ആറ് വർഷം മുമ്പ് റദ്ദാക്കിയ നിയമം ചുമത്തി 1000ത്തോളം കേസുകൾ; ഞെട്ടിക്കുന്നുവെന്ന് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്

2015ൽ റദ്ദാക്കിയ വിവര സാങ്കേതിക നിയമത്തിലെ 66എ വകുപ്പ് ചുമത്തി രാജ്യത്ത് ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്തതിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി. അസാധാരണവും ഭയപ്പെടുത്തുന്നതുമാണിതെന്ന് ജസ്റ്റിസുമാരായ ആർ.എഫ്.നരിമാൻ, കെ.എം. ജോസഫ്, ബി.ആർ. ഗവായി എന്നിവരുൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ഇക്കാര്യത്തിൽ വിശദീകരണം തേടി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു. പീപ്പിൾ യൂണിയൻ ഒഫ് സിവിൽ ലിബർട്ടീസ് എന്ന സന്നദ്ധ സംഘടന നൽകി ഹർജിയിലാണിത്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ വഴി കുറ്റകരമായതോ സ്പർദ്ധ ഉളവാക്കുന്നതോ ആയ വിവരങ്ങൾ മനഃപൂർവം സൃഷ്ടിച്ച് കൈമാറുന്നത് തടയാനുള്ള നിയമമാണിത്. ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി 2015ൽ സുപ്രീംകോടതി ഇത് റദ്ദാക്കിയിരുന്നു. 66എ റദ്ദാക്കുന്നതിന് മുമ്പ് 229 കേസുകളായിരുന്നു തീർപ്പാക്കാനുണ്ടായിരുന്നത്. ശേഷം 1,307 കേസുകൾ പുതുതായി രജിസ്റ്റർ ചെയ്തു. ഇതിൽ 570 എണ്ണത്തിൽ ഇനിയും തീർപ്പായിട്ടില്ല.

ഇന്നലെ കോടതിയിൽ നടന്നത് 

 ഹർജിക്കാരുടെ അഭിഭാഷകൻ സഞ്ജയ് പരീഖ് : 66എ വകുപ്പ് റദ്ദാക്കിയിട്ടും ഇതേ കുറ്റം ചുമത്തി രാജ്യത്ത് കേസെടുക്കുന്നു. പൊലീസ് സ്റ്റേഷനിലും വിചാരണ കോടതികളിലും വകുപ്പ് ഉപയോഗിക്കുന്നുണ്ട്. 

 ജസ്റ്റിസ് നരിമാൻ : ആശ്ചര്യം. 66എ വകുപ്പ് 2015ൽ ശ്രേയ സിംഗാൾ കേസിൽ റദ്ദാക്കിയതാണ്. ഇപ്പോൾ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്.

അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ (കേന്ദ്രത്തിനായി ): സുപ്രീംകോടതി വകുപ്പ് റദ്ദാക്കിയെങ്കിലും നിയമപുസ്തകത്തിൽ 66എ വകുപ്പ് ഉണ്ടാകും. അടിക്കുറിപ്പിൽ മാത്രമാകും റദ്ദാക്കിയെന്ന പരാമർശം ഉള്ളത്. 

 ജസ്റ്റിസ് നരിമാൻ :ഏത് കേസിലായാലും പൊലീസുകാർ അടിക്കുറിപ്പൊന്നും നോക്കില്ല. 

എ.ജി കെ.കെ വേണുഗോപാൽ: നിയമപുസ്തകങ്ങളിൽ വകുപ്പുകൾ റദ്ദാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ നേരെ തന്നെ അക്കാര്യം ബ്രയ്ക്കറ്റിൽ വ്യക്തമാക്കേണ്ടതാണ്.

 66എ 
2008ലാണ് ഐ.ടി ആക്ട് ഭേദഗതി ചെയ്ത് 66എ കൂട്ടിച്ചേർത്തത്. സെൽഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ വഴി, കുറ്റകരമായതോ സ്പർദ്ധ ഉളവാക്കുന്നതോ ആയ വിവരങ്ങൾ മനഃപൂർവം സൃഷ്ടിക്കുക, കൈമാറ്റം ചെയ്യുക എന്നിവ കുറ്റകരമാണ്. മൂന്നു വർഷംവരെ തടവും പിഴയും ലഭിക്കും.

ശ്രേയ സിംഗാൾ കേസ്
ശിവസേന തലവൻ ബാൽതാക്കറെയുടെ നിര്യാണത്തെത്തുടർന്നുള്ള ഹർത്താലിൽ മുംബയിലെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഷഹീൻ ദാദ എന്ന പെൺകുട്ടിയ്ക്കും അത് ലൈക്ക് ചെയ്ത കോട്ടയം കുമരകം സ്വദേശി റിനു ശ്രീനിവാസിനുമെതിരെ 66 എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ 2012ൽ ഡൽഹി സ്വദേശിയും നിയമവിദ്യാർത്ഥിയുമായ ശ്രേയാ സിംഗാൾ ഹർജി നൽകി. 2015ൽ ജസ്റ്റിസുമാരായ ആർ.എഫ്. നരിമാനും ജെ. ചെലമേശ്വറും ഉൾപ്പെട്ട ബെഞ്ച് 66എ ഭരണഘടനാ വിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് റദ്ദാക്കി. സുപ്രീംകോടതി അഭിഭാഷക മനാലി സിംഗാളാണ് ശ്രേയയുടെ അമ്മ.

error: Content is protected !!