തഹസിൽദാർമാരുടെ സ്ഥലംമാറ്റത്തിന് ഏകീകൃത രൂപമാവുന്നു ;അധികാരം ലാൻഡ് റവന്യൂ കമ്മിഷണർക്ക്

സംസ്ഥാനത്ത് തഹസിൽദാർമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും ഏകീകൃതരൂപം വരുന്നു. താലൂക്കുകളിലെ തഹസിൽദാർമാർ, തഹസിൽദാർ ഭൂരേഖ, ഹെഡ് ക്വാർട്ടേഴ്‌സുകളിലെ സീനിയർ സൂപ്രണ്ട് ,സ്‌പെഷ്യൽ തഹസിൽദാർ എന്നിവരുടെ സ്ഥലം മാറ്റവും നിയമനവും ഇനി മുതൽ ലാൻഡ് റവന്യൂ കമ്മിഷണറുടെ അധികാരപരിധിയിലാകും, റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരമാണ് തഹസിൽദാർമാരുടെ സ്ഥലംമാറ്റം ലാൻഡ് റവന്യൂ കമ്മിഷണറുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തിയത്. ഇതുവരെ ജില്ലകളിലേക്ക് ആവശ്യമുള്ള തഹസിൽദാർമാരെ ഒരുമിച്ചുനിയമിക്കുകയായിരുന്നു രീതി. ബന്ധപ്പെട്ട ജില്ലാ കളക്ടർമാരാണ് ഇവരെ ജില്ലകളിലെ താലൂക്കുകളിൽ നിയമിച്ചിരുന്നത്. ആ പതിവാണ് ഇപ്പോൾ നിർത്തലാക്കിയത്. സംസ്ഥാനത്തുള്ള 75 താലൂക്കുകളിലെ തഹസിൽദാർമാർ, സീനിയർ സൂപ്രണ്ട്, സ്‌പെഷ്യൽ തഹസിൽദാർ എന്നിവരുടെ നിയമനങ്ങൾക്ക് ഇനി ഏകീകൃതരൂപം ആകും. ഇതിന് മുന്നോടിയായി തിരഞ്ഞെടുപ്പിന് മുൻപ് സ്ഥലം മാറ്റിയിരുന്ന തഹസിൽദാർമാരെ പഴയ സ്ഥാനങ്ങളിലേക്ക് പുനർനിയമിച്ചിട്ടുണ്ട്. ജൂലായ് മാസത്തോടെ തഹസിൽദാർമാരുടെ സ്ഥലംമാറ്റം നടക്കും എന്നാണ് അറിയുന്നത്. താലൂക്കുതല തഹസിൽദാർമാർ ഒഴികെ കളക്ടറേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭൂമി ഏറ്റെടുക്കൽ, റവന്യൂ റിക്കവറി തുടങ്ങിയ തഹസിൽദാർമാരുടെ നിയമനം ജില്ലാ കളക്ടർമാർക്ക് നടത്താവുന്നതാണെന്ന് റവന്യൂ വകുപ്പിന്റെ പുതിയ സർക്കുലറിൽ പറയുന്നു.

error: Content is protected !!