നമ്പി നാരായണന്റെ വാദത്തിനെതിരേ സിബി മാത്യൂസ്

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ.യുടെ ക്രയോജനിക് സാങ്കേതിക വിദ്യ തകർക്കുന്നതിന്റെ ഭാഗമായുള്ള ഗൂഢാലോചനയാണ് ചാരക്കേസിന്റെ പിന്നിലെന്ന നമ്പി നാരായണന്റെ വാദത്തിനെതിരേ കോടതിയിൽ മുൻ ഡി.ജി.പി. സിബി മാത്യൂസിന്റെ മറുപടി. സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യഹർജിയെ എതിർത്ത് അതിൽ കക്ഷിചേരാൻ നമ്പി നാരായണൻ സമർപ്പിച്ച ഹർജിക്കു മറുപടിയായാണ് ഇത്. നമ്പി നാരായണനെ അറസ്റ്റ്‌ചെയ്തത് ഐ.ബി. ഉദ്യോഗസ്ഥരുടെ നിർബന്ധപ്രകാരമാണെന്നും സിബി മാത്യൂസ് ഇതിൽ പറയുന്നു.

ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യ വൈകിപ്പിക്കാൻ പോലീസിലെയും ഐ.ബി.യിലെയും ഉദ്യോഗസ്ഥർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ചാരക്കേസ് എന്നായിരുന്നു നമ്പി നാരായണൻ ജസ്റ്റിസ് ഡി.കെ. ജയിൻ കമ്മിഷൻ മുമ്പാകെ മൊഴിനൽകിയത്.

ചാരക്കേസിൽ മറിയം റഷീദ അറസ്റ്റിലായി പത്തുദിവസത്തിനുശേഷം നമ്പി നാരായണൻ ഐ.എസ്.ആർ.ഒ.യിൽനിന്ന് സ്വയംവിരമിക്കാൻ അപേക്ഷ നൽകിയ രേഖയാണ് സിബി മാത്യൂസ് കോടതിയിൽ ഹാജരാക്കിയത്.

ചാരക്കേസിന്റെ അന്വേഷണം ശരിയായ ദിശയിൽ നടന്നിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നെന്നും സിബി മാത്യൂസ് പറയുന്നു. മറിയം റഷീദയും ഫൗസിയ ഹസനും വെളിപ്പെടുത്തിയ കാര്യങ്ങൾ പൂർണമായി അന്വേഷിക്കാൻ തന്റെ നേതൃത്വത്തിലുള്ള സംഘത്തിനായില്ല. ആകെ 20 ദിവസമാണ് അന്വേഷണം നടന്നത്. നമ്പി നാരായണൻ അറസ്റ്റിലായി രണ്ടാംദിവസം കേസ് സി.ബി. ഐ. ഏറ്റെടുത്തു. 

ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ.ബി. ശ്രീകുമാറിന്റെ നിർദേശപ്രകാരം സി.ഐ. എസ്. വിജയനാണ് മറിയം റഷീദയെയും ഫൗസിയ ഹസനെയും അറസ്റ്റ്‌ചെയ്തത്. തുടർന്നാണ്, ഐ.എസ്.ആർ.ഒ.യിലെ ഉന്നത ശാസ്ത്രജ്ഞരുമായി ഇവർക്ക് ബന്ധമുള്ള കാര്യം ബോധ്യമായത്.

കൊളംബോ-ചെന്നൈ-തിരുവനന്തപുരം-മാലിദ്വീപ് എന്നിവിടങ്ങൾ കേന്ദ്രമാക്കി ഒരു ചാരശൃംഖല ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. റഷ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രതിനിധിയായ െബംഗളൂരു സ്വദേശി ചന്ദ്രശേഖരനുമായും ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ ശശികുമാറുമായും ഫൗസിയ ഹസന് അടുത്ത ബന്ധമുണ്ടായിരുന്നു. െബംഗളൂരുവിലെ ആർമി ക്ളബ്ബിൽ മറിയം റഷീദയും ഫൗസിയ ഹസനും സ്‌ക്വാഡ്രൻ ലീഡർ കെ.എൽ. ഭാസിനെ കണ്ടിരുന്നു. ഇക്കാര്യം അന്ന് ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തില്ല. മാധ്യമങ്ങൾ രമൺ ശ്രീവാസ്തവയുടെ പിറകിലായിരുന്നു. രമൺ ശ്രീവാസ്തവയെയും നമ്പി നാരായണനെയും അറസ്റ്റ്‌ചെയ്യാൻ നിർബന്ധിച്ചതും ഐ.ബി. ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചാരക്കേസ് സത്യമാണെന്ന വാദത്തിൽ ഉറച്ചുനിന്നാണ് സിബി മാത്യൂസ് കോടതിയിൽ രേഖകൾ ഹാജരാക്കിയത്. രാജ്യസുരക്ഷയ്ക്കു വേണ്ടിയാണ് തങ്ങൾ ഔദ്യോഗിക കൃത്യനിർവഹണം നടത്തിയതെന്നും ഇതിൽ ഗൂഢാലോചനയില്ലെന്നും സിബി മാത്യൂസ് അവകാശപ്പെടുന്നു.

സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യഹർജിയും അതിൽ കക്ഷിചേരണമെന്ന നമ്പി നാരായണന്റെ ഹർജിയും കോടതി ബുധനാഴ്ച പരിഗണിക്കും.

error: Content is protected !!