സ്വന്തമായി ജെറ്റ്, ആഡംബര കാർശേഖരം, സംരംഭകൻ, ഇനി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

2006 മുതൽ 2018 വരെയുള്ള കാലയളവിൽ തുടർച്ചയായി രണ്ടു തവണ കർണാടകയിൽനിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു രാജീവ് ചന്ദ്രശേഖർ. 2018 ൽ തുടർച്ചയായി മൂന്നാം തവണയും കർണാടകയിൽനിന്നുതന്നെ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇക്കുറി ബിജെപി പ്രതിനിധിയായി. മൂന്നു വർഷങ്ങൾക്കകം രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ സ്വതന്ത്രചുമതല. ഇന്ത്യൻ വ്യോമസേനയിൽ എയർ കമഡോറായിരുന്നു രാജീവിന്റെ അച്ഛൻ എം.കെ. ചന്ദ്രശേഖർ. പൂർവികരുടെ മലയാളി ബന്ധമാണു രാജീവ് ചന്ദ്രശേഖറെയും കേരളത്തോടു ചേർത്തു നിർത്തുന്നത്. 

അച്ഛനെപ്പോലെതന്നെ വ്യോമസേനയിൽ പൈലറ്റ് ആകണമെന്നായിരുന്നു രാജീവിന്റേയും ആഗ്രഹം. എന്നാൽ മൂന്നാം ക്ലാസ് മുതൽ കണ്ണടകൾ ഉപയോഗിക്കേണ്ടി വന്നതു തിരിച്ചടിയായി. ഇതോടെ സംരംഭകത്വത്തിലേക്കു തിരഞ്ഞ രാജീവ് ചുരുങ്ങിയ കാലയളവിനിടെ ഇന്ത്യയിലെ ശതകോടീശ്വരരുടെ നിരയിലേക്ക് ഉയർന്നു. പിന്നീടു രാഷ്ട്രീയത്തിലും വ്യക്തമുദ്ര പതിപ്പിച്ചു. കേരള എൻഡിഎ ഘടകത്തിന്റെ വൈസ് ചെയർമാന്‍ ചുമതലയും വഹിച്ചിട്ടുണ്ട്. 

rajeev chandrasekhar 2

∙ ബിപിഎൽ മൊബൈലിലൂടെ സംരംഭകത്വത്തിലേക്ക്

ഗുജറാത്തിലെ അഹമ്മദാബാദിലാണു രാജീവ് ജനിച്ചത്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. ഷിക്കാഗോ ഇലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം. ഹാർ‌വഡ് ബിസിനസ് സ്കൂളിലെ അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാമിനു ശേഷം സംരംഭകത്വത്തിലേക്ക്. 

1994ൽ ബിപിഎൽ മൊബൈൽ സ്ഥാപിച്ചതാണ് രാജീവിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. 2005 ൽ ബിപിഎൽ കമ്യൂണിക്കേഷൻസിന്റെ 64 ശതമാനം ഓഹരി എസാർ ഗ്രൂപ്പിനു വിറ്റത് 8,214 കോടി രൂപയ്ക്ക്.  അതേ വർഷം തന്നെ സ്റ്റാർട് അപ് സംരംഭങ്ങൾക്കായി നിക്ഷേപം നടത്തുന്ന ജൂപിറ്റർ ക്യാപ്പിറ്റൽ എന്ന സംരംഭത്തിന് അദ്ദേഹം ബെംഗളൂരുവിൽ തുടക്കം കുറിച്ചു. ടെക്നോളജി. മീഡിയ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി 5,970 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങളാണു ജൂപിറ്റർ ക്യാപിറ്റലിൽ ഇപ്പോഴുള്ളത്. 

HAITI-POLITICS-MOISE

∙ 2 ജി സ്പെക്ട്രം അഴിമതി

2007ൽ പ്രതിപക്ഷ എംപിയായിരിക്കെ, 2 ജി സ്പെക്ട്രം അഴിമതിയെക്കുറിച്ചു പാർലമെന്റിൽ ആദ്യം ശബ്ദമുയർത്തിയത് രാജീവ് ചന്ദ്രശേഖറാണ്. സ്പെക്ട്രം ലേല മാഫിയയുടെ സമ്മർദത്തിനു വഴങ്ങാതെ 3 ജി ലേല നടപടികൾ സുതാര്യമായി നടന്നതിനു പിന്നിലും രാജീവിന്റെ പരിശ്രമങ്ങളായിരുന്നു. 2016ൽ എൻഡിഎ കേരള ഘടകം വൈസ് ചെയർമാനായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രാജീവിനെ നിയമിച്ചു. നിലവിൽ ബിജെപി ദേശീയ വക്താവാണ്.

∙ അഡംബര കാറുകൾ, സ്വകാര്യ ജെറ്റ്

രാഷ്ട്രീയത്തിനു പുറമേ വാഹനങ്ങളോടാണ് രാജീവിനു കമ്പം. ഏതൊരു വാഹനപ്രേമിയെയും അസൂയപ്പെടുത്തുന്ന വാഹനശേഖരമാണ് അദ്ദേഹത്തിന്റെ പക്കൽ. അച്ഛൻ വ്യോമസേനാ കമഡോർ ആയിരുന്നതിനാൽ വിമാനങ്ങൾക്കൊപ്പമായിരുന്നു രാജീവിന്റെ കുട്ടിക്കാലം. ഇന്നു രാജീവിനു സ്വന്തമായി ഒരു സ്വകാര്യ ജെറ്റും ഉണ്ട്. 

ഫെരാരി, ലംബോർഗിനി തുടങ്ങിയ ആഡംബര വാഹനങ്ങളുടെ വലിയൊരു ശേഖരം തന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്. ബെംഗളൂരുവിലെ വീടിനോടു ചേർന്നുള്ള കേന്ദ്രത്തിൽത്തന്നെയാണ് ഈ വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഫോർമുല വണ്ണിൽ മൈക്കൽ ഷുമാക്കറുടെയും കാറോട്ട മത്സരത്തിനിടെ അപകടത്തില്‍ മരിച്ച അയർട്ടൻ സെന്ന എന്നിവരുടെ കടുത്ത ആരാധകനാണെന്ന കാര്യവും അദ്ദേഹം മറച്ചുവയ്ക്കുന്നില്ല.

ഷുമാക്കറുടെ റേസിങ് സ്യൂട്ടും സെന്നയുടെ ഹെൽമെറ്റുമെല്ലാം അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഞായറാഴ്ചകളിലും മറ്റ് ഒഴിവു ദിവസങ്ങളിലുമാണ് ആഡംബരവാഹനങ്ങളിലെ സവാരി. 

error: Content is protected !!