6 സെക്കൻഡ് കൊണ്ടൊരു ‘ലാലേട്ടൻ ചിത്രം’

പയ്യന്നൂർ കോറം സ്വദേശി കെ.പി.രോഹിത് കല്ലു നിരത്തി വരച്ച മോഹൻലാല്‍ ചിത്രത്തിന്റെ ആയുസ് 6 സെക്കൻഡ് ആണ്.സ്‌ലോ മോഷനിൽ വിഡിയോ ഷൂട്ടു ചെയ്താൽ മാത്രമേ ഇതു വ്യക്തമായി ആസ്വദിക്കാൻ തന്നെ കഴിയൂ.ഡ്രോയിങ് ബോർഡിൽ പല വലുപ്പത്തിലുള്ള കല്ലുകൾ നിരത്തി മോഹൻലാലിന്റെ മുഖം വരച്ചു. ഇതിനു ശേഷം നിന്നു കൊണ്ടു തന്നെ ബോർഡിലെ കല്ലുകൾ പതുക്കെ മുകളിലേക്ക് ഇടുന്നു. മുറംകൊണ്ടു അരിയും മറ്റും വൃത്തിയാക്കുമ്പോൾ ചെയ്യുന്നതുപോലെ ഒരു പ്രത്യേക ആംഗിളിലാണു കല്ലുകൾ മുകളിലേക്ക് ഇടുന്നത്. ഏകദേശം 6 സെക്കൻഡ് നേരം ബോർഡിലെ ചിത്രം വായുവിൽ തെളിഞ്ഞു നിൽക്കും. 

ഏറെക്കാലം നീണ്ട ശ്രമത്തിലൂടെയാണു രോഹിത് മോഹൻലാലിന്റെ ചിത്രം ഇതുപോലെ വരച്ചു വിഡിയോയിലാക്കിയത്. ചെറുതായി ആംഗിൾ മാറിയാൽപോലും ചിത്രം വായുവിൽ തെളിയില്ല. കല്ലുകൾ വയ്ക്കുന്നതിലെ ദൂരം മാറിയാലും കൃത്യമായി തെളിയില്ല. കാരണം വായുവിൽ ഉയരുമ്പോൾ ചിത്രത്തിന്റെ മുകൾഭാഗത്തെ കല്ലുകൾ ആദ്യം ഉയരും. 

സെക്കൻഡുകൾ വൈകിയാണു താഴെയുള്ള കല്ലുകൾ ഉയരുക. ഇതു കൃത്യമായി കണക്കാക്കിയാൽ മാത്രമേ ചിത്രം കൃത്യമായി തെളിയൂ. കണ്ണും മറ്റും കൃത്യമായി അതാതു സ്ഥാനത്തു തെളിയുകയാണു വലിയ വെല്ലുവിളി. രണ്ടു കണ്ണുകളുടേയും കല്ലുകളുടെ ഭാരം മാറിയാൽപ്പോലും അതു രണ്ടു വേഗത്തിലാണ് ഉയരുക. രോഹിതിന്റെ ചിത്രത്തിൽ ഇതെല്ലാം കൃത്യമാണ്. 

ചിത്രത്തിന്റെ വിഡിയോ കണ്ട മോഹൻലാൽ പറഞ്ഞതു വല്ലാത്ത അദ്ഭുതം എന്നാണ്. ആയിരക്കണക്കിനു ചിത്രങ്ങൾ വരച്ചു കിട്ടിയ താരത്തിന്  ഇതുപോലെ വായുവിൽ നിൽക്കുന്നൊരു ചിത്രം കിട്ടുന്നത് ആദ്യമായാണ്.  പ്ളസ് ടു വിദ്യാർഥിയായ രോഹിതിന്റെ സഹോദരൻ രാഹുലാണ് ‘അപൂർവ ചിത്രം’ വിഡിയോയിൽ ഷൂട്ടു ചെയ്തത്.  

error: Content is protected !!