ന്യുമോണിയയെ പേടിക്കുകതന്നെ വേണം; ലക്ഷണങ്ങളും ചികിത്സയും..

കോവിഡ്– 19 വന്നതോടെ ഏറ്റവുമധികം ഭയപ്പെടുന്ന ഒരു രോഗമാണ് ന്യുമോണിയ. രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ ന്യുമോണിയ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. 

നമ്മുടെ ശ്വാസകോശത്തിലെ ഏറ്റവും ചെറിയ അറകളായ ആൽവിയോളൈയിൽ ഉണ്ടാകുന്ന അണുബാധ മൂലമുള്ള കഫക്കെട്ടിനെയും നീർക്കെട്ടിനെയുമാണ് ന്യുമോണിയ എന്നു പറയുന്നത്. ഓക്സിജൻ രക്തത്തിൽ കലരുന്നതും കാർബൺഡൈ ഓക്സൈഡ് തിരികെ എത്തുന്നതും ആൽവിയോളൈയിലാണ്. ശക്തമായ പനി, ചുമ, ശ്വാസംമുട്ട്, ശ്വാസമടുക്കുമ്പോഴുള്ള നെഞ്ചുവേദന, ക്ഷീണം, കഫത്തിൽ അപൂർവമായി നേരിയ തോതിൽ രക്തം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ന്യുമോണിയ സംശയിക്കണം

രോഗം വരുന്ന വഴി

പ്രധാനമായും, ശ്വസിക്കുന്ന വായു വഴിയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ഈർപ്പകണങ്ങളിലൂെയുമാണ് രോഗാണു പകരുന്നത്. അതിനാലാണ് മാസ്ക് ഉപയോഗിക്കാനും ചുമയ്ക്കുമ്പോൾ തൂവാല ഉപയോഗിക്കാനും നിർദേശിക്കുന്നത്. ഏതെങ്കിലും അവയവത്തിന് അണുബാധ സംഭവിച്ചാൽ അത് രക്തംവഴി ശ്വാസകോശത്തിലേക്കു കടക്കാം. മറ്റു പല രോഗങ്ങളാൽ അണുബാധ ഉണ്ടാകുന്നവരിൽ മരണം ന്യുമോണിയ മൂലമാകാനുള്ള കാരണം ഇതാണ്. ബാക്ടീരിയൽ, വൈറൽ, ഫംഗൽ എന്നീ മൂന്നുതരം ന്യുമോണിയ കാണപ്പെടുന്നുണ്ട്. 

ന്യുമോണിയ വളരെ പെട്ടെന്നുതന്നെ രണ്ടു ശ്വാസകോശത്തിലും ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ രോഗിക്കു ശ്വാസംമുട്ടലും മാരകമായ ശ്വാസതടസ്സമുണ്ടാക്കുന്ന എആർഡിഎസ് എന്ന അവസ്ഥയും വരാൻ സാധ്യതയുണ്ട്. 

ചികിത്സ

കൃത്യമായും സമയബന്ധിതമായും കുത്തിവയ്പ് ആയോ ഗുളികയായോ നൽകുന്ന ആന്റിബയോട്ടിക് മരുന്നുകളാണ് ചികിത്സയുടെ പ്രധാനഭാഗം. ഇതിന്റെ കൂടെ രോഗിയുടെ അവസ്ഥയ്ക്ക് അനുസരിച്ച് അനുബന്ധ ചികിത്സകളും നൽകും. മരുന്നുകളോടു പ്രതികരിക്കാതെ രോഗാവസ്ഥ സങ്കീര്‍ണമായാൽ ഐസിയു പരിചരണവും വെന്റിലേറ്റർ സേവനവും അത്യാവശ്യമാണ്. അണുബാധ കൂടുമ്പോൾ ശ്വാസകോശത്തിൽ പഴുപ്പ് ഉണ്ടാകാം. 

വൈറൽ ന്യുമോണിയയുടെ പ്രധാന സങ്കീർണതയാണ് മയോകാർഡൈറ്റിസ്. ഹൃദയത്തിന്റെ പേശികളെ പ്രതികൂലമായി ബാധിച്ച് ഹൃദയമിടിപ്പിൽ വ്യതിയാനം മുതൽ പെട്ടെന്നുള്ള മരണംവരെ ഇതുമൂലം സംഭവിക്കാം. 

error: Content is protected !!