ഒരു തീവണ്ടി നിറയെ റബ്ബർതൈകൾ അസമിലേക്ക് ഒന്നരലക്ഷം റബ്ബർതൈകളുമായി അപൂർവ തീവണ്ടിയാത്ര
: തിരുവല്ലയിൽ നിന്ന് അസമിലേക്ക് ശനിയാഴ്ച ഒരു പാസഞ്ചർ ട്രെയിൻ യാത്രതിരിക്കും. ഇതിൽ ടിക്കറ്റെടുത്ത യാത്രക്കാരുണ്ടാവില്ല. യാത്രക്കാർ റബർതൈകളാണ്. ഒന്നരലക്ഷം റബർതൈകളാണ് ഈ ട്രെയിനിൽ കേരളത്തിൽനിന്ന് അസമിലേക്ക് പോകുന്നത്.
ആദ്യമായാണ് റബർതൈകൾ കൊണ്ടുപോകാൻ മാത്രമായി റെയിൽവേ ഒരു സ്‌പെഷ്യൽ ട്രെയിൻ ഓടിക്കുന്നത്. ഗുവാഹതിയിലേക്കാണ് 15 ബോഗികളുള്ള പാസഞ്ചർ ട്രെയിനിന്റെ യാത്ര. അസം, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ പുതിയ കൃഷിക്കായാണ് തൈകൾ.
രാജ്യത്തെ ടയർ നിർമാതാക്കളുടെ കൂട്ടായ്മയായ ആത്‌മ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അഞ്ചുവർഷം കൊണ്ട് രണ്ടു ലക്ഷം ഹെക്ടർ സ്ഥലത്ത് റബർ കൃഷി ചെയ്യുന്നതിന് കേന്ദ്ര വാണിജ്യമന്ത്രാലയവുമായി ധാരണയിെലത്തിയിരുന്നു. ഈ സ്‌കീമിന്റെ ഭാഗമായാണ് തൈകൾ കൊണ്ടുപോകുന്നത്. റബർബോർഡിന്റെ തൈകൾക്കുപുറമേ സ്വകാര്യ റബർ നഴ്‌സറികളിൽ നിന്ന് സമാഹരിച്ച തൈകളുമുണ്ട്.
റബർതൈകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെത്തിക്കാൻ റബർബോർഡും റെയിൽവേയും തമ്മിൽ ധാരണയായിരുന്നു.
കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നിന്ന് ഗുവാഹതിയിലേക്ക് ഒരു ബോഗി നിറയെ കപ്പ് തൈകൾ കൊണ്ടുപോയിരുന്നു. 11000 തൈകളാണ് അന്ന് എത്തിച്ചത്. ഇത് വിജയമാണെന്നുകണ്ടതോടെ ഒരു ട്രെയിൻ ഇതിനായി വിട്ടുനൽകാനാകുമോയെന്ന് ആവശ്യപ്പെട്ട് റബർബോർഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. കെ.എൻ.രാഘവൻ തിരുവനന്തപുരം റെയിൽവേ ഡിവിഷന് കത്തയക്കുകയായിരുന്നു.
കാർഡ് ബോർഡ് പെട്ടികളിൽ കേടുവരാത്ത രീതിയിൽ തൈകൾ പായ്‌ക്ക് ചെയ്യും. ഇവിടത്തെ കർഷകർക്ക് ആവശ്യമുള്ള തൈകൾ മാറ്റിവെച്ചശേഷമാണ് കൊണ്ടുപോകുന്നതെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. കെ.എൻ.രാഘവൻ പറഞ്ഞു.