വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവള: തെലങ്കാനയില്‍ സൗജന്യങ്ങളുടെ പെരുമഴ-കിറ്റക്‌സ് എം.ഡി

 സംസ്ഥാന സര്‍ക്കാരിനേയും വ്യവസായ വകുപ്പിനേയും രൂക്ഷമായി വിമര്‍ശിച്ച് കിറ്റക്‌സ് എം.ഡി സാബു ജേക്കബ്‌. കേരളത്തിലെ വ്യവസായിക വകുപ്പ് പൊട്ടക്കിണറ്റില്‍ വീണ തവളയാണ്. മറ്റു സംസ്ഥാനങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല.  കേരളം കൊട്ടിഘോഷിക്കുന്ന ഏകജാലകം കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു..

തെലങ്കാന സര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് സാബു ജേക്കബ് കേരള സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയിലായിരിക്കുമെന്നും സാബു ജേക്കബ് വ്യക്തമാക്കി. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് സാബു ജേക്കബും സംഘവും തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച്  കൂടിക്കാഴ്ച നടത്തി അവിടെ നിക്ഷേപം നടത്താന്‍ തീരുമാനിച്ചത്‌.

സാബു ജേക്കബിന്റെ വാര്‍ത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ 

തെലങ്കാനയില്‍ ആനുകൂല്യങ്ങളുടെ പെരുമഴയാണ്. ടെക്‌സ്റ്റൈല്‍സിനുവേണ്ടി മാത്രമായിട്ടൊരു  വ്യവസായിക പാര്‍ക്കാണ് തെലങ്കാനയിലേത്. കാക്കാത്തിയ മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്ക് എന്നാണ് പേര്. ഏകദേശം 1200 ഏക്കര്‍ സ്ഥലത്താണ് ഇത് വ്യാപിച്ച് കിടക്കുന്നത്. ഇതിന് പുറമെ ചന്തന്‍വള്ളി ഇന്റസ്ട്രിയല്‍ പാര്‍ക്ക് എന്ന ജനറലായിട്ടുള്ളൊരു ഇന്റസ്ട്രിയല്‍ പാര്‍ക്കും.  ഈ രണ്ട് പാര്‍ക്കുകളും 1200 ഏക്കറോളമുണ്ട്.

കേരളത്തിലും ഒരുപാട് വ്യാവസായിക പാര്‍ക്കുകള്‍ ഉണ്ട്.  പക്ഷേ തെലുങ്കാനയില്‍ ഇതുപോലെയല്ല. കേരളത്തിലേതില്‍ നിന്നും വ്യത്യസ്തമായി  ഇന്‍ഫ്രാസ്ട്രക്ചര്‍, റോഡ് സൗകര്യം, വെള്ളത്തിനുള്ള സൗകര്യങ്ങള്‍, ഇലക്ട്രിസിറ്റി എല്ലാം വളരെ ആധുനികമായി നടപ്പിലാക്കിയിരിക്കുന്നു. 

കേരളത്തിലെ സ്ഥലത്തിന്റെ വില നമുക്കറിയാം. തെലങ്കാനയില്‍  പത്ത് ശതമാനം വില മാത്രമെ സ്ഥലത്തിന്റെ വിലയായി വരുന്നുള്ളു. അതു തന്നെ ഒരു നിക്ഷേപകനെ സംബന്ധിച്ച് ഏറ്റവും വലിയകാര്യമാണ്. 

വൈദ്യുതി ഒരിക്കലും മുടങ്ങില്ലെന്ന് തെലങ്കാന വ്യവസായ മന്ത്രി ഉറപ്പുതന്നിട്ടുണ്ട്. വെള്ളം എത്ര വേണമെങ്കിലും തരാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.   ആകെ തെലങ്കാനയില്‍ കണ്ടൊരു ന്യൂനത ഞങ്ങള്‍ കയറ്റുമതി മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. ഓരോ ദിവസവും 12ഉം 20 കണ്ടെയ്‌നറുകള്‍ കയറ്റി അയയ്‌ക്കേണ്ടതായിട്ടുണ്ട്.  ഒരു പോര്‍ട്ടിലേക്കുള്ള ദൂരം വളരെ കൂടുതല്‍. അതിനുവേണ്ടി വരുന്ന ചിലവും വളരെ കൂടുതല്‍ ആണ്.  അവിടെയും സര്‍ക്കാര്‍ പരിഹാം കണ്ടു. അധികമായിട്ടുവരുന്ന ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും. 

ഒരു സാങ്കേതിക വിദഗ്ദ്ധന്റെ കഴിവോടു കൂടിയിട്ട് വളരെ പ്രാക്ടിക്കലായി സംസാരിക്കുന്ന ഒരു വ്യക്തിയായിരുന്നു  തെലങ്കാന വ്യവസായ മന്ത്രി.  വ്യവസായി എന്ന നിലയില്‍ ഒരു പ്രശ്‌നം അവതരിപ്പിക്കുമ്പോള്‍ തന്നെ ഒരു മിനിട്ടിനുള്ളില്‍ പരിഹാരവും മന്ത്രി പറഞ്ഞുതരും. 

മാലിന്യം പുറത്തേക്ക് വിടുന്നു എന്നതാണ് ഈ ഫാക്ടറിയെ പറ്റിയുള്ള ഒരു പ്രചാരണം. ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഏത് സാങ്കേതിക വിദ്യ ഉപയോഗിച്ചാലും പൊതുസമൂഹത്തിന് അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശേഷം വ്യവസായ മന്ത്രി പറഞ്ഞ മറുപടി ആ ഉത്തരവാദിത്വം സര്‍ക്കാരിന്റെതാണ് എന്നാണ്.  മാലിന്യത്തിന്റെ ഔട്ട്‌ലറ്റ് സര്‍ക്കാരിന് തന്നാല്‍ മതി. മാലിന്യത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ 30 ദിവസത്തിനുള്ളില്‍ 11 റെയ്ഡുകള്‍ നടത്തിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ തെലങ്കാനയില്‍ അങ്ങനെ ഒരു സംഭവമേയില്ലെന്നാണ് പറഞ്ഞത്. പരിശോധനയുടെ പേരില്‍ ഒരു ഉദ്യോഗസ്ഥന്‍മാരും വ്യവസായ ശാലകള്‍ കയറിയിറങ്ങില്ല. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഒരു പരിശോധന നടക്കും. മന്ത്രിമാരുടെ അറിവോടെ മുന്‍കൂട്ടി അറിയിച്ച പ്രകാരമായിരിക്കും ഇതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

വേദനയോടെ കേരളം വിടുന്നത്. കേരളമാണ് ഞങ്ങളെ വളര്‍ത്തിയത്. കേരളത്തില്‍ 53 വര്‍ഷം നടത്തിയ പ്രയത്‌നം മറ്റൊരു സംസ്ഥാനത്ത് ആയിരുന്നെങ്കില്‍ കമ്പനി ഇപ്പോഴുള്ളതിന്റെ 30 ഇരട്ടി വളര്‍ന്നെനെ. ആയതിനാല്‍  ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയിലായിരിക്കും.  ആദ്യഘട്ടത്തില്‍ 1000 കോടി മുതല്‍മുടക്കിന്റെ പദ്ധതി തുടങ്ങാനാണ് തീരുമാനം. മറ്റു സംസ്ഥാനങ്ങളും സമീപിച്ചിട്ടുണ്ട്. അതും ചര്‍ച്ചയിലൂടെ പരിഗണിക്കും. 53 വര്‍ഷങ്ങള്‍കൊണ്ട് നഷ്ടപ്പെട്ട വളര്‍ച്ച 10 വര്‍ഷം കൊണ്ട് തിരികെ പിടിക്കാമെന്ന് ഉറപ്പുണ്ട്. 

error: Content is protected !!