ഓടുന്തോറും നഷ്ടം, സ്വകാര്യ ബസുകൾ വീണ്ടും കട്ടപ്പുറത്ത്
ഓടുന്തോറും നഷ്ടം വർദ്ധിക്കുന്നതോടെ സ്വകാര്യ ബസുകൾ വീണ്ടും കട്ടപ്പുറത്തേയ്ക്ക് തന്നെ നീങ്ങുന്നു. ട്രിപ്പുകൾ വെട്ടിച്ചുരുക്കി, ഉച്ചയോട്ടമില്ല, ജീവനക്കാർ രണ്ടു പേർ മാത്രം, ശമ്പളവും പകുതിയാക്കി. ശനിയും, ഞായറും ഓട്ടമില്ല. യാത്രക്കാരില്ലാത്തതും വരുമാനത്തിലെ ഇടിവും ഇന്ധന വില വർദ്ധനയുമാണ് ബസ് ജീവനക്കാരെയും ഉടമകളെയും ഒരുപോലെ പട്ടിണിയിലാക്കുന്നത്. ഇങ്ങനെ പോയാൽ നിരത്തിലുള്ള ബസുകൾകൂടി സർവീസ് നിറുത്തിവയ്‌ക്കേണ്ട അവസ്ഥയിലാണെന്ന് ബസുടമകൾ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങളും പൊതുഗതാഗതസൗകര്യം ഉപയോഗിക്കാനുള്ള ആളുകളുടെ വിമുഖതയുമാണ് യാത്രക്കാർ കുറയാൻ കാരണം.ഉള്ള യാത്രക്കാരാകട്ടെ ആരോഗ്യവകുപ്പ് നിർദേശങ്ങൾ വേണ്ടവിധം പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
നൂറ് ലിറ്റർ ഡീസൽ പ്രതിദിനം ആവശ്യമായ ബസുകളുടെ അധികച്ചെലവ് 950 രൂപയാണ്. ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചും ലാഭമൊഴിവാക്കിയും സർവീസ് നടത്തുന്ന ബസുടമകളുടെ നഷ്ടത്തിന്റെ ആഴം ദിവസവും വർദ്ധിക്കുകയാണ്. എല്ലാം കഴിഞ്ഞ് 500 രൂപ കിട്ടിയാലായി. ബസ്സിന്റെ മറ്റ് ചിലവുകൾക്ക് പണം കൈയിൽ നിന്ന് കണ്ടെത്തേണ്ട സ്ഥിതിയാണ്.