മാണിക്കെതിരേ ആരോപണം മൃദുനിലപാടിൽ കേരള കോൺഗ്രസ് സി.പി.എമ്മിന് അലോസരമുണ്ടാക്കാതെ നേതാക്കൾ

: കെ.എം. മാണിക്കെതിരായ പരാമർശം സർക്കാർ അഭിഭാഷകൻ നടത്തിയിട്ടും ഗൗരവമായ പ്രതികരണം നടത്താൻ കഴിയാതെ കേരള കോൺഗ്രസ് (എം). തിങ്കളാഴ്ച കടുത്ത പ്രതിഷേധം അറിയിക്കുന്നതായി പാർട്ടി ജനറൽസെക്രട്ടറി സ്റ്റീഫൻ ജോർജ് പ്രതികരിച്ചെങ്കിലും സ്റ്റിയറിങ് കമ്മിറ്റി യോഗം നടന്ന ചൊവ്വാഴ്ച പാർട്ടിനേതാക്കൾ മൃദുസമീപനത്തിലേക്ക് പോയി. 

വിവാദം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് പറഞ്ഞ മന്ത്രി റോഷി അഗസ്റ്റിൻ ചോദ്യങ്ങളിൽ അസ്വസ്ഥതയും പ്രകടിപ്പിച്ചു. വിവാദം മാധ്യമസൃഷ്ടിയാണെന്ന നിലപാടാണ് സി.പി.എമ്മും സ്വീകരിച്ചത്. കോടതി നടപടികളെ തെറ്റായി വ്യഖ്യാനിച്ചതാണെന്ന അഭിപ്രായമാണ് ചെയർമാൻ ജോസ് കെ. മാണി മുന്നോട്ടുവെച്ചത്. കെ.എം. മാണിയെക്കുറിച്ച് എവിടെയും പരാമർശമുണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവാദം ഉണ്ടായ ആദ്യദിവസം പ്രതികരിക്കാൻ അദ്ദേഹം തയ്യാറാകാഞ്ഞതും ശ്രദ്ധേയമായി.

സി.പി.എമ്മുമായുള്ള ബന്ധത്തിൽ ഒരു അലോസരവും ഉണ്ടാക്കേണ്ടെന്ന ജോസ് കെ. മാണിയുടെ കർശനനിർദേശമാണ് പാർട്ടിയുടെ നിലപാടിന് പിന്നിൽ. തദ്ദേശ, അസംബ്ലി തിരഞ്ഞെടുപ്പുകളിൽ അർഹമായ സീറ്റുകൾ ലഭിച്ചു. എന്നാൽ, മന്ത്രിസഭാ രൂപവത്‌കരണത്തിൽ പാർട്ടിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. രണ്ട് മന്ത്രിസ്ഥാനം ചോദിച്ചെങ്കിലും ഒരു മന്ത്രിസ്ഥാനവും ചീഫ്‌വിപ്പ് സ്ഥാനവുംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

പാർട്ടി ആവശ്യപ്പെട്ട വകുപ്പുകളും ലഭിച്ചില്ല. പക്ഷേ, ഇതിലൊന്നും ഒരു വിമർശനവും കേരള കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായില്ല. അതേ സംയമനമാണ് പുതിയ വിഷയത്തിലും കണ്ടത്.

യു.ഡി.എഫിലായിരിക്കെ ചെറുകാര്യങ്ങളിൽപ്പോലും കടുത്ത സമ്മർദം ചെലുത്തിയിരുന്ന പാർട്ടിയുടെ ഇപ്പോഴത്തെ മാറ്റത്തിൽ പരിഹാസവും വിമർശനവുമായി യു.ഡി.എഫ്. നേതാക്കളും പി.സി. ജോർജും രംഗത്തെത്തിയെങ്കിലും അതിൽ വീഴേണ്ടന്ന തീരുമാനത്തിലായിരുന്നു കേരള കോൺഗ്രസ്. 

: കെ.എം. മാണിയെന്ന ശിലയിൽ പടുത്തുയർത്തിയ കേരള കോൺഗ്രസി (എം)ന്റെ മുഖംരക്ഷിക്കാൻ മാണിയെ വിശുദ്ധനാക്കി സി.പി.എം. ഇടപെടൽ. മാണി അഴിമതിക്കാരനായിരുന്നുവെന്ന് സുപ്രീംകോടതിയിൽ സർക്കാർ അഭിഭാഷകൻ പരാമർശിച്ചതാണ് സി.പി.എമ്മിനെയും കേരള കോൺഗ്രസിനെയും ഒരുപോലെ വെട്ടിലാക്കിയത്. ഇതിൽനിന്ന് കരകയറാനുള്ള ധാരണയാണ് രണ്ടുദിവസമായി നടന്ന സി.പി.എം.- കേരള കോൺഗ്രസ് ചർച്ചയിൽ ഉണ്ടായത്. 

മാണിയെ ശ്ലാഘിച്ച് സി.പി.എം. രംഗത്തുവരുകയും അതിന്റെ ചുവടുപിടിച്ച് വിവാദം അവസാനിപ്പിക്കാനുമായിരുന്നു ഇരുപാർട്ടികളുടെയും ധാരണ. കേരള കോൺഗ്രസ് സ്റ്റിയറിങ്‌ കമ്മിറ്റി തുടങ്ങുന്നതിന് മുമ്പുതന്നെ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ മാണിയെന്ന പേര് അഭിഭാഷകൻ കോടതിയിൽ ഉച്ചരിച്ചില്ലെന്ന ന്യായം അവതരിപ്പിച്ചു. കേരള കോൺഗ്രസ് മുന്നണിയിലെ പ്രധാനപ്പെട്ട കക്ഷിയാണെന്നും ദീർഘനാൾ പൊതുരംഗത്തുണ്ടായിരുന്ന മാണി അനുഭവസമ്പത്തുള്ള നേതാവായിരുന്നുവെന്നും അദേഹം അഭിപ്രായപ്പെട്ടു. 

ഈ വിശദീകരണത്തിൽ വിശ്വാസമർപ്പിച്ച് വിവാദം അവസാനിപ്പിക്കാൻ കേരള കോൺഗ്രസും തയാറായി. യു.ഡി.എഫ്. മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും സി.പി.എമ്മിന്റെ വിശദീകരണം ഉൾക്കൊള്ളുന്നുവെന്നുമുള്ള നിലപാടിലേക്ക് ജോസ് കെ. മാണിയെത്തി. സർക്കാരിന്റെ സത്യവാങ്മൂലത്തിൽ മാണിയുടെ പേര് പറഞ്ഞ് പരാമർശമില്ലായിരുന്നുവെന്നതും പ്രശ്‌നപരിഹാരത്തിന് സഹായകരമായി.

error: Content is protected !!