അധിക വേതനമില്ലാതെ അവധി ദിനത്തിലും ജോലി: കിറ്റെക്സിനെതിരെ തൊഴിൽ വകുപ്പ് റിപ്പോർട്ട്

കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിക്കെതിരെയുള്ള തൊഴിൽ വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്. വേണ്ടത്ര ശുചിമുറികൾ കമ്പനിയിലില്ലെന്നും തൊഴിലാളികൾക്കു കുടിവെള്ളം ഉറപ്പുവരുത്താൻ കമ്പനിക്കായില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണു കിറ്റെക്സ് കമ്പനിയിൽ തൊഴിൽ വകുപ്പ് പരിശോധന നടത്തിയത്. ഈ പരിശോധനയുടെ പേരിലാണ് കിറ്റെക്സും സർക്കാരും കമ്മിൽ തർക്കം ഉടലെടുത്തതും തെലങ്കാനയിലെ നിക്ഷേപത്തിനു കമ്പനി തയാറായതും.

അവധി ദിനത്തിലും ജീവനക്കാരെ ജോലി ചെയ്യിക്കുന്നുണ്ടെങ്കിലും അധിക വേതനം നൽകുന്നില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. മിനിമം വേതനവും തൊഴിലാളികൾക്കു നൽകുന്നില്ല. അനധികൃതമായി തൊഴിലാളികളിൽനിന്നു പിഴ ഈടാക്കി. വാർഷിക റിട്ടേൺ സമർപ്പിച്ചില്ല. തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ റജിസ്റ്റർ സൂക്ഷിക്കുന്നില്ല. ശമ്പളം കൃത്യസമയത്ത് നൽകാൻ കമ്പനി തയാറാകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കരാർ തൊഴിലാളികൾക്കു ലൈസൻസ് ഉണ്ടായിരുന്നില്ലെന്നു പരിശോധനയിൽ കണ്ടെത്തി. കരാറുകാരുടെ വിവരങ്ങളടങ്ങിയ റജിസ്റ്റർ സൂക്ഷിച്ചിരുന്നില്ല. ഇതര സംസ്ഥാനത്തൊഴിലാളികൾക്ക് ആവശ്യമായ മെഡിക്കൽ സൗകര്യം ഉണ്ടായിരുന്നില്ല. ദേശീയ അവധി ദിവസങ്ങളിൽപോലും ജീവനക്കാർക്ക് അവധി നൽകാതെ ജോലി ചെയ്യിച്ചു. സാലറി സ്ലിപ്പുകൾ കമ്പനി സൂക്ഷിച്ചിരുന്നില്ല. ശമ്പളം നൽകുന്ന റജിസ്റ്ററും കമ്പനിയിൽ കണ്ടെത്താനായില്ല, റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, റിപ്പോർട്ട് കള്ളത്തരമെന്ന് കിറ്റെക്സ് എംഡി സാബു എം. ജേക്കബ്. ഒരു രേഖയും പരിശോധിക്കാതെ തയാറാക്കിയ റിപ്പോർട്ടാണിത്. എത്ര ശുചിമുറിയുണ്ടെന്ന് ഇവർ പറയട്ടേ. 70–90% വരെ അധിക വേതനം നൽകുന്നു. വ്യവസായികളെ അപമാനിക്കുന്ന സമീപനമാണിത്. ഓരോന്നിനെയും നേരിടാൻ തനിക്കു കഴിയും, അദ്ദേഹം കൂട്ടിച്ചേർത്തു.

error: Content is protected !!