വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ സംവിധാനം ആർ.ടി.ഓഫീസിലെ മെല്ലെപ്പോക്ക് ഡീലർമാർക്ക് ബാധ്യത

താത്കാലിക രജിസ്ട്രേഷൻ ഒഴിവാക്കി പുതിയ വാഹനങ്ങൾക്ക് ഷോറൂമിൽനിന്നുതന്നെ നമ്പർ ലഭിക്കുന്ന സംവിധാനം ബാധ്യതയാകുന്നെന്ന് വാഹന ഡീലർമാർ. 

ആർ.ടി. ഓഫീസിലെ കാലതാമസവും കെടുകാര്യസ്ഥതയുംമൂലം വാഹനങ്ങൾ ഉപഭോക്താക്കൾക്ക് സമയത്തിന് നൽകാനാവുന്നില്ലെന്നും അധിക സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാവുന്നെന്നുമാണ് ആക്ഷേപം. ഏപ്രിലിലാണ് പുതിയ വാഹനങ്ങൾക്ക് താത്കാലിക രജിസ്ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ് ഉത്തരവിറക്കിയത്. ഇതോടെ ഫോർ രജിസ്ട്രേഷൻ ബോർഡുവെച്ച വാഹനങ്ങൾ നിരത്തിൽനിന്ന്‌ അപ്രത്യക്ഷമാകുകയും ഷോറൂമിൽനിന്നുതന്നെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് (എച്ച്.എസ്.എൻ.പി.) ഘടിപ്പിച്ച വാഹനങ്ങൾ പുറത്തിറങ്ങുകയും ചെയ്തു. 

പുതിയ ഉത്തരവനുസരിച്ച് റോഡ് നികുതി, രജിസ്ട്രേഷൻ ഫീസ് എന്നിവ അടച്ചശേഷം ഇൻഷുറൻസ് എടുക്കണം, ശേഷം അപേക്ഷിക്കുന്ന അപേക്ഷകളിൽ അതത് ദിവസം വൈകീട്ട് നാലിന് മുൻപ് നമ്പർ നൽകണം. ഇനി ഫാൻസി നമ്പർ വേണമെങ്കിൽ താത്പര്യപത്രം നൽകിയാൽ താത്കാലിക രജിസ്ട്രേഷനും നടപടികൾക്കുംശേഷം ഫാൻസി നമ്പരും ലഭിക്കും. 

പരിശോധനയിൽ എന്തെങ്കിലും കുറവുകൾ കണ്ടെത്തിയാൽ ആ വിവരം രേഖപ്പെടുത്തിയശേഷം മാത്രമേ അപേക്ഷകൾ മാറ്റിവെയ്ക്കാൻ പാടുള്ളൂവെന്നും മോട്ടോർവാഹന വകുപ്പിന്റെ സർക്കുലറിൽ പറയുന്നുണ്ട്. 

എന്നാൽ, ഓൺലൈനായി നമ്പരിന് നൽകുന്ന അപേക്ഷ വകുപ്പ് ഉദ്യോഗസ്ഥർ ബോധപൂർവം വൈകിപ്പിക്കുന്നുവെന്ന് വാഹന ഡീലർമാർ പറയുന്നു. 

രേഖകളെല്ലാം കൃത്യമാണെങ്കിലും നമ്പർ അനുവദിക്കുന്നില്ല. കൂടുതൽ പണം നൽകി ആർ.ടി.ഒ. ഏജന്റുമാർ വഴി അപേക്ഷ നൽകിയാൽ ഉടൻ നമ്പർ ലഭിക്കുകയും ചെയ്യും. സുതാര്യമായ സംവിധാനം വകുപ്പ് ഏർപ്പെടുത്തിയിട്ടും ആർ.ടി. ഓഫീസുകളിലെ ‘പടി’വാങ്ങലിന് അറുതിവന്നിട്ടില്ല. ഉപഭോക്താക്കളുടെ കൈയിൽനിന്ന്‌ അധിക തുക വാങ്ങാൻ കഴിയാത്തതിനാൽ മാസം നൂറുകണക്കിന് വാഹനങ്ങൾക്ക് നമ്പർ സംഘടിപ്പിക്കേണ്ട തങ്ങൾക്ക് ഇത് ലക്ഷങ്ങളുടെ അധിക ബാധ്യതയുണ്ടാക്കുന്നു എന്നാണ് ഡീലർമാർ പറയുന്നത്.

error: Content is protected !!