സിക്ക വെെറസിനെ കുറിച്ച് പൊതുവേ ചോദിക്കുന്ന സംശയങ്ങളും മറുപടികളും ഇതാണ്

സിക്ക വെെറസ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നിരവധി സംശയങ്ങളാണ് ആളുകൾക്കുള്ളത്. ഇത്തരത്തിലുള്ള സംശയങ്ങളും മറുപടികളും അറിയാം.

സിക്ക വെെറസ് ഏതെല്ലാം പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്?

ഈഡിസ് കൊതുകുകളുടെ സാന്നിധ്യം കൂടുതലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് സിക്ക വെെറസ് കാണപ്പെടുന്നത്. ഇന്ത്യയിൽ രാജസ്ഥാൻ പോലുള്ള സ്ഥലങ്ങളിൽ ഇത് കൂടുതലായി കാണപ്പെടുന്നു. 

സിക്ക വെെറസ് പിടിപെടുന്നത് എങ്ങനെ?

ഡെങ്കി, ചിക്കുൻ​ഗുനിയ തുടങ്ങിയ രോ​ഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വെെറസ് പരത്തുന്നത്. രോ​ഗാണുബാധയുള്ള ഈഡിസ് കൊതുകിന്റെ കടി ഏൽക്കുന്നതിലൂടെ ഒരാൾക്ക് ഈ രോ​ഗം പിടിപെടുന്നു. 

ഈഡിസ് കൊതുകുകളുടെ പ്രജനനം എങ്ങനെയാണ്?

ഈഡിസ് വിഭാ​ഗത്തിൽപ്പെട്ട പെൺകൊതുകുകൾ മാത്രമേ കടിക്കൂ. ഇവ ഒരേ സമയം ഒന്നിലധികം ആളുകളുടെ ചോര കുടിക്കുന്നു. ഒരു സമയം വേണ്ടത്ര ചോര കുടിച്ചതിനു ശേഷൺ മൂന്നു ദിവസം വരെ മുട്ടയിടുന്നതിനായി ഇവ വിശ്രമിക്കുന്നു. ഈ മുട്ടകൾക്ക് ശുദ്ധജലത്തിൽ ഒരു വർഷൺ വരെ ജീവിക്കാനാകും. ഇവയ്ക്ക് മുട്ടയിട്ടു വളരുന്നതിന് വളരെ കുറച്ച് വെള്ളം മതിയാവും. ഈ മുട്ടകൾ പിന്നീട് ലാർവ ആയും കൊതുകുകൾ ആയും മാറുന്നു. കൊതുകുകൾക്ക് വെെറസ് ബാധ ഉണ്ടാവുന്നത് മനുഷ്യരിൽ നിന്നാണ്. 

ഈഡിസ് കൊതുകുകൾക്ക് ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ ആകുമോ?

ഈഡിസ് കൊതുകുകൾക്ക് അധികദൂരം പറക്കാൻ കഴിയുകയില്ല. പരമാവധി 400 മീറ്റർ വരെയാണ് ഇവ പറക്കുന്നത്. എന്നിരുന്നാലും മനുഷ്യർ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ സഞ്ചരിക്കുന്ന കാർ വഴിയോ ചെടികൾ വഴിയോ ഇവയും കൂടെ സഞ്ചരിക്കാൻ സാധ്യതയുണ്ട്. 

സിക്ക വെെറസ് രോ​ഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

വെെറസ് ബാധയുള്ള കൊതുകിന്റെ കടിയേറ്റതിനു ശേഷം കുറച്ചുദിവസങ്ങൾ കഴിഞ്ഞ് ​ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടെ ആണ് സിക്ക വെെറസ് രോ​ഗം കാണപ്പെടുന്നത്. ചെറിയ പനി, ശരീരത്തിൽ തിണർപ്പ് എന്നീ ലക്ഷണങ്ങളോടെയാണ് മിക്കവരിലും ഈ രോ​ഗം പ്രത്യക്ഷപ്പെടുന്നത്. ചിലരിൽ കണ്ണിൽ ചുവപ്പുനിറം, പേശീവേദന, സന്ധിവേദന, ക്ഷീണം എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. ലക്ഷണങ്ങൾ രണ്ടു മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കാം. 

സിക്ക വെെറസ് രോ​ഗം ​ഗുരുതരമാകുന്നത് എപ്പോൾ?

സിക്ക വെെറസ് രോ​ഗബാധ ഉള്ളവരിൽ ​ഗില്ലൻ ബാരി സിൻഡ്രോം, മെെക്രോസെഫാലി എന്നീ രോ​ഗങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. പക്ഷേ ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശദമായ പഠനങ്ങൾ നടന്നുവരുന്നതേയുള്ളൂ. 

പേശികളിൽ വേദന, കെെകാലുകളിൽ തരിപ്പ് എന്നീ അവസ്ഥകൾ കാണുന്ന രോ​ഗമാണ് ​ഗില്ലൻബാരി. ഈ രോ​ഗം ബാധിച്ച മിക്കവരിലും അസുഖം ഭേദമാകാറുണ്ട്. എന്നിരുന്നാലും ചിലരിൽ ക്ഷീണം പോലുള്ള ലക്ഷണങ്ങൾ തുടർന്നും കാണാറുണ്ട്. 

​ഗർഭിണികളിൽ സിക്ക രോ​ഗം ​ഗുരുതരമാകുമോ?

സിക്ക രോ​ഗം ബാധിച്ച ​ഗർഭിണികളുടെ കുട്ടികളിൽ മെെക്രോസെഫാലി എന്ന രോ​ഗം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ​ഗർഭിണികളും ​ഗർഭിണിയാകാൻ ആ​ഗ്രഹിക്കുന്നവരും കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കണം. 

നിങ്ങൾ ​ഗർഭിണിയാണെങ്കിൽ സിക്ക രോ​ഗമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. 

എന്താണ് മെെക്രോസെഫാലി?

കുഞ്ഞുങ്ങളിൽ സാധാരണയിൽ കുറഞ്ഞ വലുപ്പമുള്ള തല കാണപ്പെടുന്ന അവസ്ഥയാണ് മെെക്രോസെഫാലി എന്ന പേരിൽ അറിയപ്പെടുന്നത്. ​ഗർഭാവസ്ഥയിലോ ശിശു ആയിരിക്കുന്ന സമയത്തോ തലച്ചോറിന്റെ വികാസം ശരിയായ രീതിയിൽ നടക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരം കുഞ്ഞുങ്ങൾ വളരുമ്പോൾ മറ്റ് വെല്ലുവിളികളും നേരിട്ടേക്കാം. 

ജനിതകമായ കാരണങ്ങളാലും വളരുന്ന അന്തരീക്ഷവുമായി ബന്ധപ്പെട്ട കാരണങ്ങളാലും കുഞ്ഞുങ്ങളിൽ മെെക്രോസെഫാലി കാണപ്പെടാം. ഭ്രൂണാവസ്ഥയിൽ മയക്കുമരുന്ന്, മദ്യം, മറ്റ് വിഷ വസ്തുക്കൾ എന്നിവയുമായുള്ള ബന്ധമുണ്ടാകുന്നത് ഇതിനൊരു കാരണമാണ്. ​ഗർഭിണിയായ സ്ത്രീക്ക് റുബല്ല രോ​ഗബാധ ഉണ്ടായാലും കുഞ്ഞുങ്ങളിൽ മെെക്രോസെഫാലി ഉണ്ടാകുന്നതായി കണ്ടുവരുന്നു. 

സിക്ക വെെറസ് രോ​ഗബാധ ചികിത്സിക്കുന്നത് എങ്ങനെ?

നിലവിൽ സിക്ക രോ​ഗത്തിന് പ്രത്യേക ചികിത്സകൾ ഇല്ല. വേദനയ്ക്കും പനിക്കുമുള്ള മരുന്നുകൾ, വിശ്രമം, ധാരാളം വെള്ളം കുടിക്കുക ഇവയിലൂടെ രോ​ഗം ഭേദമാകും. രോ​ഗം ​ഗുരുതരമാവുകയാണെങ്കിൽ വെെദ്യസഹായം തേടണം. 

സിക്ക വെെറസ് രോ​ഗബാധ കണ്ടുപിടിക്കുന്നത് എങ്ങനെ?

ലക്ഷണങ്ങളിലൂടെയും കൊതുകുകടി ഏൽക്കാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിലും വെെറസ് ബാധ ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിലൂടെയുമാണ് സിക്ക വെെറസ് രോ​ഗബാധ കണ്ടെത്തുന്നത്. പ്രത്യേക പരിശോധന സംവിധാനങ്ങളുള്ള ലബോറട്ടറിയിൽ‍‍‍‍ നടത്തുന്ന രക്തപരിശോധനയിലൂടെയാണ് ഈ രോ​ഗം സ്ഥിരീകരിക്കുന്നത്. 

സിക്ക രോ​ഗബാധയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനായി എന്തെല്ലാം മുൻകരുതലുകൾ എടുക്കണം?

രോ​ഗബാധയിൽ നിന്ന് സംരക്ഷണം ലഭിക്കാനായി ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം കൊതുകുകടി ഏൽക്കാതിരിക്കുക എന്നതാണ്. കൊതുകുകടി ഏൽക്കാതിരിക്കുന്നതിലൂടെ സിക്ക വെെറസിൽ നിന്ന് മാത്രമല്ല ഡെങ്കി, ചിക്കുൻ​ഗുനിയ തുടങ്ങിയ മറ്റ് രോ​ഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കും. 

കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോ​ഗിക്കുക. ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, ജനാലുകളും വാതിലുകളും അടച്ചിടുക, ജനലുകൾക്കും വാതിലുകൾക്കും സ്ക്രീനുകൾ ഉപയോ​ഗിക്കുക, പകൽ ഉറങ്ങുമ്പോൾ പോലും കൊതുകുവലകൾ ഉപയോ​ഗിക്കുക, ശുദ്ധജലം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ബക്കറ്റുകൾ, പൂച്ചെട്ടികൾ, ടയറുകൾ മുതലായ വസ്തുക്കൾ ഇടയ്ക്കിടെ വൃത്തിയാക്കുക എന്നിവ ചെയ്യാം. 

സിക്ക വെെറസ് രോ​ഗബാധ റിപ്പോർട്ട് ചെയ്യുന്ന ഇടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കേണ്ടതുണ്ടോ?

സിക്ക വെെറസ് രോ​ഗത്തെക്കുറിച്ചും മറ്റ് കൊതുകുജന്യ രോ​ഗങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ മനസ്സിലാക്കുകയും അത്തരം രോ​ഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് നിർദേശങ്ങൾക്കായി 104,1056,0471 2552056 എന്നീ ദിശ ഹെൽപ്പ്ലെെൻ നമ്പറുകളുമായി ബന്ധപ്പെടുകയും ചെയ്യുക. 

കൊതുകുജന്യ രോ​ഗങ്ങൾ ബാധിക്കാതിരിക്കാനായി നേരത്തെ വ്യക്തമാക്കിയത് പോലെയുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്. ​ഗർഭിണികളും ​ഗർഭിണിയാകാൻ ആ​ഗ്രഹിക്കുന്നവരും പ്രത്യേക കരുതൽ എടുക്കുകയും യാത്ര ചെയ്യുന്നതിന് മുമ്പ് അടുത്തുള്ള ആരോ​ഗ്യകേന്ദ്രവുമായി ബന്ധപ്പെടുകയും ചെയ്യേണ്ടതാണ്. 

വീടുകളിൽ താമസിക്കുന്ന ഓരോരുത്തർക്കും കൊതുകുകളുടെ എണ്ണം കുറയ്ക്കാനായി പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് മുട്ടയിട്ട് വളരുവാൻ സാധ്യതയുള്ള ചെറിയ അളവ് ശുദ്ധജലം പോലും കെട്ടിക്കിടക്കുന്ന ബക്കറ്റുകൾ, പൂച്ചെട്ടികൾ, ടയറുകൾ മുതലായവ വെളളം കെട്ടി നിൽക്കാതെ സൂക്ഷിക്കേണ്ടതാണ്. 

error: Content is protected !!