സംസ്ഥാന സർക്കാരിന്റെ കോവിഡ് -19 ‘സമാശ്വസ പദ്ധതി’ക്ക് തുടക്കമായി

സംസ്ഥാന സർക്കാരിന്റെ കോവിഡ് -19 ‘സമാശ്വസ പദ്ധതി’ക്ക് തുടക്കമായി. അഞ്ചു ഘടകങ്ങളിലായി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. നിലവിലുള്ള നിരവധി പദ്ധതികൾ പരിഷ്കരിക്കുകയും കൂടുതൽ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പല പദ്ധതികളുടെയും കാലാവധി നീട്ടി.

1,20,000 രൂപ വരെ പലിശ സഹായം

സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങൾ പുതുതായി എടുത്തതോ അധികമായി എടുത്തതോ പുനഃക്രമീകരിച്ചതോ ആയ വായ്പയുടെ പലിശയാണ് സർക്കാർ ഗ്രാന്റായി നൽകുക. 50 ശതമാനം പലിശ, പരമാവധി 1,20,000 രൂപ വരെ ഒരു സ്ഥാപനത്തിന് ലഭിക്കും. 2021 ഡിസംബർ വരെ എടുക്കുന്ന വായ്പയ്ക്ക് ഒരു വർഷത്തേക്ക് ആനുകൂല്യം നൽകും. 5,000 യൂണിറ്റുകൾക്കായി 400 കോടി രൂപയാണ് ചെലവാക്കാൻ ഉദ്ദേശിക്കുന്നത്.

സംരംഭ സഹായ സബ്സിഡി 40 ലക്ഷത്തിലേക്ക് ഉയർത്തി

സ്ഥിര നിക്ഷേപത്തെ അടിസ്ഥാനമാക്കി നിർമാണ സ്ഥാപനങ്ങൾക്ക് നൽകിവന്ന പരമാവധി സബ്‌സിഡി 30 ലക്ഷം രൂപയിൽ നിന്ന്‌ 40 ലക്ഷം രൂപയാക്കി ഉയർത്തി. സാധാരണ സംരംഭകർക്ക് നൽകിവന്നിരുന്ന 20 ലക്ഷം രൂപ 30 ലക്ഷത്തിലേക്ക് ഉയർത്തുകയും ചെയ്തു. വനിതകൾ, പട്ടികജാതി/വർഗ യുവാക്കൾ ഇവർക്കൊപ്പം പ്രത്യേക വിഭാഗമായി എൻ.ആർ.കെ. (Non Resident Kerala) വിഭാഗത്തേയും അംഗീകരിച്ചിരിക്കുന്നു എന്നതാണ് ഒരു വലിയ മാറ്റം. തിരിച്ചെത്തുന്ന മലയാളി സംരംഭകർക്ക് ഇത് ഏറെ ഗുണം ചെയ്യും. സ്ഥിര നിക്ഷേപത്തിന്റെ 45 ശതമാനം വരെ ഇപ്പോൾ സബ്‌സിഡിയായി ലഭിക്കും. 3,000 യൂണിറ്റുകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സേവന വിഭാഗത്തിൽ വരുന്ന നാനോ യൂണിറ്റുകൾക്ക് 40 ശതമാനം വരെ പ്രത്യേക മാർജിൻ മണി ഗ്രാന്റ് അനുവദിക്കുന്നതിനും വ്യവസ്ഥയുണ്ട്.

10 ലക്ഷം വരെയുള്ളവർക്ക് നാനോ പലിശ സബ്‌സിഡി

അഞ്ചു ലക്ഷം രൂപ വരെ നിക്ഷേപമുള്ള സംരംഭകർക്കായി പരിമിതപ്പെടുത്തിയിരുന്ന പലിശ സബ്‌സിഡി പദ്ധതി 10 ലക്ഷമാക്കിയും ഉയർത്തി. സേവന സ്ഥാപനങ്ങളേയും അർഹതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ സംരഭകർക്ക് ആറ്‌ ശതമാനവും വനിത, എസ്.സി/എസ്.ടി. വിഭാഗങ്ങൾക്ക് എട്ട് ശതമാനവും വാർഷിക പലിശ സബ്‌സിഡിയായി അനുവദിക്കാനാണ് പദ്ധതിയിൽ വ്യവസ്ഥ ചെയ്യുന്നത്. ഈ ആനുകൂല്യം മൂന്നു വർഷം വരെ ലഭിക്കും.

കെ.എസ്.ഐ.ഡി.സി.യിലും വിവിധ ആനുകൂല്യങ്ങൾ

സമാശ്വാസ പദ്ധതിയുടെ ഭാഗമായി കെ.എസ്.ഐ. ഡി.സി. അവരുടെ സംരംഭകർക്കായി നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. വായ്പ പുനഃക്രമീകരിക്കുവാൻ സൗകര്യം ഒരുക്കി. ആറു മാസത്തേക്ക് മൊറട്ടോറിയം, ഒരു വർഷത്തെ പിഴപ്പലിശ ഇളവ്, അഞ്ചു ശതമാനം പലിശയ്ക്ക് സോഫ്റ്റ്‌ ലോൺ, വിദേശത്തുനിന്ന്‌ തിരിച്ചെത്തുന്നവർക്ക് അഞ്ചു ശതമാനം പലിശയ്ക്ക് പുതുവായ്പ, ആരോഗ്യരംഗത്തെ സംരംഭങ്ങൾക്ക് പ്രത്യേക വായ്പകൾ എന്നീ ആനുകൂല്യങ്ങൾ ലഭിക്കും.

കെ.എസ്.ഐ.ഡി.സി.യുടെ വ്യവസായ ഏരിയകളിലും പാർക്കുകളിലും കെട്ടിടങ്ങളിലും സംരംഭം നടത്തുന്നവർക്ക് പ്രത്യേക വാടക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

‌കിൻഫ്രയുടെ ആനുകൂല്യങ്ങൾ

കിൻഫ്രയുടെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് മൂന്നു മാസത്തെ വാടക പൂർണമായി ഒഴിവാക്കി. പൊതുസേവനത്തിനുള്ള ചാർജും ഒഴിവാക്കി.

ഭൂമി അനുവദിക്കുമ്പോൾ അടയ്ക്കേണ്ട തുകകളിലും കാര്യമായ കുറവു വരുത്തി. കുടിശ്ശികക്കാർക്കായി പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും ഏർപ്പെടുത്തും. 1,416 കോടി രൂപയുടെ പുതിയ വായ്പയും 139 കോടി രൂപയുടെ സർക്കാർ ഗ്രാന്റും ഈ പദ്ധതികളിലൂടെ സംരംഭകർക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

error: Content is protected !!