ഡെപ്യൂട്ടേഷൻ പതിവാക്കിയ അധ്യാപകരെ പിടികൂടാൻ വിദ്യാഭ്യാസവകുപ്പ്.

അധ്യാപകതസ്തികയിൽ കയറിയശേഷം ആ ജോലിചെയ്യാതെ സ്ഥിരം ഡെപ്യൂട്ടേഷൻ തരപ്പെടുത്തുന്നവരെ പിടികൂടാൻ വിദ്യാഭ്യാസവകുപ്പ്. ദീർഘകാല അവധിക്കാരെയും കണ്ടെത്തും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിതന്നെയാണ് ഇതിന് മുൻകൈ എടുക്കുന്നത്

ഡെപ്യൂട്ടേഷനിൽ പോയവരിൽ നല്ലൊരുശതമാനവും സംഘടനാ നേതാക്കളാണെന്നതിനാൽ ഈ നീക്കത്തിന് അധ്യാപകസംഘടനകളുടെ പിന്തുണകിട്ടാൻ സാധ്യത കുറവാണ്. നാട്ടിൽ ജോലിചെയ്യുക, സംഘടനാ പ്രവർത്തനത്തിന് സമയം കണ്ടെത്തുക, 10 മുതൽ നാലുവരെ എന്ന ചട്ടക്കൂടിൽനിന്ന് പുറത്തുകടക്കുക തുടങ്ങിയവയാണ് ഡെപ്യൂട്ടേഷനിൽ പോവുന്നതിന്റെ ‘പ്രത്യേകത’കൾ. ഓരോ വർഷത്തേക്കാണ് ഡെപ്യൂട്ടേഷൻ അനുവദിക്കാൻ വ്യവസ്ഥയെങ്കിലും 10 വർഷംവരെ ഈ സൗകര്യം ഉപയോഗിച്ച അധ്യാപകർ സംസ്ഥാനത്തുണ്ട്. ഇക്കാര്യത്തിൽ എയ്ഡഡ് എന്നോ സർക്കാർ എന്നോ ഉള്ള വ്യത്യാസമില്ല.

പരമാവധി അഞ്ചുകൊല്ലം എന്ന ഡെപ്യൂട്ടേഷന്റെ കാര്യത്തിലുള്ള വ്യവസ്ഥ പൂർണമായും ഉപയോഗപ്പെടുത്താത്തവരായി ആരും ഉണ്ടാവാറില്ല. 

അഞ്ചുകൊല്ലം കഴിയുമ്പോൾ തിരിച്ച് സ്‌കൂളിലെത്തി അധ്യാപകനായി പരമാവധി ഒരുമാസം സേവനം അനുഷ്ഠിച്ചശേഷം പഴയ ലാവണത്തിലേക്ക് ‘പുത്തൻ’ ഡെപ്യൂട്ടേഷൻ ജീവനക്കാരനായി പോവുന്നതാണ് കണ്ടുവരുന്ന ശൈലി. സർക്കാർ രേഖകളിൽ നിയമം തെറ്റിച്ചിട്ടില്ല എന്ന് അവകാശപ്പെടുകയുമാവാം. 

സമഗ്രശിക്ഷ കേരള, എസ്.സി.ഇ.ആർ.ടി., കൈറ്റ്, ഡയറ്റ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, എസ്.ഐ.ഇ.ടി., സ്‌കോൾ കേരള എന്നീ സ്ഥാപനങ്ങളിലേക്കാണ് കൂടുതലായും ഡെപ്യൂട്ടേഷനുകൾ ഉള്ളത്. 

സാക്ഷരതാ മിഷനാണ് മറ്റൊരു ഡെപ്യൂട്ടേഷൻ സ്ഥാപനം. ഇതൊക്കെ വിദ്യാഭ്യാസവുമായി ബന്ധമുണ്ടെന്നെങ്കിലും പറയാം. എന്നാൽ നിലവിൽ കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന അധ്യാപകരുമുണ്ട്. കുടുംബശ്രീയിലേക്ക് ഇപ്പോൾ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കുറേ അധ്യാപകർ അപേക്ഷ അയച്ചിട്ടുമുണ്ട്.

error: Content is protected !!