കിറ്റക്സിന്റെ ആരോപണം ഗൗരവതരം, പിന്നിലെ താത്പര്യം വെളിപ്പെടുത്തണം: മന്ത്രി രാജീവ്
തിരുവനന്തപുരം: തൊഴിൽരഹിതരായ യുവാക്കളുടെ പട്ടിക ഉന്നയിച്ചുള്ള കിറ്റക്സ് എം.ഡിയുടെ ആരോപണം ഏതോ നിഗൂഢ ലക്ഷ്യം വച്ചുള്ളതാണെന്ന് വ്യവസായമന്ത്രി പി.രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളം വ്യവസായത്തിന് പറ്റുന്ന നാടല്ല എന്ന് വരുത്തി തീർക്കാനാണ് സാബു ജേക്കബ് ശ്രമിച്ചത്. ഇതിനു പിന്നിലുള്ള താത്പര്യം വ്യക്തമാക്കേണ്ടതും അദ്ദേഹമാണ്.
കിറ്റക്സിൽ നടന്ന പരിശോധനകളുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതികൾ ഉന്നയിക്കുന്നതിനുള്ള ടോൾ ഫ്രീ സൗകര്യം മുതൽ വ്യവസായ മന്ത്രിയേയോ മുഖ്യമന്ത്രിയേയോ നേരിൽ സമീപിക്കാനുള്ള സാഹചര്യംവരെ ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ല. പകരം സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. അത് ശ്രദ്ധയിൽപെട്ട ഉടൻ ജൂൺ 28ന് സാബു ജേക്കബിനെ വിളിച്ചു. കിട്ടാത്തതിനാൽ സഹോദരൻ ബോബി ജേക്കബിനെ വിളിച്ച് പ്രശ്നം തിരക്കി. 29ന് നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻമാറുന്നു എന്ന വാർത്ത ശ്രദ്ധയിൽപെട്ടപ്പോഴും സാബു ജേക്കബിനെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം വഴങ്ങിയില്ല.
സംസ്ഥാന സർക്കാരോ വകുപ്പുകളോ ബോധപൂർവമായി ഒരു പരിശോധനയും കിറ്റക്സിൽ നടത്തിയിട്ടില്ല. പാർലമെന്റംഗമായ ബെന്നി ബെഹനാൻ നല്കിയ പരാതി, പി.ടി. തോമസ് എം.എൽ.എ ഉന്നയിച്ച ആരോപണം, വനിതാ ജീവനക്കാരിയുടെ പേരിൽ പ്രചരിച്ച വാട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഉൾപ്പെടെ നല്കിയ നിർദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടന്നത്.
വസ്തുതകൾ ഇതായിരിക്കെ സംസ്ഥാനത്തിനും സർക്കാരിനും എതിരെ അതീവഗുരുതരമായ ആരോപണങ്ങളാണ് കിറ്റക്സ് ഉന്നയിച്ചതെന്നും മന്ത്രി പറഞ്ഞു.
താത്പര്യപത്രം മാത്രം
കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന ആഗോള നിക്ഷേപ സംഗമമായ അസന്റിൽ 3500 കോടിയുടെ നിക്ഷേപം സംബന്ധിച്ച താത്പര്യപത്രം മാത്രമാണ് കിറ്റക്സ് നല്കിയിരുന്നതെന്ന് മന്ത്രി പറഞ്ഞു. ധാരണാപത്രം ഒപ്പു വച്ചിട്ടില്ല. ഇതിന്റെ തുടർച്ചയിൽ പിന്നീട് നടപടി ഒന്നും സ്വീകരിച്ചില്ല. കഴിഞ്ഞ വർഷം മാർച്ച് 10ന് വ്യവസായ വകുപ്പ് അധികൃതർ സാബു ജേക്കബുമായി വീണ്ടും ചർച്ച നടത്തി. ഇതിൽ ഭൂപരിഷ്‌കരണ നിയമത്തിൽ മാറ്റം, പഞ്ചായത്ത് ബിൽഡിംഗ് റൂൾസിലെ മാറ്റം, ഫാക്ടറീസ് ആക്ടിലെ മാറ്റം, കെ.എസ്.ഐ.ഡി.സി വായ്പാ പരിധി 100കോടിയായി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. പ്രധാന ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനമെടുത്തു. എന്നാൽ തുടർചർച്ചകൾക്ക് കിറ്റക്സ് താത്പര്യം പ്രകടിപ്പിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
കുഴപ്പക്കാരനാക്കാൻ ശ്രമം: സാബു ജേക്കബ്
കിറ്റെക്സ് നേരിട്ട പ്രശ്നങ്ങൾ പറഞ്ഞതിന് തന്നെ കുഴപ്പക്കാരനായി ചിത്രീകരിക്കാനാണ് ശ്രമമെന്ന് കമ്പനി എം.ഡി.സാബു ജേക്കബ് പറഞ്ഞു. കിറ്റെക്സ് അടയ്ക്കണം അല്ലെങ്കിൽ അടപ്പിക്കുമെന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഒരു വ്യവസായിയെയും തൊഴിലാളികളെയും മൃഗത്തെപ്പോലെ ഒരു മാസം പീഡിപ്പിച്ചിട്ടും ആർക്കും പരാതിയില്ല. തന്റേതായ വഴി തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്.
3,500 കോടിയുടെ നിക്ഷേപപദ്ധതി തന്നെയില്ലെന്നാണ് ഇപ്പോൾ പറയുന്നത്. ഇതുവരെ നടന്നത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളല്ലെന്നും സാബു ജേക്കബ് പറഞ്ഞു.
നിക്ഷേപത്തിന് ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നാണ് ക്ഷണം വന്നത്. ഇവരുമായി പല തലങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. ഇവിടെ നിക്ഷേപം നടത്താൻ ഗൾഫിൽ നിന്നും മറ്റിടങ്ങളിൽ നിന്നും വരുന്നവർക്ക് വേണ്ടിയാണ് പ്രതികരിച്ചത് - അദ്ദേഹം വ്യക്തമാക്കി.