ജനസംഖ്യാനിയന്ത്രണനിയമം നിർമിക്കാനൊരുങ്ങി യു.പി. •രണ്ടുകുട്ടികളിൽ കൂടുതലുള്ളവർക്ക് ജോലിയോ ആനുകൂല്യമോ ഇല്ല •തിരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല

അടുത്തവർഷം നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിന്‌ മുന്നോടിയായി ജനസംഖ്യാനിയന്ത്രണത്തിന് വിവാദനിയമം നിർമിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ.

രണ്ടുകുട്ടികളിൽ കൂടുതലുള്ളവർക്ക് സർക്കാർജോലിയും സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും നിഷേധിക്കാനും തദ്ദേശസ്ഥാപനതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കാനുമാണ് ആലോചന. ഇതിനുള്ള കരടുബില്ലിൽ (ഉത്തർപ്രദേശ് ജനസംഖ്യ-നിയന്ത്രണ, സ്ഥിരത, ക്ഷേമ- ബിൽ 2021) പൊതുജനങ്ങളിൽനിന്ന് സംസ്ഥാന നിയമകമ്മിഷൻ അഭിപ്രായം തേടി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള അവസാനതീയതി ജൂലായ് 19 ആണ്.

സംസ്ഥാനത്തെ മുസ്‌ലിംവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണ് ബില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിൽ സംബന്ധിച്ച യോഗത്തിൽ പങ്കെടുത്തതിനുപിന്നാലെ ഗാസിയാബാദിൽ ഉൾപ്പെടെ പ്രതിഷേധങ്ങളും അരങ്ങേറി. യുവാക്കൾക്കും സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ടി എന്തെങ്കിലും ചെയ്യേണ്ട സമയത്ത് സാമുദായികരാഷ്ട്രീയം കളിക്കാനാണ് യോഗി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് അൻഷു അവസ്തി കുറ്റപ്പെടുത്തി. 

ജനുവരി ഒന്നുമുതൽ അസമിലെ ബി.ജെ.പി. സർക്കാരും സമാനനിയമം നടപ്പാക്കിയിട്ടുണ്ട്. ലക്ഷദ്വീപിൽ ഇതേ നിയമം കൊണ്ടുവരാനാണ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നീക്കം.

രണ്ടുകുട്ടികളെന്ന നയം പിന്തുടരുന്ന പൊതുജനസേവകർക്ക് ആനുകൂല്യം നൽകാൻ യു.പി.യിലെ കരടുബിൽ വ്യവസ്ഥചെയ്യുന്നുണ്ട്. ഇവർക്ക് സേവനകാലാവധിക്കിടയിൽ രണ്ട് അധിക ഇൻക്രിമെന്റുകൾ ലഭിക്കും. മുഴുവൻ ശമ്പളവും ആനുകൂല്യവും അടങ്ങിയ 12 മാസത്തെ മാതൃ-പിതൃ അവധി, ദേശീയ പെൻഷൻ പദ്ധതിയിൽ മൂന്നുശതമാനത്തിന്റെ തൊഴിലുടമ വിഹിതവർധന എന്നിവയുമുണ്ടാകും. ഒരു കുട്ടി മാത്രമുള്ളവർക്കും ആനുകൂല്യങ്ങൾ ബില്ലിൽ വ്യവസ്ഥചെയ്യുന്നുണ്ട്. രണ്ടാംതവണ ഇരട്ടക്കുട്ടികൾ ജനിക്കുകയാണെങ്കിലോ മൂന്നാമത്തെ കുട്ടിയെ ദത്തെടുക്കുകയാണെങ്കിലോ നിയമം ബാധകമല്ല. ഒരു കുട്ടി ഭിന്നശേഷിക്കാരനായതിനാൽ മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാലും രണ്ടാമത്തെ കുട്ടിയുടെ മരണശേഷം മൂന്നാമത്തെ കുട്ടിയുണ്ടായാലും നിയമലംഘകരായി കണക്കാക്കില്ല.

ബില്ലിൽ സർക്കാരിന്റെ കടമകളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പ്രസവകേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതിലൂടെയും സന്നദ്ധസംഘടനകൾവഴിയും ഗർഭനിരോധനഗുളികകളും ഉറകളും വിതരണംചെയ്യും.

ഗർഭനിരോധന മാർഗങ്ങളെക്കുറിച്ച് സാമൂഹികാരോഗ്യപ്രവർത്തകർ മുഖേന ബോധവത്കരണം നടത്തും. ഗർഭം, പ്രസവം, ജനനം, മരണം എന്നിവ നിർബന്ധമായും രജിസ്റ്റർചെയ്യും. സെക്കൻഡറിതലംമുതൽ ജനസംഖ്യാനിയന്ത്രണം നിർബന്ധിത പാഠ്യവിഷയമാക്കും. സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് ജനസംഖ്യയെ സ്ഥിരപ്പെടുത്തേണ്ടതും നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണെന്ന് ബില്ലിൽ പറയുന്നു. •കേന്ദ്രനയം വ്യത്യസ്തം 

:ജനസംഖ്യാവർധന തടയാൻ കുടുംബാസൂത്രണത്തിന് ദമ്പതിമാരെ നിർബന്ധിക്കുന്നതിന് എതിരാണെന്നാണ് കേന്ദ്രസർക്കാർ കഴിഞ്ഞ ഡിസംബറിൽ സുപ്രീംകോടതിയെ അറിയിച്ചത്. 

കുടുംബാസൂത്രണത്തിനും നിശ്ചിത എണ്ണം കുട്ടികളെ ജനിപ്പിക്കുന്നതിനും ജനങ്ങളെ നിർബന്ധിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുകയെന്നാണ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സത്യവാങ്മൂലം. ബി.ജെ.പി. നേതാവ് അഡ്വ. അശ്വിനികുമാർ ഉപാധ്യായ നൽകിയ ഹർജിയിൽ കേന്ദ്രത്തിന്റെ അഭിപ്രായം തേടിയപ്പോഴാണിത്. 2001-2021 കാലത്തെ ഇന്ത്യയിലെ ജനസംഖ്യാനിരക്ക് കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് കേന്ദ്രം അന്ന് കോടതിയെ അറിയിച്ചു. 

കുടുംബാസൂത്രണത്തിലെ ബലപ്രയോഗം എതിർക്കുന്ന 1994-ലെ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ പോപ്പുലേഷൻ ആൻഡ് ഡവലപ്പ്‌മെന്റിന്റെ കർമപരിപാടിയിലും ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. 

error: Content is protected !!