പുതിയ സ്വകാര്യതാനയം തത്‌കാലം നടപ്പാക്കില്ലെന്ന് വാട്‌സാപ്പ് ഹൈക്കോടതിയിൽ

വിവരസംരക്ഷണബിൽ നടപ്പാവുംവരെ പുതിയ സ്വകാര്യതാ നയം നിർത്തിവെക്കുകയാണെന്ന് വാട്‌സാപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വാട്‌സാപ്പിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നയം പിൻവലിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, വിവരസംരക്ഷണ ബിൽ നടപ്പാവുംവരെ നയം നിർത്തിവെക്കാനാണ് തീരുമാനം. എപ്പോഴാണ് ബിൽ നിയമമാവുകയെന്ന് അറിയില്ല. അഥവാ പുതിയ സ്വകാര്യതാനയം നടപ്പാക്കാൻ ബിൽ അനുവദിക്കുകയാണെങ്കിൽ അപ്പോൾ മറ്റൊരുതരത്തിലാകും കാര്യങ്ങളെന്നും വാട്‌സാപ്പ് പറഞ്ഞു. 

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാനയത്തെക്കുറിച്ച് അന്വേഷിക്കുന്ന കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ നോട്ടീസ് സ്റ്റേചെയ്യണമെന്ന കമ്പനിയുടെ ആവശ്യം ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാനയം പ്രഥമദൃഷ്ട്യാ 2000-ലെ കോമ്പറ്റീഷൻ നിയമത്തിന്റെ ലംഘനമാണെന്നുകാട്ടിയാണ് കമ്മിഷൻ അന്വേഷണമാരംഭിച്ചത്. ഫെയ്സ്ബുക്കുമായി വ്യക്തിഗതവിവരങ്ങൾ പങ്കുവെക്കുന്ന സ്വകാര്യതാനയം പൂർണമായും സുതാര്യമോ വ്യക്തമോ അല്ലെന്നും അതിന് ഉപയോക്താക്കളുടെ സ്വമേധയാ ഉള്ള അനുമതിയില്ലെന്നുമാണ് കമ്മിഷന്റെ വാദം. സ്വീകരിക്കുകയോ ഒഴിഞ്ഞുപോവുകയോ ചെയ്യാം എന്ന നിബന്ധന വെക്കുംമുൻപ് ഉപയോക്താക്കൾക്ക് ആവശ്യമായ വിവരം നൽകിയിരുന്നില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു.

error: Content is protected !!