ലോകത്തിനു മുന്നില്‍ നാടിനെ പറ്റി തെറ്റായ പ്രതിച്ഛായ നല്‍കരുത്’; സാബു ജേക്കബിനോട് പി രാജീവ്

കിറ്റെക്‌സ് എംഡി സാബു ജേക്കബിന് പരാതികള്‍ നേരിട്ട് അറിയിക്കാമായിരുന്നെന്ന് വ്യവസായ മന്ത്രി പി രാജീവ്. ലോകത്തിനു മുന്നില്‍ നാടിനെ മോശപ്പെടുത്തുന്ന പ്രതികരണങ്ങള്‍ പാടില്ലായെന്നും സമൂഹമാധ്യമങ്ങളിലെ പ്രതികരണം അവസാന ഘട്ടത്തിലാവാമായിരുന്നെന്നും പി രാജീവ് അഭിപ്രായപ്പെട്ടു.

‘രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയമായിത്തന്നെ മറുപടി നല്‍കും. എന്നാല്‍ വ്യവസായി എന്ന നിലയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് വിളിച്ചോ രേഖാമൂലമോ അറിയിക്കാം. സാമൂഹ്യ മാധ്യമങ്ങളിലേക്ക് പോവേണ്ട ഘട്ടമുണ്ടാവാം അത് അവസാനമേ പോകാവൂ’ പി രാജീവ് പറഞ്ഞു.

നമ്മുടെ പ്രതികരണം വഴി നാടിനെപറ്റി തെറ്റായ പ്രതിച്ഛായ ഉണ്ടാക്കാന്‍ പാടില്ലെന്നും പി രാജീവ് അഭിപ്രായപ്പെട്ടു. 3500 കോടതിയുടെ നിക്ഷേപ പദ്ധതിയില്‍ സര്‍ക്കാരുമായി ധാരണാ പത്ര ഒപ്പിട്ട ശേഷം കിറ്റെക്‌സ് ഗ്രൂപ്പ് മുന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സാബു ജേക്കബ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും പി രാജീവ് ഇന്നലെ പറഞ്ഞിരുന്നു. വ്യവസായ മേഖലയില്‍ ഉണര്‍വിന്റെ ഒരന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത് ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ട എല്ലാവരുടേയും കൂട്ടായ ശ്രമമുണ്ടാകണം. എന്തെങ്കിലും പരാതികള്‍ ഉണ്ടായാല്‍ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യം. അതിനുള്ള സാധ്യത തേടും മുന്‍പേ സംസ്ഥാനത്തിന് അപകീര്‍ത്തികരമാകാവുന്ന പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും പി രാജീവ് പറഞ്ഞു.

വ്യവസായ വകുപ്പ് നേരിട്ട് കിറ്റെക്‌സില്‍ പരിശോധന നടത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടെയും സെക്ടര്‍ മജിസ്‌ട്രേറ്റിന്റെയും പരിശോധനയാണ് നടന്നതെന്നും പി രാജീവ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുമായി 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നുവെന്നാണ് കിറ്റെക്‌സ് എംഡി സാബു ജേക്കബ് പറഞ്ഞത്. ഒരു മാസത്തിനുള്ളില്‍ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റെക്‌സിന്റെ യൂണിറ്റുകളില്‍ പരിശോധന നടത്തിയതെന്നും ഇന്നലെ വീണ്ടും ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരുമായി ഒപ്പുവെച്ച പദ്ധതിയില്‍ നിന്നും കിറ്റെക്‌സ് പിന്മാറുന്നതെന്ന് സാബു ജേക്കബ് പത്രക്കുറിപ്പ് വഴി അറിയിച്ചത്.

error: Content is protected !!