കോവിഡ് രണ്ടാം തരംഗം; മിക്ക രോഗികള്‍ക്കും ഈ ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍

കോവിഡ് കേസുകള്‍ രാജ്യത്ത് വര്‍ധിച്ചുവരുകയാണ്. ആശുപത്രികള്‍ നിറഞ്ഞുതുടങ്ങി. ദിവസവും രണ്ടു ലക്ഷത്തിലേറെ കോവിഡ് രോഗികള്‍ രാജ്യത്തുണ്ടാകുന്നു എന്നത് ഒരു വെല്ലുവിളി തന്നെയാണ്. കോവിഡ് ബാധിച്ചവരില്‍ പലതരം ലക്ഷണങ്ങള്‍ കാണാറുണ്ട്. ഇത് തിരിച്ചറിഞ്ഞ് രോഗിയെ ഐസൊലേറ്റ് ചെയ്ത് വേണ്ട ചികിത്സ നല്‍കണം. പൊതുവേ കോവിഡ് രോഗികളില്‍ കാണുന്ന ലക്ഷണങ്ങള്‍ ഇവയാണ്.

തൊണ്ടയില്‍ അസ്വസ്ഥത

തൊണ്ടയില്‍ ചൊറിച്ചില്‍, നീര് എന്നിവ ഉണ്ടാകുന്നത് തൊണ്ടവേദനയുടെ (sore throat) ലക്ഷണങ്ങളാണ്. കോവിഡ് അണുബാധയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണവും ഇതുതന്നെയാണ്. ലോകത്തെ 52 ശതമാനം കേസുകളിലും ഈ ലക്ഷണങ്ങളാണുള്ളത്. തൊണ്ടയ്ക്ക് അസ്വസ്ഥതയുണ്ടാകുമ്പോള്‍ ഭക്ഷണവും വെള്ളവും ഇറക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ശബ്ദത്തിനും വ്യത്യാസമുണ്ടാകും.

തളര്‍ച്ച

ചുമയും തൊണ്ടവേദനയും കൂടാതെ കോവിഡ് രോഗികളില്‍ കണ്ടുവരുന്ന മറ്റൊരു പ്രശ്‌നമാണ് തളര്‍ച്ച. നിരവധി കോവിഡ് രോഗികളില്‍ കടുത്ത തളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി യു.കെ. വിദഗ്ധര്‍ പറയുന്നു. തളര്‍ച്ച സാധാരണ വൈറല്‍ അണുബാധയുടെ പൊതുവായ ലക്ഷണമാണെങ്കിലും കോവിഡ് രോഗികളില്‍ ഇത് കുറച്ചുകൂടി കഠിനമാകുന്നതായാണ് കണ്ടുവരുന്നത്.

പേശീവേദനയും ശരീരവേദനയും

പേശീവേദനയാണ് ആദ്യം കണ്ടതെന്ന് പല കോവിഡ് രോഗികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതികഠിനമായ പേശീവേദന, സന്ധിവേദന, ശരീരവേദന എന്നിവ ശരീരം വൈറസിനോട് പോരാടുന്നതിന്റെ ലക്ഷണങ്ങളാണ്. വൈറസ് ശരീരത്തിലെ പ്രധാനപ്പെട്ട മസില്‍ ഫൈബറുകളെയും ടിഷ്യു ലൈനിങ്ങുകളെയും ബാധിക്കുന്നതിന്റെ ലക്ഷണമാണ് ഇത്. ശരീരത്തില്‍ അണുബാധ വ്യാപിക്കുമ്പോഴാണ് സന്ധിവേദനയും തളര്‍ച്ചയും ശരീരവേദനയും ഉണ്ടാകുന്നത്.

പനിയും വിറയലും

കടുത്ത വിറയലും പനിയും വൈറസ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് ഉണ്ടാകുന്നത്. അടുത്ത ദിവസങ്ങളില്‍ അണുബാധയുണ്ടായിട്ടുണ്ടെന്നതിന്റെ ലക്ഷണങ്ങളാണ് പനിയും വിറയലും കുളിരുമൊക്കെ.

ഓക്കാനവും ഛര്‍ദിയും

നേരത്തെ അണുബാധ ഉണ്ടായിരുന്നതിന്റെ ലക്ഷണമാണ് ഓക്കാനവും ഛര്‍ദിയും. വയറിളക്കവും ലൂസ് മോഷനും കടുത്ത അണുബാധയുടെ ലക്ഷണങ്ങളാണ്.

തലചുറ്റല്‍

വൈറസ് അണുബാധ മൂലം ന്യൂറോളജിക്കല്‍ ലക്ഷണങ്ങളും കാണാം. തലചുറ്റല്‍, തളര്‍ച്ച, ഓക്കാനം എന്നിവയൊക്കെ ഇതുമൂലം ഉണ്ടാകാം.

വൈറസിന്റെ പുതിയ വകഭേദം ബാധിച്ചവരില്‍ കേള്‍വിനഷ്ടം, പേശീവേദന, ചര്‍മത്തില്‍ അണുബാധ, കാഴ്ചയില്‍ പ്രശ്‌നങ്ങള്‍ എന്നിവ കാണാറുണ്ട്.

error: Content is protected !!