മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു

മുംബയ്: മനുഷ്യാവകാശ പ്രവർത്തകനും ഭീമകൊറേഗാവ് കേസിൽ വിചാരണത്തടവുകാരനുമായ ഫാദർ സ്റ്റാൻസ്വാമി ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ അന്തരിച്ചു. 84 വയസായിരുന്നു. അദ്ദേഹത്തിന്റെ ജാമ്യഹർജി പരിഗണിക്കവേ ബോംബെ ഹൈക്കോടതിയിൽ ഡോക്ടർമാരാണ് മരണവിവരംഅറിയിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രി അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ ഹൃദയാഘാതമുണ്ടായി. ശ്വാസകോശ സംബന്ധമായ അണുബാധയും പാർക്കിൻസൻസ് രോഗവും കാരണമാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

അദ്ദേഹത്തിന് നവി മുംബയിലെ തലോജ ജയിലിൽ മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന്​ പരാതി ഉയർന്നിരുന്നു.

ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് മേയ് 28നാണ് രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ വച്ച് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സ തുടരേണ്ടതിനാൽ ജൂലായ് ആറുവരെ ആശുപത്രിയിൽ തുടരാൻ ജസ്റ്റിസ് എസ്.എസ്. ഷിന്ദേയുടെയും എൻ.ജെ. ജമാദാറിന്റെയും ബെഞ്ച് അനുമതി നൽകിയിരുന്നു. അതിന്റെ കാലാവധി ഇന്നു തീരാനിരിക്കേയാണ് മരണം. കഴിഞ്ഞവർഷം ഒക്ടോബറിൽ റാഞ്ചിയിൽ നിന്നാണ് എൻ.ഐ.എ അറസ്റ്റു ചെയ്തത്.

തമിഴ്നാട് തൃശ്ശിനാപള്ളി സ്വദേശിയായ സ്റ്റാൻസിലസ് ലൂർദ്സ്വാമി കത്തോലിക്ക പുരോഹിതനായാണ് കർമ്മരംഗത്ത് തുടക്കം കുറിച്ചതെങ്കിലും പിൽക്കാലത്ത് ആദിവാസിമേഖലയിലേക്ക് സേവനം മാറ്റുകയും രാജ്യം അറിയുന്ന പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായി മാറുകയും ചെയ്തു.

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികദിനമായ 2018 ജനുവരി ഒന്നിന് പൂനെയിലുണ്ടായ കലാപത്തിന് തലേദിവസം നടന്ന ഏകതാ പരിഷത്തിന്റെ യോഗത്തിൽ സ്റ്റാൻസ്വാമി പങ്കെടുത്തെന്നും അതിൽ മാവോയിസ്റ്റ് ഗൂഢാലോചന നടന്നുവെന്നും ആരോപിച്ചാണ് എൻ.ഐ.എ റാഞ്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. യു.എ.പി.എ കുറ്റം ചുമത്തിയതിനാൽ ജാമ്യം കിട്ടാതെ ജയിലിലടയ്ക്കുകയായിരുന്നു.

അഞ്ചു പതിറ്റാണ്ടായി ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ അവരുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുകയായിരുന്നു സ്റ്റാൻസ്വാമി.

സ്റ്റാൻ സ്വാമിയുടെ മരണത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ നടുക്കം രേഖപ്പെടുത്തി. ഇതൊരു കസ്റ്റഡി കൊലപാതകമാണെന്ന് സി.പി.എം ആരോപിച്ചു. സ്റ്റാൻസ്വാമിക്ക് മാനുഷിക പരിഗണനയും നീതിയും ലഭിച്ചില്ലെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

error: Content is protected !!