ്പനി വിപുലീകരിച്ച് ഇന്നത്തെ നിലയില്‍ എത്തിയത് മാറി മാറി വന്ന സര്‍ക്കാരുകളുടെ ഒക്കെ അകമഴിഞ്ഞ പിന്തുണ കൊണ്ട് കൂടിയാണ്. അക്കാലത്ത് കിഴക്കമ്പലം വലിയ ജനസാന്ദ്രതയുള്ള സ്ഥലമല്ലാതിരുന്നതു കൊണ്ടു തന്നെ , അലൂമിനിയം നിര്‍മ്മാണം പോലെ മലിനീകരണം ഏറെയുള്ള വ്യവസായം നടത്താന്‍ എതിര്‍പ്പുകളുമില്ലായിരുന്നു. പിന്നീട് സാറാസ് കറി പൗഡര്‍ തുടങ്ങി. എഴുപതുകളുടെ അവസാനമാണ് കിഴക്കമ്പലം ടെക്സ്റ്റയില്‍സ് ( കിറ്റെക്‌സ് ) തുടങ്ങുന്നത് . ചാക്ക് സണ്‍ പ്രഷര്‍കുക്കര്‍ , സ്‌കൂബി ഡേ സ്‌കൂള്‍ ബാഗ് , കിറ്റെക്‌സ് ലുങ്കികള്‍ …. ഇവയുടെ ഒക്കെ ഏറ്റവും വലിയ മാര്‍ക്കറ്റ് കേരളം തന്നെയായിരുന്നു. ചാച്ചന്‍ നിര്യാതനാവുന്നതു വരെ ഒരു പ്രശ്‌നവും കമ്പിനിക്കുണ്ടായിട്ടില്ല. ചെറിയ ചില സമരങ്ങള്‍ തുടങ്ങും മുന്‍പ് തന്നെ ചാച്ചന്‍ ഒത്തു തീര്‍ത്തു. മക്കള്‍ സാരഥ്യമേറ്റെടുത്തപ്പോഴും പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. അതില്‍ പ്രധാന കാരണം പ്രദേശവാസികള്‍ക്ക് കമ്പനിയില്‍ തൊഴില്‍ കൊടുത്തിരുന്നില്ല. രണ്ട് മഹാ ഭൂരിപക്ഷവും സ്ത്രീ തൊഴിലാളികള്‍ ആയിരുന്നു…എന്നാല്‍ 2012 ല്‍ കമ്പനിയുടെ പുതിയ പ്ലാന്റിന്റെ മലനീകരണ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുക്കുന്നത്.
സ്വന്തം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ഏതു രീതിയില്‍ ഉള്ള വിപണന തന്ത്രങ്ങളും വിലയ്‌ക്കെടുക്കലുകളും കോര്‍പ്പറേറ്റുകള്‍ നടത്തും… അദാനിയും അംബാനിയും BJP യ്ക്ക് യഥേഷ്ടം ഫണ്ട് ചെയ്ത് ഇന്ത്യയെ വിലയ്‌ക്കെടുത്തു എങ്കില്‍ കിറ്റക്‌സ് ഗ്രൂപ്പ് എന്ന കോര്‍പ്പറേറ്റ് കമ്പനി ഉടമ തന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ 20-20 എന്ന ഒരു സംഘടന ഉണ്ടാക്കി സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കി പ്രാദേശിക സംവിധാനങ്ങള്‍ വിലയ്‌ക്കെടുത്തു കളിക്കുന്നു… 500 കോടി മൂല്യമുള്ളതോ/ 1000 കോടി വിറ്റ് വരവുള്ളതോ / അല്ലങ്കില്‍ 5 കോടിയില്‍ കൂടുതല്‍ ലാഭമുള്ള കമ്പനികള്‍ തങ്ങളുടെ 3 വര്‍ഷത്തെ ശരാശരി ലാഭത്തിന്റെ 2% CSR(കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സമ്പിലിറ്റി) ഫണ്ട് ചിലവഴിക്കണം…. ഈ തുക ചിലവഴിക്കാന്‍ പറ്റിയില്ല എങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അക്കൗണ്ടിലേക്കു് അടക്കണം എന്ന് നിയമമുണ്ട് …. ആ CSR ഫണ്ട് ട്വന്റി- 20 എന്ന സംഘടന വഴി ചെലവഴിച്ച് ആദ്യം ഒരു പഞ്ചായത്തിലെ ജനങ്ങളെയും പിന്നീട് മറ്റു മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങളെയും വിലയ്‌ക്കെടുത്തു… കിറ്റക്‌സ് ഗാര്‍മെന്റ്‌സ്, സാറാസ്‌കറി പൗഡര്‍, അന്ന അലുമിനിയം കമ്പിനി , സ്‌കൂബി ഡേ ബാഗുകള്‍ എന്നിവയാണ് കിറ്റക്‌സ് ഗ്രൂപ്പിന്റെ പ്രധാന കമ്പനികള്‍.. കിറ്റക്‌സ് ടെക്‌സ്‌റ്റൈല്‍ മില്‍സ് രാജ്യത്തെ ആഭ്യന്തര വിപണിയെ ആശ്രയിച്ചാണ് മുന്നോട്ട് പോയിരുന്നതെങ്കില്‍, ടെക്‌സ്‌റ്റൈയില്‍ രംഗത്തെ വൈവിധ്യവല്‍ക്കരണം സാബു ജേക്കബ് നടപ്പാക്കി വിദേശ രാജ്യങ്ങളിലെ മാര്‍ക്കറ്റുകളിലേക്ക് കൂടുതല്‍ ഫോക്കസ് ചെയ്തതോടെയാണ് കമ്പനിയുടെ ലാഭം ഗണ്യമായി ഉയര്‍ന്നതും അതുമായി ബന്ധപ്പെട്ട പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതും.

എങ്ങിനെയാണ് Twenty- 20 രൂപീകരിക്കാന്‍ ഇടവന്ന സാഹചര്യം ?

കിഴക്കമ്പലം ട്വന്റി-20 …. കോര്‍പ്പറേറ്റ് കുത്തക കമ്പനിയായ Kitex സമാന്തര പ്രാദേശിക സര്‍ക്കാര്‍ ആയി മാറി അത്രയേ ഉളളൂ.’ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നികുതി അടയ്ക്കുന്നതില്‍ നിന്ന് ഇളവ് അനുവദിച്ചു കൊണ്ട് CSR ഫണ്ട് ( കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സ് ഫണ്ട് ) എന്ന ഒരു ഏര്‍പ്പാട് UPA സര്‍ക്കാര്‍ തുടങ്ങി വെച്ചിരുന്നു. പൊതു മേഖല സ്ഥാപനങ്ങള്‍ സങ്കുചിത താല്‍പര്യങ്ങള്‍ ഇല്ലാതെ CSR ഫണ്ട് വിനിയോഗിക്കുമ്പോള്‍ പല സ്വകാര്യ കമ്പനികളും അവരുടെ പ്രശസ്തിക്കും മറ്റ് സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കുമായി CSR ഫണ്ട് വിനിയോഗിക്കുന്നു. കിഴക്കമ്പലത്ത് കിറ്റക്‌സ് ഗ്രൂപ്പ് തുടക്കമിട്ട അവരുടെ പുതിയ ഫക്ടറിക്ക് എതിരെ മലനീകരണ പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ അതിനെതിരെ തുടങ്ങിയതാണ് 20-20… ജനകീയ പ്രതിഷേധത്തിന് മുന്നില്‍ നിന്നത് SDPI ആണെങ്കിലും അന്നത്തെ UDF പഞ്ചായത്ത് ഭരണ സമിതി സ്ഥാപനത്തിന് ലൈസന്‍സ് നിഷേധിച്ചു. കമ്പനി ഹൈക്കോടതിയില്‍ പോയി അനുകൂല വിധി വാങ്ങി.. എന്നിട്ട് പ്രതിഷേധക്കാരെ ഒറ്റപ്പെടുത്തി കൈകാര്യം ചെയ്യാന്‍ CSR ഫണ്ട് വെച്ച് വന്‍തോതില്‍ ജനങ്ങള്‍ക്ക് വ്യക്തിഗത ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി കൂടെ നിര്‍ത്തി .
സൗജന്യങ്ങളുടെ പ്രഭയില്‍ കണ്ണു മഞ്ഞളിച്ചവര്‍ ആ കൂടെ കൂടി. 2015 ലെ തദ്ദേശ ഇലക്ഷനില്‍ മലനീകരണ പ്രശ്‌നം ഉയര്‍ത്തി പ്രതിഷേധം നടന്ന പ്രദേശത്തെ രണ്ട് വാര്‍ഡുകള്‍ ഒഴികെ മുഴുവന്‍ വാര്‍ഡും ട്വന്റി- 20 നേടി. ആ രണ്ട് വാര്‍ഡുകളില്‍ ഒന്നില്‍ ജയിച്ചത് SDPI യും മറ്റൊന്നില്‍ ജയിച്ചത് UDF ഉം ആണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി നാല് പഞ്ചായത്തുകള്‍ കിറ്റക്സ് കമ്പനിയുടെ ട്വന്റി ട്വന്റി അധികാരത്തിലെത്തി . കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട്, മുഴുവന്നൂര്‍ പഞ്ചായത്തികളിലാണ് സംഘടന വിജയിച്ചത്. എന്നാല്‍ ഇതിനിടയിലും സംഘടനക്ക് നിരാശയായി മറ്റൊരു കാര്യമുണ്ട്. കിറ്റക്സ് കമ്പനി നിലനില്‍ക്കുന്ന ചേലക്കുളം വാര്‍ഡ് പിടിക്കാന്‍ കഴിഞ്ഞതവണയും ഇത്തവണയും ട്വന്റി ട്വന്റിക്കായില്ല. ഇത്തവണയും യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിഡിഎസ് മെമ്പറുമായ അസ്മ അലിയാര്‍ ആണ് വിജയിച്ചത്. ആനുകൂല്യങ്ങള്‍ നല്‍കി നാട്ടുമ്പുറത്തെ സാധാരണക്കാരായ ജനങ്ങളെ കുറച്ച് കാലം പറ്റിച്ച് കൂടെ നിര്‍ത്താന്‍ കഴിയും. കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം പ്രതിവര്‍ഷം കൈകാര്യം ചെയ്യുന്ന മാധ്യമങ്ങള്‍ പരസ്യ വരുമാനം നിലയ്ക്കാതിരിക്കാന്‍ വാഴ്ത്തുപാട്ടുമായി രംഗത്ത് വരിക സ്വാഭാവികം…

രാജ്യഭരണം അദാനിയും അംബാനിയും ഉള്ളംകൈയിലിട്ട് അമ്മാനമാടുമ്പോള്‍ ഒരു ചെറിയ കോര്‍പറേറ്റുകാരന്‍ നാല് പഞ്ചായത്തുകള്‍ ഉള്ളംകൈയിലിട്ട് അമ്മാനമാടുന്നു. അതാണ് കിഴക്കമ്പലത്തെ കിറ്റക്‌സിന്റെ Twenty – 20 …. ഇപ്പോള്‍ അത് നാലു പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിച്ചു. കാസര്‍കോട് ടാറ്റ ഗ്രൂപ്പ് കോടികള്‍ മുടക്കി കോവിഡ് ആശുപത്രി ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച് നാടിന് സമര്‍പ്പിക്കുമ്പോള്‍ ടാറ്റ ഗ്രൂപ്പിന് അതില്‍ ഒരു സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ല.. ടാറ്റ ഒരിടത്തും രാഷ്ട്രീയ ലക്ഷ്യത്തോടെ CSR ഫണ്ട് ഉപയോഗിക്കുന്നുമില്ല.. കിറ്റക്‌സ് മുതലാളിക്ക് ജനങ്ങളെ സഹായിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം എങ്കില്‍ CSR ഫണ്ടുപയോഗിച്ച് കിഴക്കമ്പലത്തും ചുറ്റുവട്ടങ്ങളിലും സൗജന്യം നല്‍കുക മാത്രമല്ല, സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കിറ്റക്‌സ് ഗ്രൂപ്പിന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിലൂടെ കിട്ടുന്ന കൊള്ള ലാഭം ഉപേക്ഷിച്ച് കിറ്റക്‌സ് ഗ്രൂപ്പ് ഉല്‍പ്പനങ്ങളുടെ വില കുറച്ച് വിറ്റ് എല്ലാ ഉപഭോക്താക്കളെയും സഹായിക്കുന്ന നിലപാട് സ്വീകരിക്കണം… കിറ്റക്‌സ് ഗ്രൂപ്പ് ആ ഒരു നിലപാട് സ്വീകരിക്കില്ല… ജനങ്ങള്‍ക്ക് സൗജന്യം നല്‍കി പുണ്യം നേടാനല്ല മുതലാളി കമ്പനി നടത്തുന്നത്… ട്വന്റി ട്വന്റി സൂപ്പര്‍ മാര്‍ക്കറ്റ് വഴി തുച്ഛ വിലയ്ക്ക് വില്‍ക്കുന്ന അതേ കിറ്റക്‌സ് ഗ്രൂപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് കിഴക്കമ്പലത്തിന് പുറത്ത് ഏത് മാര്‍ക്കറ്റില്‍ ആയാലും ഏത് കടകളില്‍ ആയാലും സമാന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് ഒപ്പമോ അതില്‍ കൂടിയ വിലയ്‌ക്കോ ആണ് വില്‍ക്കുന്നത്.

തൊഴിലാളികള്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഡെസ്പ്യൂട്ട് ആക്റ്റ്, ട്രേഡ് യൂണിയന്‍ ആക്ട് എന്നിവ വഴി കിട്ടേണ്ട ന്യായമായ സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കാത്ത ഒരു വ്യവസായ സ്ഥാപനമാണ് കിറ്റക്‌സ് ഗ്രൂപ്പ് . മഹാ ഭൂരിപക്ഷവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീ തൊഴിലാളികള്‍ ആയിരുന്നു കിറ്റക്‌സിലെ ജീവനക്കാര്‍. ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആയി.. സ്ത്രീ തൊഴിലാളികള്‍ ആയിരുന്നു എന്നതു കൊണ്ട് കമ്പനിയുടെ സംഘടിത ഗുണ്ടായിസത്തിന് മുന്നില്‍ തൊഴിലാളികള്‍ക്ക് സംഘടിക്കാനോ ട്രേഡ് യൂണിയന്‍ രൂപീകരിക്കാനോ കഴിഞ്ഞില്ല… സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനുഭവിക്കുന്നതിനേക്കാള്‍ കടുത്ത തൊഴില്‍ ചൂഷണമാണ് അവിടത്തെ തൊഴിലാളികള്‍ അഭിമുഖീകരിച്ചിരുന്നത്. ഇപ്പോഴും തൊഴിലാളി സംഘടനകള്‍ ഇല്ലാത്ത അപൂര്‍വം വ്യവസായ സ്ഥാപനങ്ങളില്‍ ഒന്നാണ് കിറ്റക്‌സ് ഗ്രൂപ്പ് .. ട്രേഡ് യൂണിയന്‍ – രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് പുച്ഛമുള്ളവര്‍ ഇക്കാര്യത്തിലും കിറ്റക്‌സ് മുതലാളിയെ വാഴ്ത്താന്‍ ഉണ്ടാകും… തൊഴിലാളികളെ ചൂഷണം ചെയ്തുണ്ടാക്കുന്ന പണത്തിന്റെ പങ്കു കൂടി ചേര്‍ത്ത് ചില സൗജന്യങ്ങള്‍ നല്‍കിയാല്‍ ആ സൗജന്യം നല്‍കിയ മഹാമനസ്‌കതയെ വാഴ്ത്തിപ്പാടാന്‍ ഇവിടെ ആളുകള്‍ ഉണ്ട്..

ട്വന്റി-20 സൂപ്പര്‍ മാര്‍ക്കറ്റ് വഴിയുള്ള സൗജന്യ നിരക്കിലെ നിത്യോപയോഗ സാധന വിതരണം ഒഴിച്ചു നിര്‍ത്തിയാല്‍ തനത് – പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിച്ച് കിഴക്കമ്പലത്തേക്കാള്‍ ആധുനിക വികസന നേട്ടങ്ങള്‍ ഉണ്ടാക്കിയ നൂറ് കണക്കിന് തദ്ദേശ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ട്. അത് LDF ഉം UDF ഉം അധികാരം കൈയ്യാളിയ സ്ഥാപനങ്ങള്‍ ആണ്. പശ്ചാത്തല വികസനത്തില്‍ കിഴക്കമ്പലത്തേക്കാള്‍ ഒരുപാട് മുന്നിലാണ് ഞാന്‍ താമസിക്കുന്ന ആലുവയ്ക്ക് അടുത്തുള്ള കടുങ്ങല്ലൂര്‍ പഞ്ചായത്ത്. LDF ഉം UDF ഉം മാറി മാറി അധികാരത്തില്‍ വരുന്ന പഞ്ചായത്താണ് ഇത്.
കിറ്റക്‌സ് കമ്പനിയുടെ കാര്‍ഡും വാങ്ങി സൗജന്യ നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി മുതലാളിക്ക് സ്തുതിഗീതം പാടാത്ത കുറച്ച് സാധാരണക്കാര്‍ ഇപ്പോഴും കിഴക്കമ്പലത്ത് ഉണ്ട്.. ഇടതു- വലതു മുന്നണികള്‍ക്കൊപ്പം നിന്ന് രാഷ്ട്രീയ പ്രബുദ്ധത കാണിച്ച ആ ന്യൂനപക്ഷത്തിന് ബിഗ് സല്യൂട്ട്… കോര്‍പ്പറേറ്റുകള്‍ക്കും ബിസിനസുകാര്‍ക്കും അവരുടെ കച്ചവട താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കല്‍ മാത്രമാണ് ലക്ഷ്യം.. അതിനായി അവര്‍ എന്തും ചെയ്യും.. കിറ്റക്‌സ് ഗ്രൂപ്പു കൂടി ഭാഗമായ കേരളത്തിലെ വ്യവസായ- വാണിജ്യ ലോകത്തെ കോര്‍പ്പറേറ്റ് സംഘടനയായ കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ( KCCI ) യില്‍ അംഗമായിരുന്ന ഒരു വ്യവസായ സംരംഭകന്‍ കൂടി ആയിരുന്നു ഞാനും. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തെയും ജനാധിപത്യ കാഴ്ചപ്പാടുകളെയും നിരാകരിച്ചു കൊണ്ട് സ്വന്തം കച്ചവട താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രം കിറ്റക്‌സ് MD സാബു ജേക്കബ് തട്ടിക്കൂട്ടിയ ട്വന്റി- 20 എന്ന പ്രതിലോമ സംവിധാനത്തെ വാഴ്ത്തിപ്പാടാനില്ല

കിറ്റക്‌സ് ഗ്രൂപ്പിനേക്കാള്‍ പല മടങ്ങ് ആസ്ഥിയും ടേണോവറും ഉള്ള കമ്പനിയാണ് ഈസ്റ്റേണ്‍ ഗ്രൂപ്പ്. കേരളത്തിലെ നിയമങ്ങള്‍ എല്ലാം പാലിച്ചാണ് ഈസ്റ്റേണ്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത് .. എന്നാല്‍ കിറ്റക്‌സ് ഉടമകളെപ്പോലെ സമാന്തര സര്‍ക്കാര്‍ ആയി മാറാന്‍ ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ മുതിര്‍ന്നിട്ടില്ല… അദ്ദേഹത്തിന് വ്യവസായം നടത്തുക, ലാഭം നേടുക അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ചെയ്യുക എന്ന താല്‍പ്പര്യങളേ ഉള്ളൂ…പരിസ്ഥിതി സംരക്ഷണത്തിനായി മലനീകരണം സൃഷ്ടിച്ച യമുനാ തീരത്തെ ഫാക്ടറികള്‍ പൂട്ടിച്ചത് സുപ്രീം കോടതിയാണ്.. വന്‍കിട ഫാക്ടറികളിലെ മലനീകരണം നിയന്ത്രിക്കാന്‍ ഹസാഡസ് വേയ്സ്റ്റ് റൂള്‍ നടപ്പാക്കിയത് സുപ്രീം കോടതിയാണ്. തീരദേശ പരിപാലന ( പരിസ്ഥിതി സംരക്ഷണം ) നിയമം ലംഘിച്ചതിന്റെ പേരില്‍ കൊച്ചി മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട് നടപ്പാക്കിയത് സുപ്രീം കോടതിയാണ്… പാലക്കാട്ടെ പ്ലാച്ചിമടയിലെ ജല ചൂഷണ – പരിസ്ഥിതി നശീകരണ കമ്പനിയായ കൊക്കോ കോളയെ കെട്ടു കെട്ടിച്ചത് മയിലമ്മയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക സമരമാണ്..’ ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ … മലിനമായ ജലാശയവും മലിനമായ ഭൂമിയും ….. എന്നു തുടങ്ങുന്ന പരിസ്ഥിതി സംരക്ഷണ ഗാനത്തിന് കൈയ്യടിച്ചവരും ഏറ്റു പാടിയവരും പാടശേഖരവും കുടി വെള്ള സ്രോതസ്സുകളും കടമ്പ്രയാറും മലിനമാക്കുന്ന കിറ്റക്‌സിന് പിന്തുണയുമായി രംഗത്തുണ്ട് എന്നത് മറ്റൊരു കാര്യം…സാബുവിന്റെ kitex ഓഹരി വില 2015 ജൂലൈയിലാണ് അതിന്റെ പാരമ്യത്തില്‍ എത്തിയത് … അന്ന് 750 രൂപയായിരുന്നു ഒരു ഓഹരിയുടെ വില. രസകരമായ ഒരു വസ്തുത 20-20 എന്ന ഉഡായിപ്പിന്റെ തുടക്കവും 2015 ലാണ് എന്നതാണ് …

അതായത് കമ്പനിയുടെ CSR fund ഉപയോഗിച്ച് നാട്ടുകാരെ പറ്റിച്ച് മിനി നാട്ടുരാജാവാന്‍ സാബുവിനെ പ്രേരിപ്പിച്ച ഘടകം ഈ spike ആണ്… പക്ഷേ കയറിയ അതെ വേഗത്തില്‍ തന്നെ ഓഹരി വില ഇടിഞ്ഞു … 2018 മുതല്‍ 120 രൂപയ്ക്ക് താഴെ trade ചെയ്തു കൊണ്ടിരുന്ന ഈ stock 185.50 രൂപയിലാണ് കഴിഞ്ഞ ദിവസം close ചെയ്തത് … പണ്ടത്തെ ഹര്‍ഷദ് മേത്തയുടെ ഓഹരി കുംഭകോണത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചെറിയ പതിപ്പാണ് ഇപ്പോള്‍ പൊടുന്നനെ കിറ്റക്‌സ് ഓഹരിയ്ക്കുണ്ടായ വിലക്കയറ്റം.. SEBI ( സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബ്യൂറോ ഓഫ് ഇന്ത്യ ) ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ ഈ കൃത്രിമ കുതിപ്പിന്റെ യഥാര്‍ത്ഥ വസ്തുത പുറത്ത് വരും.
അവേശ കുമാരന്‍മാര്‍ kitex എന്ന് നിലവിളിച്ച് നടക്കുന്നത് കണ്ട് പറഞ്ഞു എന്ന് മാത്രം … സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട !

പിന്‍കുറി :- MC ജേക്കബ് ചതിച്ച 371 പ്രാഥമിക ഓഹരി കുടുംബങ്ങളില്‍ മഹാ ഭൂരിപക്ഷവും കോണ്‍ഗ്രസുകാര്‍ ആയതു കൊണ്ട് കോണ്‍ഗ്രസ് നേതാവായ ബെന്നി ബഹ്നാന്‍ പതിറ്റാണ്ടുകളായി കിറ്റക്‌സിന് എതിരാണ്. അതുകൊണ്ട് തന്നെ കിറ്റക്‌സിന് എതിരായ എന്ത് പ്രശനം വന്നാലും കിറ്റക്‌സിന് എതിരെ ബെന്നി ബഹ്നാന്‍ ഉണ്ടാകും.

error: Content is protected !!